മോടിപിടിപ്പിക്കലിന്റെ ദൈവശാസ്ത്രം

ഫാ. ലൂക്ക് പൂതൃക്കയില്‍
മോടിപിടിപ്പിക്കലിന്റെ ദൈവശാസ്ത്രം

കേരളത്തിലെ ക്രൈസ്തവ സഭയില്‍ പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ സ്ഥാപനങ്ങളും കെട്ടിടങ്ങളും പള്ളികളും മോടിപിടിപ്പിക്കുന്ന കാര്യത്തില്‍ അതീവജാഗ്രതയുള്ള ഒരു കാലഘട്ടമാണിത്. നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് ശമ്പളവും സമ്പന്നമായ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനങ്ങളും കൃഷി, കച്ചവടം തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള വരുമാനവും ഒക്കെ സഭയെയും സന്യാസ സമൂഹങ്ങളെയും സമ്പന്നമാക്കിയപ്പോള്‍ 'ആവശ്യത്തിലധികം' പണം വ്യയം ചെയ്യേണ്ടിവരുന്നു. അതാതു വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 85 ശതമാനം ചെലവഴിച്ച് തീര്‍ക്കണം എന്ന സര്‍ക്കാര്‍ നിയമം ഉള്ളതുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പുത്തന്‍ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതിനും അതിലുപരി നിലവിലുള്ള സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും നവീകരണത്തിന്റെ പേരില്‍ മോടിപിടിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സഭയും സന്യാസ ഭവനങ്ങളും അതിന്റെ തുടക്കത്തില്‍ ലക്ഷ്യത്തിലും ദൗത്യത്തിലും ദര്‍ശനത്തിലും ശൈലിയിലും നൂറു ശതമാനവും പെര്‍ഫെക്ട് ആയിരുന്നു. പൊന്നും വെള്ളിയും ഇല്ലാത്ത ദൈവശക്തി നിറഞ്ഞു തുളുമ്പിയ സഭയില്‍നിന്ന് 2022 ആയപ്പോഴേക്കും പൊന്നും വെള്ളിയും വര്‍ദ്ധിപ്പിച്ചത് അല്ലാതെ, ദൈവശക്തി നഷ്ടപ്പെടുത്തിയതല്ലാതെ, സംഖ്യാബലം വളരെ കുറഞ്ഞതല്ലാതെ സാക്ഷ്യത്തിന്റെ നേര്‍സാക്ഷ്യം പോലും നഷ്ടപ്പെടുത്തിയത് അല്ലാതെ നാം എന്ത് നേടി? സന്യാസസഭകള്‍ സദുദ്ദേശത്തോടെ ഏതെങ്കിലും ഒരു വിശുദ്ധ കാര്യത്തില്‍ ആരംഭിച്ച് പിന്നീട് മാമോന്റെ കാര്യത്തിലേക്ക് എത്തിയത് അല്ലാതെ, വംശനാശം അനുഭിക്കുന്നത് അല്ലാതെ, പഴിയും തെറിയും കേള്‍ക്കാന്‍ അല്ലാതെ എന്താണ് സന്യാസ സമൂഹങ്ങള്‍ നേടിയെടുത്തിട്ടുള്ളത്? മാമോന്‍ സേവ ഉള്ളിടത്ത് ദൈവശക്തി ഇല്ലെന്ന് ബൈബിള്‍ അസന്നിഗ്ധമായി പഠിപ്പിക്കുന്നു. ദൈവീകതയില്ലാത്ത പണത്തിന്റെയും കാലാകാലങ്ങളില്‍ രൂപപ്പെടുത്തിയ നിയമത്തിന്റെയും വളര്‍ത്തിയെടുത്ത സംവിധാന ശക്തിയുടേയും പിന്‍ബലം ഇല്ലാതെ ക്രിസ്തുവില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? പണവും പദവികളും അധികാരവും ഒന്നിച്ച് മിക്‌സിയില്‍ ഇട്ട് അടിച്ചെടുത്താല്‍ കിട്ടുന്നതാണ് ഇന്ന് നമുക്കുള്ളതെല്ലാം. ഭൗതിക ലോകത്തിലെ ഫ്യൂഡലിസവും ജനാധിപത്യ വോട്ടെടുപ്പുകളും ഉപയോഗിച്ച് അധികാര കസേരകള്‍ നിര്‍മിച്ചതാണ് ഒരു പ്രധാന കാര്യം. ശുശ്രൂഷയുടെ വാക്ക് എടുത്ത് പദവികള്‍ ഏറെയുണ്ടാക്കി. ഹയരാര്‍ക്കി സ്ഥാപിതമായതോടെ പദവികള്‍ സര്‍വ്വസാധാരണമായി. പണം സഭയുടെയും സന്യാസ സമൂഹത്തിന്റെയും കൂടപ്പിറപ്പായി. പണമിടപാട് ഇല്ലാത്ത സംവിധാനങ്ങള്‍ സഭയിലോ സന്യാസ സമൂഹങ്ങളിലോ ഇല്ല എന്ന് ചുരുക്കം. പക്കാ ബിസിനസ് തന്ത്രങ്ങളും കച്ചവട കണ്ണുകളും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ഉണ്ടായി. പണം സൂക്ഷിപ്പുകാരോ ബാങ്ക് ഉദ്യോഗസ്ഥരോ പണം വിതരണക്കാരോ ഒക്കെയായി വൈദികരും സന്യസ്തരും. സാമൂഹിക വിഷയങ്ങളില്‍ ഒട്ടും താല്‍പര്യം ഇല്ലാത്തവരായി വൈദികരും സന്യസ്തരും. നേത്യത്വങ്ങള്‍ക്ക് ലോകത്തില്‍ ആകെ ഒരു വിഷയമേ ഉള്ളൂ അത് കുര്‍ബാനക്രമം മാത്രം എന്ന രീതിയില്‍ മുന്നോട്ടു പോകുന്നു.

