
സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച സീറോ-മലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍ എന്ന ലേഖനം വളരെ ദൈര്‍ഘ്യമേറിയതായിപ്പോയി. ലേഖനങ്ങള്‍ ഹ്രസ്വമാകുന്നതാണു നല്ലത്. ലേഖനത്തില്‍ വി. കുര്‍ബാനയെ ഒരു പ്രാര്‍ത്ഥനയായി അവതരിപ്പിച്ചിരിക്കുന്നു. ഇതു സ്വീകാര്യമല്ല. വിശുദ്ധ കുര്‍ബാന പ്രഥമവും പ്രധാനവുമായി ബലിയാണ്. യേശുനാഥന്‍ ഗാഗുല്‍ത്തായില്‍ അര്‍പ്പിച്ച ബലിയുടെ പുനരാവിഷ്‌ക്കാരം – re enactment.
നമ്മുടെ വി. കുര്‍ബാനയില്‍ നാലു പ്രണാമജപങ്ങളുണ്ട്. കൂദാശവചനങ്ങള്‍ ഉച്ചരിക്കുന്നതിനു മുമ്പ് മൂന്നും അതിനുശേഷവും നാലാമത്തേതും. ഈ പ്രണാമജപത്തിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ കൂടുതല്‍ സ്വീകാര്യമാകും എന്നു ഞാന്‍ കരുതുന്നു. ഒന്നാം പ്രണാമ ജപത്തില്‍ ദൈവം മനുഷ്യവംശത്തിനു ചെയ്തിട്ടുള്ള നന്മകള്‍ക്കു നന്ദി പ്രകാശിപ്പിക്കുന്നു. രണ്ടാം പ്രണാമ ജപത്തില്‍ ത്രിതൈ്വക ദൈവത്തെ സ്തുതിക്കുന്നു. മൂന്നാമത്തെ പ്രണാമ ജപത്തില്‍ യേശു സാധിച്ച രക്ഷയെ അനുസ്മരിപ്പിക്കുന്നു. "അങ്ങയോടുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ അവിടുന്നു തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടും കൂടെ പരിപൂര്‍ണ മനുഷ്യനായി സ്ത്രീയില്‍ നിന്നു ജാതനായി നിയമത്തിനു അധീനരായവരെ ഉദ്ധരിക്കുവാന്‍ നിയമത്തിനു വിധേയനാകുകയും ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏര്‍പ്പെടുത്തുകയും ചെയ്തു."
ഈ ഭാഗം ഫിലിപ്പി രണ്ടാം ലേഖനത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ്. ഇതിനു പ്രാരംഭമായി അവതരിപ്പിച്ചിരിക്കുന്ന വാചകം ചേര്‍ത്താല്‍ കൂടുതല്‍ അര്‍ത്ഥവത്താകും. "ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ, മറിച്ചു മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം, യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ."
ഫാ. ആന്റണി ഇലവുംകുടി