ആത്മകഥ നന്നാകുന്നുണ്ട്

ആത്മകഥ നന്നാകുന്നുണ്ട്
Published on

'സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍' എന്ന തലക്കെട്ടില്‍ പ്രശസ്ത സാഹിത്യകാരനും നിരൂപകനും കോളജ് അധ്യാപകനും ആയ ശ്രീ ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥ സത്യദീപത്തില്‍ ഖണ്ഡശ്ശ വന്നുകൊണ്ടിരിക്കുന്നത് വായിച്ച് ആസ്വദിക്കുകയാണ്. ഒരു മലയാളം പ്രൊഫസര്‍ എന്നതിനേക്കാള്‍ ഒരു സാഹിത്യകാരനും നിരൂപകനുമായ ജോര്‍ജ് സാര്‍ വളരെ ഹൃദ്യമായ ഭാഷയില്‍ അദ്ദേഹത്തിന്റെ ബാല്യകാലവും സ്‌കൂള്‍ പഠനകാലവും വിശദീകരിക്കുന്നു. അദ്ദേഹത്തിന് നേരിടേണ്ടിവന്ന എല്ലാ ദുഃഖകരമായ അനുഭവങ്ങളും, അതു പോലെ അദ്ദേഹത്തിന് ലഭിച്ച സന്തോഷകരമായ അനുഭവങ്ങളും വളരെ ആത്മാര്‍ത്ഥമായി പ്രതിപാദിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഒരു ഗ്രാമപ്രദേശത്ത് ജനിച്ച് വളര്‍ന്ന ജോര്‍ജ് സാറിന് തന്റെ വിദ്യാഭ്യാസ കാര്യത്തില്‍ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുഃഖകരമായ അനുഭവങ്ങള്‍ യാതൊരു അര്‍ത്ഥശങ്കയും ഇല്ലാതെ തുറന്ന മനസ്സോടു കൂടി വിവരിച്ചിരിക്കുന്നൂ. കുറെ കൃഷി ഭൂമിയില്‍ അപ്പനും അമ്മയും മക്കളും ഒരുപോലെ അധ്വാനിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു കാലഘട്ടം ആയിരുന്നു. ബാല്യ കാലത്ത് ജോര്‍ജ് സാറിന് പിതാവില്‍നിന്നും കിട്ടിയ ശിക്ഷ നടപടികളുടെ മുറിവുകള്‍ ഉണങ്ങിപോയി എങ്കിലും പിതാവിന്റെ വീക്ഷണത്തില്‍ ആ നടപടികള്‍ വേണ്ടിയിരുന്നു. ആ ബോധ്യം ജോര്‍ജ് സാറിന് ഉണ്ടായിക്കാണും. അതുപോലെ തന്നെ വീട്ടില്‍ നിന്നും കിട്ടാത്ത സ്‌നേഹ അനുഭവങ്ങള്‍ ജോലിക്കാരായ അഴകിയില്‍നിന്നും ദാവീദില്‍ നിന്നും കിട്ടിയ വസ്തുത ജോര്‍ജ് സാര്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. ചുരുക്കത്തില്‍ പള്ളിയില്‍ നിന്നും പള്ളിക്കൂടത്തില്‍ നിന്നും, സ്വന്തം കുടുംബത്തില്‍ നിന്നും തനിക്ക് പ്രോത്സാഹനം കിട്ടിയിരുന്നില്ല എന്ന വസ്തുത മറച്ചു വെക്കുന്നില്ല.

അഡ്വ. പി.ഡി. ജോസഫ് പേരയില്‍, പാലാരിവട്ടം

ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ആത്മകഥ മുടങ്ങാതെ വായിക്കുന്നുണ്ട്. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി ഈ ആത്മ കഥയിലൂടെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പൂവത്തുങ്കല്‍ ജോര്‍ജ് എന്ന ഇറുമ്പയംകാരന്‍ എങ്ങനെ ജോര്‍ജ് ഇരുമ്പയം ആയി എന്നതിന് ഉത്തരം കിട്ടി. തിക്കുറിച്ചി സുകുമാരന്‍ നായര്‍ തന്റെ പേര് തിക്കുറിശ്ശി എന്നാക്കിയത് പോലെ ഇറുമ്പയം ഇരുമ്പയം ആക്കിയതിന്റെ യുക്തി അസ്സലായി.

തന്റെ ആദ്യ പഠന ഗ്രന്ഥം വള്ളത്തോള്‍ കവിതയും മഗ്ദലന മറിയവും തന്റെ വീട്ടിലെ ജോലിക്കാരി ആയിരുന്ന അഴകിയ പുലയിക്കും മകന്‍ ദാവീദിനും സമര്‍പ്പിച്ച ആ വിശാല മനസ്സിന് മുന്നില്‍ നമസ്‌ക്കരിച്ചു കൊള്ളുന്നു. അക്കാലത്തെ പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകരുടെ ദയനീയ ചിത്രം വരച്ചു കാട്ടിയിട്ടുള്ളത്. മനസ്സില്‍ തങ്ങി നില്‍ക്കും. ജോര്‍ജ് ഇരുമ്പയം സാറിന്റെ ഒട്ടു മുക്കാലും പുസ്തകങ്ങള്‍ എന്റെ കയ്യിലുണ്ട്. നല്ല റഫറന്‍സ് പുസ്തകങ്ങള്‍ ആണവ.

ഈ ആത്മകഥയും മലയാള സാഹിത്യത്തിന് നല്ലൊരു മുതല്‍ക്കൂട്ടാകും. മലയാളത്തിലെ ആദ്യ ആത്മകഥ ആയ യാക്കോബ് രാമവര്‍മ്മന്റെ ആത്മ കഥ തുടങ്ങി മലയാളത്തിലെ 95% ആത്മകഥകളും വായിച്ചിട്ടുള്ള അതില്‍ ഭൂരിപക്ഷവും വിലകൊടുത്തു വാങ്ങി സൂക്ഷിക്കുകയും ചെയ്തിട്ടുള്ള ഒരാളുടെ അഭിപ്രായം ആണിത്.

ബേബിച്ചന്‍, തൊടുപുഴ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org