ക്രൈസ്തവ വിശ്വാസികളുടെ നീറുന്ന വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? അനാഥ മന്ദിരങ്ങളും ബാലമന്ദിരങ്ങളും ആകാശപ്പറവകളും കുഷ്ഠ രോഗി-എയ്ഡ്‌സ് രോഗി തുടങ്ങിയവയും നടത്തിയതുകൊണ്ട് ഒരു നയാപൈസ പോലും നഷ്ടപ്പെടുത്തേണ്ടി വന്നിട്ടില്ല. അതും ധനാഗമമാര്‍ഗമായി.

ധനത്തിന്റെ ശരിയായ വിനിയോഗം സഭാ തലങ്ങളില്‍ ഇല്ല. പള്ളികളും സന്യാസ ഭവനങ്ങളും പണിയുന്നത് കോടികള്‍ മുടക്കിയാണ്. പള്ളി എന്ന് വെച്ചാല്‍ ഇടവകക്കാര്‍ക്ക് മുഴുവനും ഉള്ള ആരാധനാലയം ആയതുകൊണ്ടും, ദീര്‍ഘകാലത്തേക്ക് പണിയേണ്ടി വരാത്തതിനാലും പൊതുജനങ്ങളുടെ പൊതു ഭവനം എന്ന നിലയിലും ന്യായമായ പണം ചെല വഴിക്കാവുന്നതാണ്. എന്നാല്‍ സന്യാസസഭ ശാഖകള്‍ മൂന്നും നാലും കോടി മുടക്കി പണിയുന്നതിന് എന്ത് ന്യായീകരണം? ദൈവവിളി കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഒരു മഠത്തില്‍ മൂന്നോ നാലോ അംഗങ്ങളെ ഉണ്ടാകുകയുള്ളൂ. അവര്‍ താമസിക്കുന്ന സന്യാസ ഭവനത്തിന്റെ മതിലും മതിലിനു മുകളില്‍ വിരിച്ച് കമ്പിവേലിയും മഠത്തിന് ചുറ്റുമുള്ള പൂന്തോട്ടവും ആഡംബരം തന്നയാണ്. ഓരോ മഠത്തിലും ശരാശരി 100 ചെടിച്ചട്ടികള്‍ എങ്കിലും ഉണ്ടാകും. അങ്ങനെ പതിനായിരത്തിലധികമുള്ള മഠങ്ങളുടെ ചുറ്റുമുള്ള പൂന്തോട്ടവും പുല്‍ത്തകിടിയും അതിലെ വിശുദ്ധ രൂപങ്ങളും താമരക്കുളങ്ങളും... പണത്തിന്റെ ധൂര്‍ത്തു വിളയുന്ന ഇടങ്ങളാണ്. ദേവാലയത്തിന് മുന്‍പില്‍ മുറ്റത്ത് നിരത്തിയിരിക്കുന്ന ഇന്റര്‍ലോക്കും പള്ളിക്കകത്ത് വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങളും ഗ്രാനൈറ്റ് തറയില്‍ ആണെങ്കില്‍ പോലും കാര്‍പെറ്റ് വിരിക്കുന്നതും ആഡംബരവും ധൂര്‍ത്തും ആണ്. കേരള സഭയിലെ രൂപതകളും സന്യാസ ഭവനങ്ങളും മുടക്കുന്ന മോടിപിടിപ്പിക്കല്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ കോടിക്കണക്കിന് രൂപ ഇവിടെ തടഞ്ഞു നിര്‍ത്തുകയാണ്. ഇത്രയും തുകയുണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ നൂറുകണക്കിന് ദേവാലയങ്ങള്‍ ഉണ്ടാക്കാനും മിഷന്‍ പ്രവര്‍ത്തനം നടത്താനും സാധിക്കുമായിരുന്നു. അനേകായിരങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് എത്തിക്കാമായിരുന്നു. പണത്തിന്റെ ആധിക്യത്തിലും സുഭിക്ഷതയിലും വീണ്ടും വീണ്ടും ഭവനത്തെ മോടിപിടിപ്പിക്കാനും പെയിന്റ് അടിച്ചും പൂന്തോട്ടം നട്ടുനനച്ച് വളര്‍ത്തിയും ചെടിച്ചട്ടികള്‍ സുലഭമായി വാങ്ങിച്ചു കൂട്ടാനും ഇന്റീരിയര്‍ വര്‍ക്ക് ചെയ്തു ശോഭ കൂട്ടാനും കൂളറും എസിയും CC ക്യാമറ വച്ചും പട്ടിക്കൂട് കെട്ടിയും മതിലുകെട്ടി കമ്പിവല ഇടാനും ബലമുള്ള ഗേറ്റ് വയ്ക്കാനും മുന്തിയ കാര്‍ വാങ്ങാനും അടുക്കലടുക്കല്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങള്‍ നടത്താനും ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുവാനും അനാവശ്യമായ ധ്യാന സെമിനാറുകള്‍ നടത്താനും സമയവും പണവും ചെലവഴിക്കുന്നുണ്ട്. വാങ്ങിച്ചു കൂട്ടുന്നതിലുള്ള മത്സരം അവസാനിപ്പിച്ച് കൊടുത്തുതീര്‍ക്കുന്ന സന്ദേശം തരുന്ന ഫ്രാന്‍സിസ് അസ്സീസിയും ഫ്രാന്‍സിസ് സേവ്യറും മദര്‍ തെേരസയും ഒക്കെ നമുക്ക് മാര്‍ഗ്ഗദീപം ആകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org