സി എല്‍ ജോസിന്റെ 'മഷിപ്പേന'

സി എല്‍ ജോസിന്റെ 'മഷിപ്പേന'

ജോസഫ് മേലിട്ട്, വാഴക്കാല

ജീവിതമൂല്യങ്ങളില്‍ ഉറച്ചുനിന്ന് നാലു പതിറ്റാണ്ടുകാലത്തിലധികം കാലം നാടക രചനയില്‍ ചരിത്രം സൃഷ്ടിച്ച നവതി പിന്നിട്ട ഷെവലിയര്‍ സി എല്‍ ജോസ്, 'സത്യദീപ'ത്തിനായി തന്റെ പഴയ 'മഷിപ്പേന' ചലിപ്പിക്കുന്നതില്‍ സന്തോഷം. ആദ്യത്തെ രണ്ടു ലേഖനങ്ങള്‍ (വിശ്വാസ തുടര്‍ച്ച, വിശ്വാസദീപ്തി) നന്നായി. തുടര്‍ന്നുള്ള കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

ഒരുകാലത്ത് തൃശ്ശൂര്‍ അതിരൂപതയിലെ ഇടവക പെരുനാളുകളില്‍ ഒഴിച്ചു കൂടാനാവാത്തതായിരുന്നു സി എല്‍ ജോസിന്റെ നാടകങ്ങള്‍. ഇടവകയിലെ യുവജനങ്ങള്‍ തന്നെ വേഷമിട്ട് പകര്‍ന്നാടിയ നാടകങ്ങളില്‍ 'ഭൂമിയിലെ മാലാഖ'യ്ക്കാണ് ഒന്നാംസ്ഥാനം. ഈ നാടകത്തിലെ പല സംഭാഷണങ്ങളും എഴുപത്തേഴ് കഴിഞ്ഞ എനിക്കിന്നും കാണാ പാഠമാണ്!

നല്ല മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സായിട്ടും വീട്ടിലെ സാമ്പത്തിക ചുറ്റുപാടുകള്‍ കാരണം കോളജ് പഠനം ഉപേക്ഷിക്കേണ്ടി വന്ന ഹതഭാഗ്യനാണ് സി എല്‍ ജോസ്. അപ്പന്റെ ഉപദേശപ്രകാരം തൃശ്ശൂര്‍ നഗരമധ്യത്തിലെ ഒരു സ്വകാര്യ ചിട്ടികമ്പനിയില്‍ ഉദ്യോഗസ്ഥനാകേണ്ടി വന്നു. എന്നിട്ടും വായിച്ചു മുന്നേറിയ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും സനാതന മൂല്യങ്ങള്‍ നിറഞ്ഞ എണ്ണം പറഞ്ഞ നിരവധി നാടകങ്ങള്‍ പുറത്തുവന്നു. വീട്ടില്‍നിന്നും തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിന്റെ തൊട്ടുമുന്നിലുള്ള ജോസഫ് മുണ്ടശ്ശേരി റോഡിലൂടെ (അടുത്തകാലം വരെ ഈ റോഡിന്റെ പേര്‍ സെന്റ് തോമസ് കോളജ് റോഡ് എന്നായിരുന്നു) നടന്നായിരുന്നു ചിട്ടി കമ്പനിയിലേക്കുള്ള യാത്ര. ഒരു ദിവസം ജോലി സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയില്‍ കോളജിലെ ഒരു ക്ലാസ്സ് മുറിയില്‍ താന്‍ എഴുതിയ ഒരു നാടകം അധ്യാപകന്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതുകേട്ട് കുറച്ചു നേരം റോഡില്‍ നിന്നുപോയതായും, താന്‍ ഏറ്റവും സന്തോഷിച്ച ഒരു നിമിഷമായിരുന്നു അതെന്നും അദ്ദേഹം അടുത്ത അവസരത്തില്‍ എഴുതിയതു വായിച്ചു.

മഷിപ്പേനയില്‍നിന്നും ബോള്‍പേനകള്‍ ഉപയോഗിക്കുന്ന കാലമാണിപ്പോള്‍. എന്നാല്‍ താന്‍ എഴുതിയ മഷിപ്പേന ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹത്തിന് നന്മമാത്രം നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org