
പി ഒ ലോനന്‍, കോന്തുരുത്തി
ലക്കം 4-ല്‍ തേലക്കാട്ടച്ചന്റെ ചിന്താജാലകത്തിലെ 'ഇസ്രായേല്‍ എന്ന അനിവാര്യ അദ്ഭുതം' എന്ന ലേഖനം കൗതുകത്തോടെയാണു വായിച്ചത്. കൗതുകമെന്നു പറയാന്‍ കാരണം ഇസ്രായേലിന്റെ അനിവാര്യതയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒന്നു രണ്ടു വര്‍ഷമായി ആ രാജ്യം കാട്ടിക്കൂട്ടുന്ന നിഷ്ഠൂരകൃത്യ ങ്ങള്‍ മറക്കാന്‍ സാധ്യമാണോ?
യുദ്ധം തുടങ്ങിവച്ചത് ഹമാസ് തീവ്രവാദികളാണെങ്കിലും മാധ്യമവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ 1500 പേരെ ഹമാസ് വധിച്ചപ്പോള്‍ 54,000 പേരെയാണ് ഇസ്രായേല്‍ കാലപൂരിക്കയച്ചത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യകര മെന്നു പറയട്ടെ ഒരു കാലത്ത് ചേരിചേരാരാഷ്ട്രമെന്നു ഖ്യാതി നേടിയ ഭാരതവും പെട്ടെന്നുതന്നെ ഇസ്രായേലിനെ പിന്തുണയ്ക്കുകയായിരുന്നു.
ഇസ്രായേല്‍ ദൈവം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് ബൈബിള്‍ പഴയ നിയമം സാക്ഷ്യപ്പെടു ത്തുന്നു. എന്നാല്‍ ഒരു രാജ്യത്തെ ഇല്ലാതാക്കാന്‍ രണ്ടും കല്പിച്ചുള്ള ഈ അരുംകൊലകള്‍ക്ക് ദൈവത്തിന്റെ കോടതി മാപ്പു കൊടുക്കുമോ? ഇല്ലെങ്കില്‍ ആ വിധിയെ തടയാന്‍ ഭൂമിയില്‍ ആര്‍ക്ക് സാധിക്കും!
ബഹു. തേലക്കാട്ടച്ചന്‍ 'ഇന്നത്തെ' ഇസ്രായേലിനെക്കുറിച്ച് ശക്തമായ പരാമര്‍ശങ്ങള്‍ നടത്തുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. യഹൂദര്‍ ഹിറ്റ്‌ലറില്‍ നിന്നും നേരിട്ട 'തുടച്ചുനീക്കല്‍' മറന്നുകൊണ്ടല്ല ഈ പറയുന്നത്. തെറ്റിനെ തെറ്റുകൊണ്ടല്ലല്ലോ നേരിടേണ്ടത്. ആ പ്രയാസം ഇവിടെ പങ്കുവച്ചു എന്നുമാത്രം.