ഹര്‍ത്താലിന്‍റെ ഹത്യക്കായ്

Published on

ബാബു പനത്തറ, തൈക്കാട്ടുശ്ശേരി

ഇനിയെങ്കിലും ഈ ഹര്‍ത്താല്‍ പരിപാടി നമുക്ക് അവസാനിപ്പിച്ചുകൂടേ? കാരണം ലക്ഷക്കണക്കിനു സാധാരണ ജനങ്ങളെ വെല്ലുവിളിച്ച്, ഒരു സംഘടിത ന്യൂനപക്ഷം (എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍) ആഘോഷമാക്കുന്ന ഒരു സമരാഭാസമായി ഈ ഹര്‍ത്താലുകള്‍ അധഃപതിച്ചിരിക്കുന്നു എന്നതാണു വാസ്തവം; അല്ല പരമമായ സത്യം. ഇത് എത്രയും വേഗം നിര്‍ത്തലാക്കുവാന്‍ കേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഒരുമിച്ചിരുന്ന് ആലോചിച്ചു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വര്‍ഷങ്ങളായി കേരളത്തില്‍ മാത്രം കൃത്യമായി നടന്നുവരുന്ന തെരുവുകളിലെ "ഈ നശീകരണ നാടകം" കണ്ടും കേട്ടും അനുഭവിച്ചും ജനം മടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ മുഖം ഭാഗികമായി മറച്ചുകൊണ്ടു പറഞ്ഞത്, "കേരളം ജീവിക്കാന്‍ പറ്റാത്ത ഒരു നാടായി മാറി" എന്നാണ്. ഓണാഘോഷവും ഉത്രാടപ്പാച്ചിലും മലയാളിമനസ്സുകളില്‍ പച്ചപിടിച്ച ഓര്‍മകളാണെങ്കില്‍, ഹര്‍ത്താല്‍ദിനവും അതിന്‍റെ തലേന്നുള്ള കടകളിലെ തിരക്കും ബീവറേജിനു മുന്നിലെ നീളുന്ന ക്യൂവും പതിവു കാഴ്ചകളായി മാറിയിരിക്കുന്നു.

സാധാരണ ജനവിഭാഗങ്ങളുടെ ജീവിക്കുവാനുള്ള അവകാശം പുനഃസ്ഥാപിക്കുവാന്‍ ഈ നശിച്ച ഹര്‍ത്താലിനെ ഇല്ലായ്മ ചെയ്തേ മതിയാകൂ. ബഹു. വോട്ടര്‍മാരോട് ഒരു അപേക്ഷ, പ്രകടനപത്രികയില്‍ തങ്ങളുടെ പാര്‍ട്ടി "ഹര്‍ത്താല്‍ നിരോധിക്കും" എന്ന പ്രഖ്യാപനം നടത്തുന്നവര്‍ക്കാണു തങ്ങളുടെ വോട്ട് എന്ന് ഓരോ വോട്ടര്‍മാരും തീരുമാനമെടുക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org