
അഗസ്റ്റിന്‍ ചെങ്ങമനാട്
ഹോണറേറിയം വര്‍ധിച്ചുകിട്ടുന്നതിനുവേണ്ടി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന്റെ മുമ്പില്‍ സമരവുമായി ഇരിക്കുന്നു, യാതൊരു പരിഗണനയും നല്‍കാതെ മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലേക്കു വന്നും പോയുമിരിക്കുന്നു.
കോവിഡു കാലത്ത് ഓടി നടന്നു ആരോഗ്യപ്രവര്‍ത്തകരോടൊപ്പം നടന്നു പ്രവര്‍ത്തിച്ചതൊക്കെ സര്‍ക്കാര്‍ മറന്നു. ഇത് ഇടതു സര്‍ക്കാരിനു ഭൂഷണമാണോ? അന്നൊക്കെ ഇവരുടെ പ്രവര്‍ത്തനത്തെ വാനോളം പുകഴ്ത്തിയിരുന്നവര്‍ ഇന്നെവിടെ?
പ്രതിപക്ഷത്തിന്റേയും മറ്റുള്ള പാര്‍ട്ടിക്കാരുടേയും സഹായം ഇവര്‍ക്കുണ്ടെന്നതല്ലാതെ ജനങ്ങളുടെ സപ്പോര്‍ട്ടും ഇവര്‍ക്കുണ്ട്. തൊട്ടതിനും പിടിച്ചതിനും സമരം ചെയ്യുന്ന ഇടതുപക്ഷ പാര്‍ട്ടിക്കാരുടെ യാതൊരു സഹായവും ഇവര്‍ക്കില്ല.
ആരോഗ്യമന്ത്രിയാണെങ്കില്‍ കണക്കുഫലകം പിടിച്ചുകൊണ്ടു ഓടി നടക്കുന്നു. ഈ മന്ത്രിസഭയാണ് ഏറ്റം കൂടുതല്‍ ആനുകൂല്യം കൊടുക്കുന്നതെന്ന ഗീര്‍വാണമടിക്കുന്നു. തിരഞ്ഞെടുപ്പു കാലത്തു അച്ചടിച്ച പ്രകടനപത്രിക എടുത്ത് ഒന്നുമറിച്ചു നോക്കുക.
അപ്പോള്‍ അറിയും ആനുകൂല്യം എത്ര കൂട്ടിക്കൊടുക്കുമെന്ന്. മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലാത്ത ആനുകൂല്യം ഈ സര്‍ക്കാരാണ് ആശാവര്‍ക്കര്‍മാര്‍ക്കു ചെയ്തിരുന്നതെന്നു ആരോഗ്യമന്ത്രി പറയുമ്പോള്‍ ഇതാ സിക്കിം സര്‍ക്കാരിന്റെ കണക്ക്.
അവര്‍ 2022 മുതല്‍ ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യം 10,000 കൊടുക്കുന്നു എന്ന വാര്‍ത്ത. അതു സ്ഥിരീകരിക്കാന്‍ ആ സര്‍ക്കാരിന്റെ പ്രോഗ്രാം ഓഫീസര്‍ തന്നെ രംഗത്തു വന്നിരിക്കുന്നു.
ആയതിനാല്‍ ആശാവര്‍ക്കന്മാരെ വെയിലത്തിരുത്തി നരകിപ്പിക്കാതെ എത്രയും വേഗം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഒരു ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആഗ്രഹിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.