
ജയിംസ് ഐസക്ക്
സീറോ മലബാര്‍ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും ചരിത്രവഴികള്‍ ചിന്തിക്കുന്നത് ഇപ്പോള്‍ ദുഃസ്വപ്നങ്ങള്‍ക്കു കാരണമായിതീരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ ആദ്യനാട്ടു മെത്രാനായിരുന്ന മാര്‍ മാത്യു മാക്കീല്‍ തെക്കുംഭാഗക്കാരനായതുകൊണ്ട് ചങ്ങനാശ്ശേരിയില്‍ തുടരാന്‍ ക്ലേശിച്ചു. അദ്ദേഹം പരിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പയെ നേരിട്ടു കണ്ട് എല്ലാ സങ്കടങ്ങളും അറിയിച്ചതിന്റെ ഫലമായി താന്‍ ഉള്‍പ്പെട്ട തെക്കുംഭാഗക്കാര്‍ക്കായി പ്രത്യേ ക രൂപത അനുവദിക്കപ്പെട്ടു. അക്കാലത്തെ ഒരു വലിയ പ്രശ്‌നം അന്നു പരിഹരിക്കപ്പെട്ടു. എന്നാല്‍ ക്‌നാനായ വംശത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനുള്ള വ്യഗ്രത ഇന്നു കോട്ടയം രൂപതയില്‍ മറ്റൊരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കയാണ്. കല്‍ദായ വല്‍ക്കരണത്തിന്റെ പേരില്‍ ഇന്ന് ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പ ള്ളി രൂപതകളില്‍ നടപ്പിലാക്കുന്ന എല്ലാ പാരമ്പര്യങ്ങളും ആരാധനക്രമത്തിലെ സുറിയനി പാരമ്പര്യങ്ങളും വാസ്തവത്തില്‍ പേര്‍ഷ്യന്‍ സഭയില്‍ നിന്നു കുടിയേറിയ ക്‌നാനായക്കാരുടെ സ്വന്തം കാര്യങ്ങളാണ്. അതെല്ലാം ആവേശപൂര്‍വം ഏറ്റെടുത്ത് ഇന്നത്തെ തലമുറയില്‍ കലഹം വളര്‍ത്തുന്നത് സീറോ മലബാര്‍ സഭയിലെ വടക്കുംഭാഗ വിഭാഗമാണ്. തെക്കും ഭാഗര്‍ക്ക് ആരാധനക്രമത്തെചൊല്ലി വലിയ അവകാശവാദം ഒന്നുമില്ല. വിദേശത്തേ ക്കു കുടിയേറുന്ന പുതിയ തലമുറ ഈ സുറിയാനി പരവേശം നിലനിര്‍ത്തുമെ ന്നും തോന്നുന്നില്ല. ക്‌നാനായ ഇടവകകള്‍ ചെറുതാകുമ്പോള്‍ വടക്കുംഭാഗര്‍ സുറിയാനി പാരമ്പര്യങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. മാര്‍ഗം കളി, മൈലാ ഞ്ചിപ്പാട്ട്, നടതുറക്കല്‍, കച്ച തഴുകല്‍, കി രീടം വാഴ്ത്തല്‍, നടവിളി എന്നിവയെല്ലാം സുറിയാനി പാരമ്പര്യങ്ങളായി വടക്കുംഭാ ഗര്‍ ഏറ്റെടുത്തു തുടങ്ങി. എല്ലാ കല്‍ദായ പാരമ്പര്യങ്ങളും നിര്‍ബന്ധിതമാകുന്നു.
അപ്പസ്‌തോലനായ തോമാശ്ലീഹാ കേരളത്തില്‍ വന്നു ഭാരതീയ പശ്ചാത്തലത്തില്‍ സഭ സ്ഥാപിച്ചു. മൂന്നാം നൂറ്റാണ്ടില്‍ കോപ്റ്റിക് സഭയില്‍ നിന്നുവന്ന പന്തേന്നൂസ് എന്ന സഭാ ശ്രേഷ്ഠന്‍ ഇവി ടെ ഭാരതത്തില്‍ ഇരുന്നുകൊണ്ടു സുവിശേഷം ശ്രവിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ കണ്ടു എന്നു രേഖപ്പെടുത്തിയതായി വായിച്ചിട്ടുണ്ട്. അതില്‍നിന്നു മനസ്സിലാകുന്നത് ഭാരതീയ പാരമ്പര്യങ്ങളിലാണ് ഇവിടെ ക്രിസ്തുമതം വളര്‍ന്നതെന്നാണ്. കാവി വസ്ത്രവും രുദ്രാക്ഷവും ക്രിസ്ത്യന്‍ പുരോഹിതരും സന്യാസികളും അണിഞ്ഞിരുന്നു. അതു തന്നെയാ ണു വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കര്‍ദിനാല്‍ പാറേക്കാട്ടിലും ഫാ. അമലോത്ഭവ ദാസും ഇവിടെ പരീക്ഷിച്ചത്. ഇന്നു പല ഉത്തരേന്ത്യന്‍ മിഷന്‍ കേന്ദ്രങ്ങളിലും ഭാരതീയ വേഷവും അചാരങ്ങളും പാലിക്കപ്പെടുന്നു. സാര്‍വത്രിക സഭയില്‍ ഭാര ത വല്‍ക്കരണത്തിനു നിരോധനം ഒന്നുമില്ല. എന്നാല്‍ ജനാഭിമുഖമായി വൈദികന്‍ ബലി അര്‍പ്പിക്കുന്നതു മഹാ അപരാധമെന്നാണ് നമ്മുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചത്.
തിരുസഭയുടെ ചരിത്രത്തില്‍ ചില കറുത്ത അധ്യായങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. സീറോ മലബാര്‍ സഭയിലും ചില സ്‌ഫോ ടനങ്ങള്‍ സംഭവിച്ചേ തീരൂ എന്നാണ് ചിലരുടെ മോഹം.
സാര്‍വത്രിക സഭയില്‍ ബഹുഭൂരിപക്ഷവും ജനാഭിമുഖ കുര്‍ബാന സ്വീകരിച്ചുവെങ്കില്‍ എറണാകുളം-അങ്കമാലി അ തിരൂപതയിലും അതു അംഗീകരിക്കപ്പെടുന്നതില്‍ എന്താണു കുഴപ്പം?
മാര്‍ മാക്കില്‍ പിതാവിനു സ്വന്തമായി ഒരു രൂപത അനുവദിക്കപ്പെട്ടതുപോലെ എറണാകുളത്തിനു മാത്രമായി ജനാഭിമുഖ കുര്‍ബാന അനുവദിച്ചുകൊണ്ട് പുതിയ രീതി പ്രഖ്യാപിക്കപ്പെടുമെന്നാണു നല്ലവരായ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം.