

റാഫേൽ നീലങ്കാവിൽ, Ph.D., Dr.phil.
പഴയകാലങ്ങളിലേക്കാൾ കൂടുതലായി ഇന്ന്, യുവാക്കളും യുവതികളും അഭ്യസ്തവിദ്യരും അജ്ഞേയവാദികളോ (agnostics) നിരീശ്വരവാദികളോ (atheists) ആയി മാറുന്നു. കേരളത്തിലും ഇതാണ് അവസ്ഥ യെന്ന് പൂർണബോധ്യമുണ്ട്. ആർക്കും സ്വീകാര്യമായ യുക്തികൾ നിരത്തുന്ന സിദ്ധാന്ത ങ്ങളോ വാദമുഖങ്ങളോ ഇവർക്ക് സഭയിൽ നിന്ന് ലഭ്യമാക്കുവാൻ ആരും ശ്രമിക്കുന്നില്ല എന്നത് വാസ്തവമാണല്ലോ! ‘ദൈവം ഉണ്ടോ?’, ‘ദൈവം എന്താണ്?’, ‘നമുക്ക് ആത്മാവുണ്ടോ?’, ‘ആത്മാവ് എന്തായിരി ക്കാം?’ ‘മതത്തിന്റെ അടിസ്ഥാന അർത്ഥവും അടിത്തറയും എന്താണ്?’, ‘മതത്തിന്റെ അർത്ഥം നമ്മിലെങ്ങനെ സാക്ഷാൽക്കരിക്കാം?’ ‘പ്രാർത്ഥന എന്താണ്?’ ‘സ്നേഹമെന്നാൽ യഥാർത്ഥത്തിൽ എന്താണ്?’ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്നത്തെ യുവജനങ്ങളും അഭ്യസ്തവിദ്യരും നിശ്ശബ്ദമായി തേടുന്നു.
പ്രഥമമായും ഇവയാണ് മതത്തിന്റെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളു ടെയും അടിസ്ഥാനം എന്നവർക്ക് നന്നായ റിയാം. ഇത്തരം സംശയങ്ങൾക്ക് ഇന്റർനെറ്റിൽ ലഭ്യമായ ഉത്തരങ്ങളിൽ ഭൂരിഭാഗവും നിരീശ്വരമാണ്, അല്ലെങ്കിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവ യാണ്. ഈ വിഷയങ്ങളിൽ യുവതീയുവാക്കൾക്കായി ഹ്രസ്വമോ ദീർഘമോ ആയ ചർച്ചാക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ മെത്രാന്മാരും വൈദികരും യാതൊരു താല്പര്യവും പ്രകടിപ്പിക്കുന്നില്ല എന്ന സത്യം കൂടുതൽ വിശ്വാസ്യമായി അറിഞ്ഞു തുടങ്ങിയിരിക്കുന്നു നാമെല്ലാം. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നല്കാൻ രൂപതകളിലും സന്യാസസഭകളിലും ആരുമില്ലാതിരിക്കുമോ? എന്നാൽ ആഘോഷങ്ങൾ, ആരാധനകൾ, വൈദികർക്ക് ചെയ്യുവാൻ എളുപ്പമുള്ള മറ്റ് പ്രാർത്ഥനാശുശ്രൂഷകൾ എന്നിവ സംഘടിപ്പിക്കാൻ അവർക്ക് ധാരാളം സമയമുണ്ട്.
ഇവയ്ക്കായി മാത്രമാണോ ജനങ്ങൾ ദേവാലയത്തിൽ വരേണ്ടത്? ഇക്കാരണത്താൽ കൂടിയാണ് യൂറപ്പിലും അമേരിക്കയിലും ദൈവവിശ്വാസം തുടച്ചുനീക്കപ്പെടുന്നത്. അതിനുള്ള പരിഹാരമായി അഭ്യസ്തവിദ്യർക്കും മറ്റു ജനങ്ങൾക്കും കൊടുക്കുവാൻ ഒന്നുമില്ലേ നമുക്ക്? വിദ്യാസമ്പന്നരായ യുവതലമുറയിലും ചിന്തിക്കുന്ന എല്ലാ മനുഷ്യരിലും സഭയ്ക്കിന്നു സ്വാധീനം നഷ്ടപ്പെടുകയാണ്, പ്രശ്നം മൂർഛിക്കുകയാണ്, എന്നാരും തിരിച്ചറിയുന്നില്ലേ? പലതും കാണുമ്പോൾ അവർ നിഷ്പക്ഷത അവലംബിക്കുന്നു. യുവത അതിവേഗം അജ്ഞേയവാദികളും നിരീശ്വരവാദികളും ആയി മാറിക്കൊണ്ടിരിക്കുന്നു. നാളെ അവരും അവരുടെ മക്കളും മാത്രമേ ബാക്കിയുള്ളൂ എന്നാരും ചിന്തിക്കുന്നില്ലേ?
യുവാക്കൾക്ക് ഒത്തുചേരാനും രസകരമായ ചില കാര്യങ്ങൾ ചെയ്യുവാനും അത്തരം പുണ്യപ്രവൃത്തികളിൽ ഏർപ്പെടുവാനും അവസരമൊരുക്കുക എന്നതു മാത്രമാണോ നമ്മുടെ യുവജനശുശ്രൂഷ (youth ministry) ഉദ്ദേശിക്കുന്നത്? ചിന്തിക്കുന്ന ആരെങ്കിലും അതിനെല്ലാം വരുമോ? എങ്ങനെയെങ്കിലും ജനങ്ങളുടെ ശ്രദ്ധ സോഷ്യൽ മീഡിയയിൽനിന്ന് വിടർത്തിയെടുത്താൽ എല്ലാവരും വിശ്വാസികളായി മാറിക്കൊള്ളും എന്നാണോ പലരും ചിന്തിക്കുന്നത്? അതിനേക്കാൾ എത്രയോ എളുപ്പമാണ് അവരുടെ ശ്രദ്ധയും ചിന്താരൂപങ്ങളും ദൈവത്തിലേക്കു തിരിക്കുവാൻ ശ്രമിക്കുന്നത്? അതിനായി, ചീറിപ്പായുന്ന പ്രാർത്ഥനകളും പാട്ടുകളും മാത്രം മതിയോ? സഭയ്ക്കും മെത്രാന്മാർക്കും വൈദികർക്കും സന്ന്യസ്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമൊന്നുമില്ലേ...?