പള്ളി പ്രസംഗങ്ങള്‍

പള്ളി പ്രസംഗങ്ങള്‍

നമ്മുടെ പള്ളി പ്രസംഗങ്ങളില്‍ സുവിശേഷ ഭാഗത്തിന്റെ എക്‌സിജറ്റിക്കല്‍ സ്റ്റഡിസും അതിന്റെ വിശദീകരണവും മാത്രം ആകാതെ കാലഘട്ടത്തിന്റെയും തിരുസഭയുടെയും ആവശ്യങ്ങള്‍ കണ്ടുകൊണ്ടു കാലിക വിഷയങ്ങളെ അവതരിപ്പിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം. സാമൂഹികവിഷയങ്ങളേയും, സാമ്പത്തിക ഉച്ഛ നീചത്വങ്ങളേയും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകരോടുള്ള ആഭിമുഖ്യവും കര്‍ഷകര്‍ക്കുവേണ്ടിയുള്ള ശബ്ദവും പ്രസംഗങ്ങളിലുണ്ടാകണം. വിവാഹ പ്രായം 22-24 ആണെന്നും അത്യാവശ്യം പഠനം കഴിഞ്ഞാല്‍ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെന്ന പ്രമേയം പ്രസംഗങ്ങളിലൂടെ അറിയിക്കണം. 1980 മുതല്‍ 2020 വരെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് എണ്ണത്തിലും വണ്ണത്തിലും കുറവു സംഭവിച്ചിട്ടുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്തണം. രാജ്യത്തുള്ള ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി ജനങ്ങളെ പ്രസംഗത്തിലൂടെ ബോധ്യപ്പെടുത്തണം. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പ്രസംഗത്തില്‍ പറയണം. ക്രൈസ്തവാചാരാനുഷ്ഠാനങ്ങളെ പരിഹസിക്കുന്ന മാധ്യമവാര്‍ത്തകളെ തള്ളിപ്പറയാന്‍ സാധിക്കണം. ലോകത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികാസമത്വത്തെപ്പറ്റി ശക്തിയുക്തം പറയുകയും ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവു നികത്തേണ്ട കാര്യങ്ങളെപ്പറ്റിയും പറയണം. മിഷന്‍ പ്രവര്‍ത്തനം സഭയുടെ മുഖ്യദൗത്യം എന്ന് അടുക്കലടുക്കല്‍ പറയുകയും സാമ്പത്തികസഹായവും മാനവശേഷിയും മിഷന്‍ പ്രദേശങ്ങളിലെത്തിക്കേണ്ട ആവശ്യകതയും പ്രസംഗങ്ങളില്‍ ഉണ്ടാകണം. ഓരോ ആഴ്ചയിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയായിലും കാണുന്ന നീതി നിഷേധങ്ങളെപ്പറ്റി പള്ളികളില്‍ അറിയിച്ചു ബോധവാന്മാരാക്കണം. കക്ഷിരാഷ്ട്രീയത്തെ തൊടാതെ രാഷ്ട്രീയപാര്‍ട്ടികളുടെ വികലമായ വിഷയങ്ങളെ ജനങ്ങളുടെ തിരിച്ചറിവിലേയ്‌ക്കെത്തിക്കണം. സര്‍ക്കാര്‍ മേഖലയില്‍ ക്രൈസ്തവ സാന്നിദ്ധ്യത്തിന്റെ ആവശ്യം പള്ളി പ്രസംഗങ്ങളില്‍ ഉണ്ടാകണം. ഇടവകകളില്‍ വീടുകളിലേയ്ക്ക് വഴികളില്ലാത്തവര്‍ക്ക് വഴികൊടുക്കണമെന്നും നീതിനിഷേധിക്കപ്പെട്ടു കിടക്കുന്നവര്‍ക്കു നീതി കൊടുക്കണമെന്നും പറയണം. കൂടുതല്‍ ഭൂമിയുള്ളവര്‍ ഭൂമിയില്ലാത്തവര്‍ക്ക് 5 സെന്റ് വീതം നല്കണമെന്നും പറയണം. പണവും വിദ്യാഭ്യാസവും വിദേശ ജീവിതവും മാത്രമല്ല ജീവിതത്തെ സമ്പന്നമാക്കുന്നതെന്നും പിതൃത്വവും മാതൃത്വവും മറ്റും ഒന്നിനും പകരമാകില്ലെന്നു പറയാന്‍ വൈദികര്‍ മറക്കരുത്. സഭാ വളര്‍ച്ചയ്ക്കുള്ള പ്രചോദനങ്ങള്‍ പ്രസംഗങ്ങളില്‍ ഉണ്ടാകണം. 2033 ല്‍ യേശുവിന്റെ പെസഹാരഹസ്യ ജൂബിലി വര്‍ഷത്തില്‍ സഭയെ പുതിയ മേഖലയിലേയ്ക്കു എത്തിക്കാന്‍ പ്രസംഗകര്‍ ശ്രവിക്കണം. ശ്രോതാക്കളുടെ ബൗദ്ധീക നിലവാരത്തിനു മുകളില്‍ നില്ക്കണം വൈദികന്റെ പ്രസംഗം. പരന്ന വായനയും അന്വേഷണബുദ്ധിയും മാനവിയബോധവും നിര്‍ഭയമനസ്സും ഉണ്ടെങ്കില്‍ ശ്രോതാക്കള്‍ക്ക് ആവേശം ലഭിക്കും; പ്രസംഗം സ്വീകാര്യമാകും.

ഫാ. ലൂക്ക് പൂതൃക്കയില്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org