ലേഖനങ്ങള്‍ അസ്സലായി

ലേഖനങ്ങള്‍ അസ്സലായി
Published on
  • ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍, കാലടി

തങ്ങളുടെ ഉജ്ജ്വലമായ ലേഖനങ്ങളിലൂടെ ജൂലൈ 16 ലെ സത്യദീപത്തെ മഹത്തരമാക്കിയ ചീഫ് എഡിറ്റര്‍ മാര്‍ട്ടിനച്ചനും നിബിനച്ചനും, സജിയച്ചനും മുണ്ടാടനച്ചനും തേലക്കാട്ടച്ചനും, എസ് പാറേക്കാട്ടിലിനും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച സത്യദീപത്തിനും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. വര്‍ഷങ്ങളായി തിങ്ങി വിങ്ങി നിറഞ്ഞ വേദനകളും രോദനങ്ങളും രോഷങ്ങളും നിരാശകളും അമര്‍ഷങ്ങളും ആഗ്രഹിച്ച തിരുത്തലുകളുമാണ് ലേഖനങ്ങളിലൂടെ അണപൊട്ടിയൊഴുകി ആത്മവിചാരണയുടെ നടുത്തളത്തിലേക്ക് ഇറങ്ങിവന്നത്.

പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നതു പോലെ ആരും ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, തിരിച്ചറിഞ്ഞിട്ടില്ല എന്ന മിഥ്യാധാരണയില്‍ സ്വയം തീര്‍ത്ത സുരക്ഷാവലയത്തില്‍ സുഖനിദ്രയില്‍ കഴിയുന്ന സഭ ഉണരണം.

സത്യവും നീതിയും സമാധാനവും ഐക്യവും സഭയില്‍ നിത്യവും പുലരണമെന്ന് ആഗ്രഹമുള്ള പ്രവാചക നിലവിളികളുടെ വാക്മയരൂപങ്ങളാണ് വ്രണിതഹൃദയങ്ങളെ തലോടുന്ന ആശ്വാസലേപനമായി ലേഖനങ്ങളിലൂടെ വായനക്കാരിലേക്ക് ഒഴുകിയിറങ്ങിയത്.

അനുതാപത്തിന്റെ നീരൊഴുക്കില്‍ മുങ്ങി കുളിച്ച് മനശുദ്ധി വരുത്തിയാല്‍ ദൈവരാജ്യത്തിന്റെ അടഞ്ഞ കവാടങ്ങള്‍ നമുക്കായി വീണ്ടും മലര്‍ക്കെ തുറന്നു കിട്ടും എന്ന് ലേഖനങ്ങള്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അവസാന ശ്വാസംവരെ രക്ഷയുടെ സാധ്യത നമ്മുടെ മുന്നിലുണ്ടെന്ന് വലതുവശത്തെ കുരിശിലെ കള്ളന്റെ അനുഭവം നമ്മളോട് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ആരെയും ശിക്ഷിക്കാനല്ല സകലരേയും രക്ഷിക്കാനാണ് ദൈവം മനുഷ്യനായി അവതരിച്ചതെന്ന സുവിശേഷ സത്യം വീഴ്ചകളില്‍ നമുക്കെന്നും ആശ്വാസത്തിന്റെ പാഠമാകട്ടെ.

സഭാ നേതൃത്വം പലപ്പോഴും സഭയ്ക്ക് ഒരു ഭാരവും ബാധ്യതയും അപമാനവുമായി മാറിയിട്ടില്ലേ എന്ന് ഒരുവേള ആത്മപരിശോധന നടത്തുന്നത് സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ കൂടുതല്‍ ശോഭനമാക്കും. ദൈവത്തിലേക്കുള്ള ദൂരം സഹോദരനിലേക്കുള്ള ദൂരമാണെന്ന ക്രൈസ്തവദര്‍ശനത്തിന്റെ കാതല്‍ സഭാനേതൃത്വം തിരിച്ചറിഞ്ഞ് അനുദിന ജീവിതശൈലിയായി സ്വീകരിക്കണം. നീതിയില്ലാത്ത പരമാധികാരം എന്നത് സംഘടിതമായ കവര്‍ച്ചയാണെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ അജപാലകര്‍ക്കെന്നും വഴിവിളക്ക് ആകണം.

സീറോ മലബാര്‍ സഭ ഓര്‍ത്തിരിക്കേണ്ട പേരാണ് ലിയോ. ആ പേര് ഒരു സന്ദേശം കൂടിയാണ്. 1887 ല്‍ സുറിയാനി കത്തോലിക്കരെ ലത്തീന്‍ ഭരണത്തില്‍ നിന്നും വേര്‍പ്പെടുത്തി തൃശ്ശൂര്‍, കോട്ടയം എന്നീ സ്വതന്ത്ര രൂപതകള്‍ സ്ഥാപിച്ചു നല്‍കിയത് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു.

വീണ്ടും 1896 ല്‍ കേരളത്തിന്റെ മധ്യഭാഗത്ത് ഒരു രൂപത വേണമെന്ന ദൈവജനത്തിന്റെ ആവശ്യം പരിഗണിച്ച് എറണാകുളം, ചങ്ങനാശ്ശേരി, തൃശൂര്‍ രൂപതകളായി പുനഃക്രമീകരിക്കുകയും തദ്ദേശീയ മെത്രാന്മാരെ വാഴിക്കുകയും ചെയ്തു. നീണ്ട 25 വര്‍ഷക്കാലം (1878-1903) ക്രിസ്തുവിന്റെ മാര്‍ഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ സഭയെ സ്തുത്യര്‍ഹമായി നയിച്ച മഹാനായ, വിശുദ്ധനായ, മഹാഇടയനായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ.

സജിയച്ചന്‍ സവിസ്തരം പ്രതിപാദിച്ച 'റേരും നൊവാരും' എന്ന തന്റെ വിശ്വവിഖ്യാത ചാക്രിക ലേഖനത്തിലൂടെ പാപ്പ സഭ എന്താണെന്നും അല്ലെന്നും ഹൃദയസ്പര്‍ശിയായ ഭാഷയില്‍ ലോകത്തിന്റെ മുമ്പില്‍ സധൈര്യം പ്രഘോഷിച്ചു. ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച പുതിയ മാര്‍പാപ്പയില്‍ നിന്ന് സഭയ്ക്കും ലോകത്തിനും ഏറെ പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org