ജാഗരൂകരായിരിക്കുവിന്‍

ഫാ. ഡേവിസ് കാച്ചപ്പിള്ളി സി എം ഐ
ജാഗരൂകരായിരിക്കുവിന്‍

വി. ലൂക്കാ സുവിശേഷം 21:34-38 ന്റെ ശീര്‍ഷകമാണ് മുകളില്‍ എഴുതിയിരിക്കുന്നത്. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി ജീവിക്കാനായി സദാസമയം പ്രാര്‍ത്ഥിക്കണമെന്നാണ് യേശുക്രിസ്തു ഈ വാക്യങ്ങളിലൂടെ സഭയെ പഠിപ്പിച്ചിരിക്കുന്നത്. ക്രിസ്തുനാഥന്റെ ഈ പ്രബോധനം 1992-ലെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ വളരെ വിശദമായി സഭയെ പഠിപ്പിക്കുന്നുണ്ട് (മതബോധനഗ്രന്ഥം നമ്പര്‍ 2742 -45). സാത്താന്റെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെട്ട് തിന്മ ചെയ്യാതെ ജീവിക്കണമെങ്കില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണ് നിരന്തരമായ പ്രാര്‍ത്ഥനാജീവിതം. 'ഇടവിടാതെ പ്രാര്‍ത്ഥിക്കണം' (1 തെസ. 5:17; 6:18) എന്ന പൗലോസ് അപ്പസ്‌തോലന്റെ പ്രബോധനം ഉദ്ധരിച്ചുകൊണ്ടാണ് ഇതാരംഭിക്കുന്നത്. നിരന്തരം അധ്വാനിക്കാനോ നിരന്തരം ഉപവസിക്കാനോ അല്ല നമുക്ക് ലഭിച്ചിരിക്കുന്ന കല്പന. പിന്നെയോ ഇടമുറിയാതെ പ്രാര്‍ത്ഥിക്കാനാണ് നിയമം അനുശാസിക്കുന്നത് (ലൂക്കാ 21:34-36).

ഒരു ഭവനത്തിലെ എല്ലാവരും ഇത്തരത്തിലുള്ള നിരന്തരപ്രാര്‍ത്ഥനാശൈലി അഭ്യസിക്കാന്‍ ശ്രമിച്ചാല്‍ സാത്താന്റെ പ്രലോഭനങ്ങള്‍ ഭവനത്തില്‍ ഉണ്ടാകില്ല. അതേസമയം ദൈവശക്തിയും ദൈവജ്ഞാനവും ദൈവ സംരക്ഷണവും ഭവനത്തിലെ എല്ലാവര്‍ക്കും യഥാസമയം ലഭിച്ചുകൊണ്ടിരിക്കും. പ്രസ്തുതഭവനം ഉത്തമ ക്രിസ്തീയകുടുംബമായിത്തീരും. ഈ സദാസമയ പ്രാര്‍ത്ഥനാശൈലി അഭ്യസിക്കുന്ന ഇടവകയും രൂപതയും സഭാ സമൂഹവും എക്കാലവും സമാധാനത്തിലും സന്തോഷത്തിലും ക്രിസ്തീയ സമൂഹമായി നിലനില്‍ക്കുകയും ചെയ്യും. കാരണം, പ്രാര്‍ത്ഥനയിലൂടെ നാം നമ്മെ നയിക്കാന്‍ ദൈവാത്മാവിനെ അനുവദിക്കുകയാണ്. തന്മൂലം പ്രാര്‍ത്ഥനയും ക്രിസ്തീയജീവിതവും അവിഭാജ്യമാണ്.

ഇത്രയും മഹത്തായ 'സദാസമയ പ്രാര്‍ത്ഥനാ പ്രബോധനം' ഇന്നോളം സീറോ-മലബാര്‍ സഭയില്‍ ഒരു വിജ്ഞാപനമായി രൂപതാധ്യക്ഷന്മാര്‍ ഇറക്കിയതായി കണ്ടിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. അതിന്റെ ഭവിഷ്യത്ത് സഭ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തുണ്ടായ കുര്‍ബാന ഏകീകരണത്തിലൂടെ സഭയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി തെളിയിക്കുന്നത് സാത്താന്റെ നിഗൂഢ പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ ഐക്യവും ഭദ്രതയും സമാധാനവും നിഷ്പ്രഭമായി എന്നതാണ്. ഇതിന്റെ അടിസ്ഥാനം സഭാസമൂഹം യേശുക്രിസ്തുവിന്റെ സദാസമയ പ്രാര്‍ത്ഥനയെന്ന കല്പനയും അതിന്റെ അടിസ്ഥാനത്തില്‍ മതബോധനഗ്രന്ഥം പഠിപ്പിക്കുന്ന നിരന്തരപ്രാര്‍ത്ഥനാപ്രബോധനവും ഇന്നോളം സഭാസമൂഹം പഠിച്ചില്ല, പ്രാവര്‍ത്തികമാക്കിയില്ല എന്നതല്ലേ?

മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ സിനഡാനന്തര സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കാര്യം ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത് ഇപ്രകാരമാണ്: '1999 വരെ സീറോ മലബാര്‍ സഭയില്‍ രണ്ടുതരം കുര്‍ബാനകളാണ് ഉണ്ടായിരുന്നത്. ഒന്ന് അള്‍ത്താരാഭിമുഖ കുര്‍ബാന, രണ്ട് ജനാഭിമുഖ കുര്‍ബാന. ഇവകളെ സംയോജിപ്പിച്ച് സഭയില്‍ ഐക്യം നിലനിര്‍ത്താനായി രൂപീകരിച്ചതാണ് പുതിയ കുര്‍ബാന ഏകീകരണം.' 1999 വരെ രണ്ടു തരം കുര്‍ബാനകള്‍ ഉണ്ടായിരുന്നെങ്കിലും സഭകള്‍ക്കിടയിലോ സഭയില്‍ പൊതുവായോ ഐക്യക്കുറവോ സമാധാനമില്ലായ്മയോ ഉണ്ടായതായി കേട്ടിട്ടില്ല. അതു കൊണ്ട് 1999 വരെ ഉണ്ടായിരുന്ന വ്യവസ്ഥിതി തുടരുന്നതല്ലേ സഭകളില്‍ ഐക്യവും സമാധാനവും നിലനില്‍ക്കാന്‍ ആവശ്യമായിരിക്കുന്നതെന്ന് എല്ലാവരും ഗൗരവമായി ചിന്തിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org