സഭയും സാമൂഹ്യബോധവും

വര്‍ഗ്ഗീസ് സി. അഗസ്റ്റിന്‍, കറുകുറ്റി
സഭയും സാമൂഹ്യബോധവും

സത്യദീപത്തില്‍ ഫാ. ജോസ് വള്ളിക്കാട്ട് എഴുതിയ സഭയുടെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുള്ള ലേഖനമാണ് ഈ കത്തിനാധാരം. പ്രസ്തുത ലേഖനത്തില്‍ അദ്ദേഹം, രാഷ്ട്രീയത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടും, കത്തോലിക്കര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട രീതികളെക്കുറിച്ചും, പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചും, വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം സ്പര്‍ശിക്കാത്ത എന്നാല്‍ ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമായ അല്പം കാര്യങ്ങള്‍ കൂടി പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നു.

മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു സമൂഹ ജീവിയാണ്. പരിണാമപരമായി കൈവന്ന ഒരു അവസ്ഥാവിശേഷമാണ് അത്. സമൂഹത്തിലെ കൂട്ടായ്മകളിലാണ് അവന്‍ സ്വന്തം സത്വം ക ണ്ടെത്തുന്നത്. മതം മനുഷ്യന്റെ ഏറ്റവും അടി സ്ഥാനപരവും ഏറ്റവും പ്രാചീനവുമായ കൂട്ടായ്മ രൂപമാണ്.

മതത്തിനു അതിന്റെ ആത്മീയ മാനം പോലെ തന്നെ അതിശക്തമായ സാമൂഹിക മാനവും ഉണ്ട്. ഈ സാമൂഹിക മാനത്തില്‍ ആണ് സമുദായം എന്ന യാഥാര്‍ഥ്യം പ്രസക്തമാകുന്നത്. മനുഷ്യന്റെ സാമൂഹികമായി എല്ലാ ഇട പെടലുകളിലും അത് സ്വാധീനം ചെലുത്തുന്നു.

കുടുംബം പോലെ മനുഷ്യന്റെ സ്വത്വ ബോധത്തെ നിര്‍ണയിക്കുന്ന, സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന മറ്റൊരു institution ഇല്ല. മതത്തിന്റെ സാമൂഹികമായ മാനങ്ങളെ സ്പര്‍ശിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാതെ, സമുദായത്തിന്റെ പേരിലുള്ള രാഷ്ട്രീയമായ സാമൂഹിക ഇടപെടലുകളെ പൂര്‍ണമായും വിമര്‍ശിക്കുന്നത് വസ്തുതാപരം ആവില്ല.

എന്തുകൊണ്ട് ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷം ഇത്രയും കലുഷിതമായി മാറി? കേരളസമൂഹത്തിന്റെ അടിസ്ഥാന ഘടനയുടെ തുലനാവസ്ഥയില്‍ വന്ന ചില മാറ്റങ്ങളാണ് ഇതിനു നിദാനം.

ഒന്നാമതായി, കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാപരമായ അനുപാതം ഒരു കാലഘട്ടം വരെ ഏകദേശം തുല്യമായിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വന്ന വലിയ മാറ്റം സാമൂഹികമായി ഉണ്ടായിരുന്ന സന്തുലിതാവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. ഈ അസന്തുലിതാവസ്ഥ സാമൂഹികവും, സാംസ്‌കാരികവും, വിദ്യാഭ്യാസപരവും ഭരണപരവുമായ പല മേഖലകളിലും ക്രിസ്ത്യന്‍ യുവത്വത്തിന്റെ ഇടയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും ഉണ്ടാകാന്‍ ഇടയായിട്ടുണ്ട്. പോരാത്തതിന് പൊതുവെ ക്രിസ്ത്യന്‍ സമുദായത്തെ ഒരുമിച്ച് നിര്‍ത്തി ആരോഗ്യകരമായ രാഷ്ട്രീയ വിലപേശല്‍ നടത്താന്‍ കഴിയുന്ന ഒരു പൊതു പ്ലാറ്റ്‌ഫോമോ നേതൃത്വമോ ഇല്ലാത്തതും ഈ അസ്വസ്ഥതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഒരു പരിധി വരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിഷമായി വമിക്കുന്നത്, പല fringe ഗ്രൂപ്പുകളുടെയും വളര്‍ച്ചയ്ക്കുള്ള ഇന്ധനവും ഈ frustration ആണ്.

