കുടുംബങ്ങളെ മാനിക്കണം

കുടുംബങ്ങളെ മാനിക്കണം
  • പയസ് ആലുംമൂട്ടില്‍

നാം കുടുംബം ഒന്നായിരിക്കേണ്ടതിന്റെ മാഹാത്മ്യം എടുത്തു പറയാറുണ്ട്. അത് വളരെ അത്യാവശ്യമാണ്. അത് എല്ലാം രംഗങ്ങളിലും സാധ്യമാക്കാന്‍ നാം പ്രത്യേകിച്ച് ക്രൈസ്തവര്‍ പരിശ്രമിക്കുകയും വേണം. ഞാന്‍ ഇതു പറയുന്നത് ചില പ്രത്യേക കാരണങ്ങളാലാണ്. നമ്മടെ കേരളത്തിലെ ദേവാലയങ്ങളില്‍ പരമ്പരാഗതമായി സ്ത്രീകളും പുരുഷന്മാരും രണ്ടു സ്ഥലങ്ങളിലാണ് ആരാധനയ്ക്കായി നില്‍ക്കാറുള്ളത്. ഒരു പ്രദക്ഷിണം തുടങ്ങിയാല്‍ ആദ്യം കേള്‍ക്കുന്നത് കുട്ടികള്‍ ആദ്യം, പിന്നെ സ്ത്രീകള്‍, പിന്നീട് പുരുഷന്മാര്‍. പക്ഷെ, ഇവര്‍ എല്ലാവരും പള്ളിയില്‍ വരുന്നത് ഒരുമിച്ചാണ്. പള്ളിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് അവരെ മൂന്നായി തരം തിരിക്കുന്ന രീതിയാണ് നാം പിന്തുടരുന്നത്. ഇന്നത്തെ ജനം എല്ലാ പ്രായത്തില്‍ ഉള്ളവരും ഒരുമിച്ച് നില്‍ക്കാനാണ് താത്പര്യം കാണിക്കന്നത്.

കേരളത്തിന് പുറത്തുള്ള ചില സ്ഥലങ്ങളില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ കാണുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചു വരുന്നു ഒരേ ബെഞ്ചില്‍ ഇരിക്കുന്നു എന്ന രീതിയാണ്. ഏറ്റവും മനോഹരം സമാധാനം ആശംസിക്കാന്‍ പറയുമ്പോള്‍ കുടുംബാംഗങ്ങള്‍ മൊത്തം പരസ്പരം കൈകോര്‍ത്ത് ആശംസിക്കുന്നതാണ്.

അതുപോലെ തന്നെ കൊച്ചുകുട്ടികളുമായി വരുന്നവര്‍ക്ക് ദേവാലയത്തിന്റെ പുറകുവശത്ത് ഗ്ലാസ് ഇട്ട മുറിയുണ്ട്. അവര്‍ക്ക് അവിടെ നില്‍ക്കാം. അവരുടെ ശബ്ദവും, കളികളും, മറ്റുള്ളവരുടെ പ്രാര്‍ത്ഥനയെ ബാധിക്കുന്നില്ല. കൂടാതെ പാല് കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി അതിനുള്ള സൗകര്യങ്ങളും. നമ്മുടെ നാട്ടില്‍ പുതിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. അത് കുടുംബവുമായി വരാന്‍ എല്ലാവരെയും പ്രേരിപ്പിക്കും. പ്രദിക്ഷണങ്ങളില്‍ കുടുംബവുമായി നല്‍ക്കാന്‍ അനുവദിച്ചാല്‍, കുട്ടികളും നന്നായി പങ്കെടുക്കും. അവരെ അന്വേഷിച്ചു നടക്കുകയും വേണ്ട.

കാലത്തിനൊത്തുള്ള ധാരാളം മാറ്റങ്ങള്‍ നാം വരുത്തേണ്ടിയിരിക്കുന്നു. എല്ലാം മുമ്പ് നടക്കുന്നതുപോലെ നടക്കണം എന്നുള്ള ചില പൊട്ടക്കിണറ്റിലെ തവളകളുടെ ചിന്താഗതി നാം ഉപേക്ഷിക്കണം. വിദേശങ്ങളിലും കേരളത്തിന് പുറത്തും ജീവിച്ചിട്ട് ഇവിടേക്ക് വരുന്നവര്‍ക്കും ഇത്തരത്തിലുള്ള രീതികള്‍ പിന്തുടരുന്നതിലാണ് താല്പര്യം. അതൊന്നും ആരും അന്വേഷിക്കാറില്ലല്ലോ.

ഇടവകകള്‍ കോണ്‍ഗ്രിഗേഷന്‍ ഫ്രണ്ട്‌ലി ഇടങ്ങളായി മാറേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സ്ഥിതി വളരെ കഷ്ടം തന്നെയാണ്. അത് ചില മുന്‍ സര്‍ക്കാര്‍ ആപ്പീസുകളെ അനുസ്മരിപ്പിക്കുന്ന രീതികളാണ്. അതിന്റെ കാരണം മറ്റുള്ളവന്റെ സമയത്തിന്റെ വിലയറിയാത്ത ചില നടത്തിപ്പുകാരാണ്. ഇന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം വിരല്‍ത്തുമ്പത്താണ്. എന്നാല്‍ ഇടവകയില്‍ നിന്നും കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ പുതുതായി ഇടവകയില്‍ വരുന്ന കുടുംബങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു.

നമ്മുടെ ദേവാലയങ്ങളിലും കുടുംബവുമായി വരുന്നവര്‍ക്ക്, ആവശ്യമുള്ളവര്‍ക്ക് ഒരുമിച്ച് ആരാധനകളില്‍ പങ്കെടുക്കുവാനുള്ള സൗകര്യം ചെയ്യണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org