അന്ധമായ മതാത്മകതയും, ആത്മീയതയും

അന്ധമായ മതാത്മകതയും, ആത്മീയതയും
Published on

ഡോ. പോള്‍ വാഴപ്പിള്ളി
ശ്രീകണ്ഠപുരം, കണ്ണൂര്‍

ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി എഴുതിയ ലേഖനം 'സാഹോദര്യത്തിന്റെ ക്രിസ്തുഭാഷ്യവും, അന്ധമായ മതാത്മകതയും' (ലക്കം 50) വായിച്ചു. പൗലോസ് അപ്പസ്‌തോലന്റെ ലേഖനങ്ങളെയും, പ്രവര്‍ത്തനങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് ക്രിസ്തു മതസാരങ്ങളെ നിരീക്ഷിക്കുകയാണ്, ലേഖകന്‍. 'സ്‌നേഹമാണ് സവ്വോത്കൃഷ്ടം' എന്ന കൊറീന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തിലൂടെ എന്താണ് ക്രൈസ്തവമൂല്യം എന്ന് തെര്യപ്പെടുത്തുകയാണ്, അപ്പസ്‌തോലന്‍. ലേഖകന്‍ പറയുന്നന്നതുേപാലെ, നിരവധി പ്രശസ്തരായ ചിന്തകര്‍ക്കും, എഴുത്തുകാര്‍ക്കും പ്രചോദനവും, ഊര്‍ജ്ജവും നല്കുന്നവയാണ് പൗലോസ് അപ്പസ്‌തോലന്റെ പ്രവര്‍ത്തനങ്ങളും, പ്രബോധനങ്ങളും. ലോകപ്രശസ്തമായ, വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന നോവലിലെ ഒരു സന്ദര്‍ഭം നോക്കുക.

ബിഷപ്പിന്റെ വിളക്കുകാല്‍ മോഷ്ടിച്ച ജീന്‍ വാല്‍ജീനെ, പോലീസുകാര്‍ തൊണ്ടിമുതലുമായി ബിഷപ്പിന്റെ മുന്നില്‍ കൊണ്ടുവന്ന് പറയുന്നു, 'ഇതാ നിങ്ങളുടെ വിളക്കുകാല്‍ മോഷ്ടിച്ച കള്ളന്‍.'

ബിഷപ് പറയുന്നു, 'ഇവന്‍ മോഷ്ടിച്ചതല്ല, ഞാന്‍ അവനു കൊടുത്തതാണ്.'

പോലീസുകാര്‍ ചോദിക്കുന്നു, 'താങ്കള്‍ക്കു ഇവനെ അറിയുമോ?'

'അറിയാം – ഇവന്‍ എന്റെ സഹോദരനാണ്.' പോലീസുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബിഷപ്പിന്റെ മറുപടി.

സ്‌നേഹവും, സാഹോദര്യവുമാണ് ക്രൈസ്തവമൂല്യമെന്ന് തെളിയിക്കുകയാണ് വിക്ടര്‍ യൂഗോ. പൗലോസ് അപ്പസ്‌തോലന്റെ പ്രബോധനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഒന്നാം അപ്പസ്‌തോലിക ലേഖനത്തിലെ നിരീക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

'ആയിരക്കണക്കിന് മനുഷ്യര്‍, ഉണ്ണാനും ഉറങ്ങാനുമില്ലാതെ തെരുവോരത്ത് കിടന്നു മരിക്കുന്നത്, വാര്‍ത്തയല്ലാതാവുകയും, ഓഹരിക്കമ്പോളത്തില്‍ പത്തു പോയിന്റു കൂടുന്നത് വാര്‍ത്തയാവുകയും ചെയ്യുന്നതിനേക്കാള്‍, കവിഞ്ഞ ഹിംസ മറ്റെന്താണുള്ളത് എന്നാണു മാര്‍പാപ്പ ചോദിക്കുന്നത്.

മാര്‍പാപ്പ വീണ്ടും ചോദിക്കുന്നു, 'സ്വര്‍ഗ്ഗാനുരാഗിയായ ഒരാള്‍, ക്രിസ്തുവിനെ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ തടയുവാന്‍ ഞാന്‍ ആരാണ്?' ആചാരങ്ങളല്ല, മൂല്യമാണ് പ്രധാനമെന്ന് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ അന്യത്ര തെളിയിക്കുന്നു.

ശത്രുക്കളെ സ്‌നേഹിക്കാനും, തങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുേവണ്ടി പ്രാര്‍ത്ഥിക്കാനും (മത്താ. 5:43-44). ആഹ്വാനം ചെയ്ത ക്രിസ്തുവിനെ പിന്‍ചെന്ന പൗലോസ് അപ്പസ്‌തോലനെ പറ്റി പഠിക്കുന്നവര്‍ക്കു, ഫാ. മാര്‍ട്ടിന്റെ ലേഖനം, പ്രയോജനപ്പെടുമെന്നതില്‍ ഒട്ടും സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org