ക്രൈസ്തവ സാഹിത്യലോകവും സഭയും

ക്രൈസ്തവ സാഹിത്യലോകവും സഭയും
Published on
  • ഡോ. കുര്യാസ് കുമ്പളക്കുഴി

ഡിസംബര്‍ 17 ലക്കം സത്യദീപത്തില്‍ റവ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ എഴുതിയിരുന്ന 'ക്രിസ്ത്വനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി? സഭയിലെ സാഹിത്യത്തിന്റെ ഇടം' എന്ന ലേഖനം അഭിനന്ദനാര്‍ഹമാണ്. ഞങ്ങള്‍ അല്‍മായരുടെ മനസ്സില്‍ കാലങ്ങളായി നുരഞ്ഞുനില്‍ക്കുന്ന പ്രതിഷേധ വികാരങ്ങളാണ് മാര്‍ട്ടിനച്ചന്റെ വരികളില്‍ തെളിയുന്നത്. സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്നതു സഭയുടെ ദൗത്യമല്ലെങ്കിലും അവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യാനുള്ള വിവേകമെങ്കിലും സഭാധികൃതരില്‍ നിന്നുണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അതുണ്ടാവുന്നില്ല എന്നു മാത്രമല്ല, സഭാവിരുദ്ധതയുടെ പഴുതുകള്‍ ചികഞ്ഞു കണ്ടെത്തി ക്രൈസ്തവരായ എഴുത്തുകാരെപ്പോലും അവഗണിക്കാനും നിന്ദിക്കാനും ബഹിഷ്‌കരിക്കാനുമുള്ള ചരിത്രപരവും സാംസ്‌കാരികവുമായ വിഡ്ഢിത്തം പലപ്പോഴും സഭാനേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടുതാനും. അത്തരമൊരു വിഡ്ഢിത്തത്തിന്റെ ഇരയാണ് എം പി പോള്‍. ഒപ്പമുണ്ട്, ജോസഫ് മുണ്ടശ്ശേരിയും സി ജെ തോമസും പൊന്‍കുന്നം വര്‍ക്കിയുമൊക്കെ.

എം പി പോള്‍ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അതിന്റെ വാചാലമായ തെളിവാണ് അദ്ദേഹത്തിന്റെ ആസ്തിക്യവാദം എന്ന ഗ്രന്ഥം. ഇതൊന്നു മറിച്ചു നോക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെയും ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെയും അക്കാലത്തെ മേലധികാരികള്‍ തങ്ങള്‍ പോളിനോടു ചെയ്തതു മഹാപാപമായിരുന്നു എന്നു തിരിച്ചറിയുമായിരുന്നു. എസ് ബി യില്‍ നിന്നു പുറത്താക്കപ്പെട്ട എം പി പോള്‍ പിന്നീട് കോളേജിനൊരു പ്രതിസന്ധിയുണ്ടായപ്പോള്‍, അന്നു വൈസ് പ്രിന്‍സിപ്പലായിരുന്ന ഫാ. വില്യം സി എം ഐ യുടെ അഭ്യര്‍ഥന മാനിച്ചു തിരികെ ചെന്ന് അവരെ സഹായിക്കുകയുണ്ടായി. ഇതേപ്പറ്റി നേരിട്ടു ചോദിച്ച പ്രൊഫ. എസ് ഗുപ്തന്‍ നായരോട്, that was my christian revenge എന്നാണത്രെ അദ്ദേഹം മറുപടി നല്കിയത്.

'കട്ടക്കയം ക്രൈസ്തവ കാളിദാസന്‍' എന്ന പരിഹാസപദ്യത്തെപ്പറ്റി ലേഖകന്‍ പറയുന്നതിലും ഒരു തിരുത്തല്‍ ആവശ്യമുണ്ട്. അതെഴുതിയതു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനല്ല. ക്രിസ്തുമതത്തോടു വളരെ ആദരവുണ്ടായിരുന്ന കേരള വര്‍മ്മ ഒരിക്കലും അങ്ങനെ കട്ടക്കയത്തെ പരിഹസിക്കുമായിരുന്നില്ല.

ശ്രീയേശു വിജയം മഹാകാവ്യം പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത്, 1926 മെയ് 18 ലെ നസ്രാണി ദീപികയില്‍ ടി കെ ജോസഫ്, ബി എ എല്‍ റ്റി എന്ന പണ്ഡിതന്‍ പ്രസിദ്ധപ്പെടുത്തിയ ഒരു സമസ്യയാണ് കട്ടക്കയം ക്രൈസ്തവ കാളിദാസന്‍. ഒരു പദ്യത്തിന്റെ നാലാം പാദമായിട്ടാണതു വിഭാവനം ചെയ്തിരുന്നത്.

ആ നാളുകളിലായിരുന്നു തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ 97-ാം വാര്‍ഷികാഘോഷം. അതില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സഹിത്യ പഞ്ചാനനന്‍ പി കെ നാരായണപിള്ള പ്രസംഗത്തിനിടയില്‍ ചൊല്ലിയതാണ് കുപ്രസിദ്ധമായ ആ പരിഹാസ പദ്യം. മുന്‍പറഞ്ഞ സമസ്യയുടെ 38 പൂരണങ്ങള്‍ 1926 ജൂണ്‍ 08 ലെ ദീപികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൊന്നുപോലും ആരെങ്കിലും ചൊല്ലിയോ ഉദ്ധരിച്ചോ ഞാന്‍ കേട്ടിട്ടുമില്ല; കണ്ടിട്ടുമില്ല. കട്ടക്കയത്തെ ഇഷ്ടപ്പെടുന്നവര്‍ പോലും കഥയറിയാതെ ഈ പദ്യം ഉദ്ധരിച്ചു പരിഹാസ്യരാകുന്നതും ഞാന്‍ പലവട്ടം കണ്ടിട്ടുമുണ്ട്! ഇതാണു ക്രൈസ്തവ സാഹിത്യപ്രേമികളുടെ സാഹിത്യബോധം!

ഈ 'അശ്ലീല'ശ്ലോകം ദയവുചെയ്തു പൊതുവേദിയില്‍ ചൊല്ലരുതെന്നു പലരോടും ഞാന്‍ സ്‌നേഹപൂര്‍വം തടഞ്ഞു പറഞ്ഞിട്ടുമുണ്ട്.

1952 ജൂലൈ 12 ന് തിരുവനന്തപുരത്തായിരിക്കെയാണ് എം പി പോള്‍ മരണമടയുന്നത്. പാളയം പള്ളിയുടെ പാറ്റൂര്‍ സെമിത്തേരിയിലെ തെമ്മാടിക്കുഴിലായിരുന്നു സംസ്‌കാരം. പില്‍ക്കാലത്തു സെമിത്തേരി വികസിപ്പിച്ചപ്പോള്‍ തെമ്മാടിക്കുഴി മധ്യഭാഗത്തായി. അവിടെ ഒരു കല്ലറ പണിയാന്‍ സഭാധികാരികള്‍ പോളിന്റെ ബന്ധുക്കള്‍ക്ക് അനുവാദം നല്കി. അങ്ങനെ ഉപേക്ഷിച്ചു കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്ന പരിണാമമാണു പോളിന്റെ തെമ്മാടിക്കുഴിക്കുണ്ടായത്!

ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കലിനെ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org