ജയിംസ് ഐസക്, കുടമാളൂര്‍
സീറോ മലബാര്‍ സഭയ്ക്കു പുതിയ ഇടയനെ ലഭിച്ചു. പ്രതിസന്ധി ഇനിയും മാറിയിട്ടില്ല. എങ്കിലും പ്രത്യാശയ്ക്കു വഴിയുണ്ട് എന്നു സമാധാനിക്കാം.
പുതിയ ഇടയന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും ചര്‍ച്ചയ്ക്കു വിഷയം ആകുന്നു. മാര്‍ ആലഞ്ചേരി തെറ്റൊന്നും ചെയ്തിട്ടില്ല എന്നു പുതിയ ഇടയന്‍ പ്രസ്താവിച്ചപ്പോള്‍ പഴയ ഇടയന്‍ ചെയ്തതെല്ലാം തെറ്റായിരുന്നില്ലേ എന്ന മറുചോദ്യം ഉദിക്കുന്നു. ഒരു പക്ഷേ, എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രമായിരുന്നു പ്രതിസന്ധി എന്നു മാര്‍ തോമസ് തറയില്‍ പറഞ്ഞതിനോടു ചോദിക്കാന്‍ തോന്നുന്നു. കഴിഞ്ഞ അറുപതു വര്‍ഷമായി തുടരുന്ന ജനാഭിമുഖ കുര്‍ബാന അനുവദിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി പൂര്‍ണ്ണമായി ഇല്ലാതാകുമായിരുന്നു. അതല്ലേ സത്യം?
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു ഭീമമായ നഷ്ടം വരുത്തിയതിന്റെ ഉത്തരവാദിത്വം മാര്‍ ആലഞ്ചേരിക്കാണ് എന്നു പറയുവാന്‍ കോടതി വിധി വരെ കാത്തിരിക്കാം. എന്നാല്‍ അതിരൂപതയ്ക്കു വന്ന നഷ്ടം പരിഹരിക്കണമെന്നു വത്തിക്കാന്‍ തന്നെ ആവശ്യപെട്ടപ്പോള്‍ മാര്‍ ആലഞ്ചേരി തെറ്റു ചെയ്തില്ല എന്നു പറയുന്നതെങ്ങനെ? റോമാക്കാരനല്ലാത്ത ഒരു മാര്‍പാപ്പ സഭാ തലവന്‍ എന്ന പേരില്‍ റോം അതിരൂപതയ്ക്കു നഷ്ടം വരുത്തിയാല്‍ ആ രൂപതകാര്‍ക്ക് അമര്‍ഷം തോന്നുക സ്വാഭാവികമല്ലേ? അടുത്ത നാളുകളില്‍ ചില കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉത്തരവാദിത്വ രഹിതമായി പണം വിനിയോഗിച്ചതിനു ശിക്ഷിക്കപ്പെട്ടത് ഇവിടെ പ്രസക്തമാണ്.
എന്തുകൊണ്ടു മാര്‍ ആലഞ്ചേരിയെ എയര്‍പോര്‍ട്ടില്‍ വിളിച്ചുവരുത്തി രാജിസ്വീകരിച്ചു? മാന്യമായ രീതിയില്‍ സിനഡില്‍ അറിയിച്ചു നടപടിയെടുക്കാമായിരുന്നു. മാര്‍ ആലഞ്ചേരി തെറ്റൊന്നും ചെയ്തില്ല എന്ന് ഇപ്പോള്‍ മാര്‍ റാഫേല്‍ തട്ടില്‍ പറയുന്നത് അവസരോചിതമായ ഒരു മര്യാദവാക്കായിട്ടാണു തോന്നുന്നത്. ചരമ സംസ്‌കാര പ്രസംഗങ്ങളാണ് ഓര്‍മ്മയില്‍വരുന്നത്.
12 വര്‍ഷത്തെ സഭാ ഭരണം ഉജ്ജ്വലമായിരുന്നു എന്നു പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വരുന്നു. ചരിത്ര പ്രാധാന്യമുള്ള ചില ദേവാലയങ്ങള്‍ സീറോ മലബര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നു പ്രഖ്യാപിക്കപ്പെട്ടു. ഈ പ്രഖ്യാപനം ഈ കാലഘട്ടത്തിനു നിരക്കുന്നതായിരുന്നില്ല എന്നാണ് തോന്നുന്നത്. കാരണം ഇത്തരം പ്രഖ്യാപനങ്ങള്‍ കേവലം ധനസമാഹരണലക്ഷ്യം മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തില്‍ 3 ലക്ഷം ചെലവു വരുന്ന സിംഹാസനം മേജര്‍ ആര്‍ച്ചുബിഷപ്പിനുവണ്ടി ഒരുക്കിയത് എന്തിനുവേണ്ടി? എല്ലാ ദേവലായത്തിലും സിംഹാസനം നിര്‍മ്മിച്ചോ എന്ന് അറിഞ്ഞു കൂടാ. കുടമാളൂരും കുറവിലങ്ങാടും ഉള്ളതായി അറിയാം. ഈ തെറ്റിന് ആരാണ് ഉത്തരവാദി?
പെസഹാ ദിനാചരണത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചപ്പോള്‍ ഞങ്ങള്‍ പൗരസ്ത്യരാണ് പാരമ്പര്യം തുടരണം എന്നു പറഞ്ഞ് ഒറ്റപ്പെടാനാണ് മാര്‍ ആലഞ്ചേരി തുനിഞ്ഞത്. ഇതുപോലുള്ള ഒറ്റപ്പെടല്‍ ആയി ജനാഭിമുഖ കുര്‍ബാനയെ കണ്ടുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയെ തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ മാര്‍ ആലഞ്ചേരിക്ക് ഈ ദുര്‍ഗതി ഒഴിവാക്കാമായിരുന്നു. അദ്ദേഹം തെറ്റൊന്നും ചെയ്തില്ല എന്നു മാര്‍ തട്ടില്‍ പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ പുതിയ ഇടയനെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. വാക്കുകളില്‍ മിതത്വം പാലിക്കുക.