
പുതിയ ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കേരള ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന സംഘടിത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടിയാണ് നികുതിവരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും വിനിയോഗിക്കുന്നതെന്ന് കാണുമ്പോള്‍ അസംഘടിത ജനവിഭാഗങ്ങള്‍ അന്തംവിട്ടു നില്‍കുകയാണ്. ശമ്പള പരിഷ്‌ക്കരണം മൂലം വരുന്ന അയ്യായിരം കോടി രൂപയുടെ ബാധ്യത എല്ലാ ജനവിഭാഗങ്ങളും വഹിക്കേണ്ടി വരുമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുത്. രാഷ്ട്രീയകക്ഷികള്‍ക്ക് കുഴലൂതുന്ന സംഘടിത സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ കാര്യസാധ്യത്തിനായി മാത്രം നിലകൊള്ളുന്നവരാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം എത്ര കൂട്ടിക്കൊടുത്താലും സാധാരണ ജനങ്ങള്‍ക്ക് അതില്‍ വിഷമം തോന്നേണ്ടതില്ല. പക്ഷെ റിട്ടയര്‍ ചെയ്തു പെന്‍ഷന്‍ വാങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ വരുമ്പോള്‍ അതേപോലെ ജീവിക്കാന്‍ അര്‍ഹതയുള്ള ലക്ഷക്കണക്കിനു പ്രായാധിക്യമുള്ള അവശരും ആലംബഹീനരുമായ ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറക്കരുത്. അതുകൊണ്ട് പെന്‍ഷന്‍ എല്ലാവര്‍ക്കും ഏകീകരിക്കുക എന്നതാണ് ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയില്‍ ഉണ്ടാകേണ്ടത്. ആയതിനാല്‍ ഒരു കുടുംബത്തിലെ 60 വയസ്സ് കഴിഞ്ഞ ഒരാള്‍ക്കെങ്കിലും പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും മുഖം തിരിഞ്ഞു നില്‍ക്കുന്നത് ഖേദകരമാണ്.
ഫ്രാന്‍സിസ് മാളിയേക്കല്‍, തൃശ്ശൂര്‍