ക്രൈസ്തവാക്രമണം

ക്രൈസ്തവാക്രമണം

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും, സന്യാസിസന്യാസിനികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ മത പരിവര്‍ത്തന നിരോധനനിയമം തന്നെ പാസ്സാക്കുന്നുമുണ്ട്. എന്തു കൊണ്ടാണ് 2.3% മാത്രം വരുന്ന, പല വിഭാഗങ്ങളായി വിഭജിച്ചു നില്‍ക്കുന്ന ക്രൈസ്തവരെ ഇത്രമാത്രം ഭയപ്പെടുന്നത്. അവര്‍ എത്ര മാത്രം ശ്രമിച്ചാലും അവര്‍ക്കു അധികം വളരാന്‍ കഴിയില്ല. ഇന്ത്യയില്‍ എല്ലാ സ്ഥലങ്ങളിലും ആതുര വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ വിഭാഗം സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയും മറ്റും ഉള്‍പ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന് അറിയാവുന്നതാണ്. എന്നിട്ടും അവര്‍ ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നില്ല എന്നത് ക്രൈസ്തവര്‍ വലിയ വിഷമത്തോടെയാണ് കാണുന്നത്. മറ്റു ചില രാഷ്ട്രങ്ങളില്‍ ഹൈന്ദവര്‍ക്കെതിരെ ആക്രമണം ഉണ്ടായപ്പോള്‍ ഇന്ത്യയിലും അതിനെതിരെ പ്രതിഷേധം ഉണ്ടായി. അത് ന്യായം തന്നെയാണ്. അതെ വികാരം ഇവിടെ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം ഉണ്ടാകുമ്പോഴും ഉണ്ടാകണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ആരും അംഗീകരിക്കേണ്ട കാര്യമില്ല. അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ പണവും, സ്ഥാനവും, ഭീഷണിയും ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലുമാറ്റങ്ങളെയും നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. അതിന് ആരെങ്കിലും തയ്യാറാകുമോ.

ഈ വര്‍ഷം ജിദ്ദയില്‍ ആദ്യമായി ക്രിസ്മസ് ആഘോഷിച്ചു. ബഹ്‌റിനില്‍, രാജാവ് വലിയ ക്രിസ്ത്യന്‍പള്ളി പണിയാന്‍ അനുവദിച്ചു. അതിന്റെ ഉദഘാടനവും നടത്തി, എമിരേറ്റ്‌സ് രാജ്യങ്ങളിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും, ആരാധന നടക്കുന്നു. ഇപ്പോള്‍ അവിടെ ഞായറാഴ്ച അവധി ദിവസവും ആക്കി. ലോകത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മറ്റു സമുദായക്കാര്‍ക്കു പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും തടസ്സം ഉള്ളതായും കണ്ടിട്ടില്ല. ലോകത്തില്‍ എല്ലാ സ്ഥലങ്ങളിലേക്കും ക്രിസ്മസ് ആഘോഷത്തിനുള്ള സാമഗ്രഹികള്‍ കയറ്റി അയക്കുന്ന ചൈന, സ്വന്തം രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്തിനാണ് അവര്‍ ക്രിസ്തുവിനെ ഇത്രമാത്രം ഭയക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.

അതിനാല്‍ ഇന്ത്യയിലെ ഭരണാധികാരി കള്‍, ക്രൈസ്തവാക്രമണത്തെ അധിക്ഷേ പിച്ചാല്‍ പോരാ, അതിനെ ശക്തമായി നേരിട്ട് പരാജയപ്പെടുത്തണം. ഇന്ത്യയിലും ഏതു വിശ്വാസം പിന്തുടരുന്നവര്‍ക്കും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രാര്‍ത്ഥിക്കാനും, പ്രവര്‍ത്തിക്കാനും തടസ്സങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇന്ത്യയിലെ എല്ലാ മതത്തിലുംപെട്ട യുവാക്കള്‍ക്ക് വിവിധ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടതാണ് എന്ന ബോധവും ഉണ്ടാക്കി കൊടുക്കണം. ചിലരുടെ വിഘടിത പ്രവര്‍ത്തനം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്.

ഈ ദിവസങ്ങളിലും നാം കാണുന്ന കാഴ്ചയാണ്, ക്രൈസ്തവ പീഡനങ്ങളെ എതിര്‍ക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍, ക്രൈസ്തവരുടെ പരിപാടികളില്‍ പങ്കെടുത്ത് അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതും, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെപോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ മഹത്വപ്പെടുത്തുന്നതും. എന്നിട്ടും അത്തരം വേദികളില്‍ നാം അനു ഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളുടെ ഒരു ചെറു വിവരണം പോലും നടത്താന്‍ നാം തയ്യാറാകുന്നില്ല എന്നത് വിശ്വാസികള്‍ക്ക് സന്തോഷമല്ല പ്രധാനം ചെയ്യുന്നത്.

ക്രൈസ്തവ സഭകളുടെ നേതാക്കള്‍ തമ്മില്‍ത്തല്ല് നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. പത്രപ്രസ്താവന ഇറക്കി സായൂജ്യം അടയുന്നതില്‍ അര്‍ത്ഥമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org