
ഡോ. ജോസ് കുറിയേട ത്തിന്റെ പ്രബന്ധം വായിച്ച ഒരു സാധാരണക്കാരനായ വിശ്വാസിയാണ് ഞാന്‍. പ്രൗഢഗംഭീരമായ പ്രബന്ധ ത്തില്‍ അദ്ദായി, മാറി, തിയഡോര്‍, നെസ്‌തോര്‍ എന്നീ അനാഫൊറ രചയിതാക്കളെക്കുറിച്ച് പരാമര്‍ശിക്കു ന്നുണ്ടെങ്കിലും ഇവരുടെ അനാഫൊറകള്‍ എങ്ങനെ വ്യത്യസ്തപ്പെടുന്നുവെന്നോ സാധാരണക്കാരനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നോ വ്യക്തമാവുന്നില്ല. അനാഫൊറാകള്‍ രചിച്ചത് ആരുമാവട്ടെ, ക്രിസ്തു വചനങ്ങളാണ് വിശ്വാസികളെ സ്വാധീനിക്കുന്നത്. എവിടെയെങ്കിലും വിവാദങ്ങള്‍ സൃഷ്ടിച്ചു വിഭാഗീയത സൃഷ്ടിക്കണമെന്ന് താല്പര്യമുള്ള പണ്ഡിതന്മാരാണ് അനാഫൊറകളെ ഉയര്‍ത്തി സുദീര്‍ഘ മായ രചനകള്‍ക്ക് മുതിരുന്നത് എന്ന് പറയുമ്പോള്‍ സാധാരണക്കാരുടെ ബോധ്യം അത്രക്കേയുള്ളൂ എന്ന് ധരിച്ചാല്‍ മതി.
ഗവണ്‍മെന്റ് മെഡിക്കല്‍ സര്‍വിസില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ആയ എന്റെ മകള്‍ കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ഞായറാഴ്ച സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വരുമ്പോള്‍ കോട്ടയത്തെ കത്തോലിക്കാ ദൈവാലയങ്ങളിലെ ശുശ്രൂഷകളെ ക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഓരോ ദൈവാലയത്തിലെയും കുര്‍ബാന സമയം, ജനാഭിമുഖ ശുശ്രൂഷയാണോ, അള്‍ത്താരാഭിമുഖ ശുശ്രുഷയാണോ, പ്രസംഗത്തിന് എത്ര സമയം എടുക്കും, കാര്‍ പാര്‍ക്കിങ്ങിനു സൗകര്യമുണ്ടോ, എന്നീ കാര്യങ്ങള്‍ വിശദമായി എന്നോട് ചോദിക്കാറുണ്ട്. പുതിയ തലമുറയ്ക്ക് പ്രസക്തമായ പലകാര്യങ്ങളും ഈ അന്വേഷണത്തില്‍ അടങ്ങുന്നു. ഈ കോവിഡ് കാലത്ത് വീടുകളില്‍ ഇരുന്ന് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ ബഹുഭൂരിപക്ഷവും, ഗുഡ്‌നെസ്സ്, ശാലോം എന്നീ ചാനലുകളില്‍ ലഭ്യമാകുന്ന കുര്‍ബാനയാണ് ആസ്വദിക്കുന്നത്.
അനാഫൊറകളെക്കുറിച്ച് സാധാരണക്കാരന് അത്ര പ്രാധാന്യമേറിയ പരിചിന്തനം ഒന്നുമില്ല. കൂടുതല്‍ പ്രാധാന്യമുള്ള മറ്റു പല താല്പര്യങ്ങളുണ്ടെന്ന കാര്യം ആരാധനാക്രമ പണ്ഡിതര്‍ അറിയണമെന്ന് താത്പര്യപ്പെടുന്നു.
ജയിംസ് ഐസക്ക് കുടമാളൂര്‍