രണ്ടാമത്തെ കാരണം സാമൂഹിക മേഖലകളില്‍ നിലനിലനില്ക്കുന്ന അവസര നിഷേധമാണ്, പ്രത്യേകിച്ചും റിസര്‍വേഷന്‍ പോലുള്ള സംവിധാനങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍. സാമൂഹികമായി ഒരിക്കല്‍ വളരെ മുന്നില്‍ ആയിരുന്നു ക്രിസ്ത്യാനികള്‍, വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ബ്രഹത്തായ നിക്ഷേപം ആണ് ഇതിനു നിദാനം. എന്നാല്‍ ഇതുകൊണ്ടു ഉണ്ടായ mileage ഒരു പരിധിക്കപ്പുറം ഒരു മുതല്‍കൂട്ടാക്കി മാറ്റാന്‍ ക്രിസ്ത്യന്‍ സമുദായത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ അന്ന് സാമൂഹികമായി പിന്നില്‍ ആയിരുന്നവര്‍ ഇന്ന് വിദ്യാഭ്യാസത്തിലും സാമ്പത്തിക മേഖലകളിലും വളരെ മുന്നിലാണ്, അതിനു അവരെ സഹായിച്ച ഘടകങ്ങള്‍ വിദ്യാഭ്യാസത്തിലും സമൂഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലും അവര്‍ക്കു ലഭിച്ച സംവരണവും, ഗള്‍ഫ് പണവും അതുപോലെ സമുദായപരമായ കെട്ടുറപ്പുമാണ്. എന്നാല്‍ ഈയൊരു ഗുണവിശേഷങ്ങളൊന്നുമില്ല ഒന്നുമില്ലാത്ത ക്രിസ്ത്യന്‍ സമൂഹം നഷ്ടബോധത്തിന്റെ നീറ്റല്‍ അനുഭവിക്കുന്നുണ്ട്.

മൂന്നാമതായി സാംസ്‌കാരിക മേഖലകളില്‍ ഏകപക്ഷീയമായ ഒരു ധ്രുവീകരണം സംഭവിക്കുന്നുണ്ട്. കലകളിലും ഭക്ഷണത്തിലും ആഘോഷങ്ങളിലും മറ്റു പല മേഖലകളിലും ഈ മാറ്റം പ്രകടമാണ്. മറ്റു സമുദായങ്ങളുടെ സാംസ്‌കാരികമായ സംഭാവനകളെ തമസ്‌കരിച്ചും, ഏകപക്ഷീയമായി ഒരു സമുദായത്തിന്റെ സംഭാവനകളെ പര്‍വതീകരിച്ചും ചിത്രീകരിക്കാനുള്ള ശ്രമങ്ങളും, മറ്റു സമുദായങ്ങളുടെ മതപരവും സാമൂഹികവുമായ അടയാളങ്ങളെയും സംവിധാനങ്ങളെയും താറടിക്കുന്നതും നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.

സഭ എന്ന കൂട്ടായ്മയ്ക്ക് ഈ അവസ്ഥ ഉണ്ടാകാന്‍ ഇടയായ ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകാന്‍ സാധിക്കില്ല. സഭയ്ക്ക് രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോഴും സഭ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. നേരത്തെ പറഞ്ഞ സമുദായം ആണ് ആ സാമൂഹിക രൂപം. ആരോഗ്യകരമായ ഒരു സാമൂഹിക ഇടപെടലിന് സഭയുടെ ബ്രഹത്തായ സംവിധാനം തീര്‍ച്ചയായും ഉപയോഗപ്രദമാക്കാനുള്ള ഉത്തരവാദിത്തം പുരോഹിതരും അല്മായരും അടങ്ങുന്ന സഭയുടെ നേതൃത്വത്തിന് ഉണ്ട്. മനുഷ്യന്‍ എന്ന ധനം ആണ് ഏതൊരു സമൂഹത്തിന്റെയും ഏറ്റവും വലിയ ധനം, അതിനെ ശാക്തീകരിക്കേണ്ടത് സമൂഹത്തിന്റെ നിലനില്പിന്റെ ആവശ്യം കൂടി ആണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org