മഞ്ഞാക്കല്‍ അച്ചന്റെ മധുരസ്വപ്‌നം

ജയിംസ് ഐസക്ക്, കുടമാളൂര്‍
മഞ്ഞാക്കല്‍ അച്ചന്റെ മധുരസ്വപ്‌നം

പ്രസിദ്ധ ധ്യാനഗുരുമായ ബഹു. ജയിംസ് മഞ്ഞാക്കല്‍ അച്ചന്റെ ഒരു വീഡിയോ പ്രഭാഷണം ശ്രദ്ധേയമായി. കര്‍ത്താവായ യേശുവിനെ രക്ഷകനായി സ്വീകരിച്ച എല്ലാ ക്രൈസ്തവസഭകളും ഒരേ വേദിയില്‍ ഒന്നിച്ച് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഉരുവിട്ടാല്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവ് അനുഗ്രഹങ്ങള്‍ ചൊരിയും എന്ന പ്രസ്താവന ശരിതന്നെ, എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. അറിവുള്ളവര്‍ വിശദീകരിക്കട്ടെ.

ഇന്നുള്ള എല്ലാ ക്രൈസ്തവസഭകള്‍ക്കും ചില കുറവുകള്‍ ഉണ്ട്. ആടുകള്‍ക്കു ഇടയന്മാരില്‍ വിശ്വാസം ഇല്ലാതായിരിക്കുന്നു. റബറിനു കിലോക്ക് 300 രൂപ നിശ്ചയിച്ചാല്‍ ഹിന്ദു മതം രാഷ്ട്രമതമായി പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത വര്‍ഗീയ പാര്‍ട്ടികള്‍ക്കുപോലും പിന്‍തുണ വാഗ്ദാനം ചെയ്യുന്ന ഇടയന്മാര്‍ നമുക്കുണ്ട്. എല്ലാ സഭാവിഭാഗങ്ങളും പരസ്പരം സംശയത്തോടെ കുറ്റാരോപണം നടത്തുമ്പോള്‍ ഏക മനസ്സോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കണമെങ്കില്‍ ഏവരും വഴിയും സത്യവും ജീവനുമായ യേശുവിനോടു താദാത്മ്യം പ്രാപിക്കണം. എന്നാല്‍ വിശ്വാസം ചൂഷണം ചെയ്ത് ധനസമാഹരണം നടത്തണമെന്ന് മാത്രം ചിന്തിക്കുന്നവര്‍ എങ്ങനെ യേശുവിന്റെ നാമത്തില്‍ ഒത്തുചേരും.

സെവന്‍ത് ഡേ അഡ്‌വെന്റിസ്റ്റ് എന്ന പ്രോട്ടസ്റ്റന്റ് സഭയുടെ പഠനങ്ങള്‍ അറിയാം. ശനിയാഴ്ച ദിവസമാണ് അവര്‍ സാബത്ത് ആചരിക്കുന്നത്. ആരോഗ്യത്തിലും ഭക്ഷണക്രമത്തിലും നിയമാവര്‍ത്തന ഗ്രന്ഥത്തില്‍ വിവരിക്കുംവിധം ചിട്ടകള്‍ പാലിക്കുന്നു. പന്നിമാംസവും മദ്യപാനവും നിഷിദ്ധം. 'ആരോഗ്യം' എന്ന പേരില്‍ ഇവരുടെ ഒരു പ്രസി ദ്ധീകരണം വര്‍ഷങ്ങള്‍ക്കു മുന്‍പേ വായിച്ചിരുന്നു. ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ പരസ്പരം മനസ്സിലാക്കി സ്വയം ശുദ്ധീകരിക്കുമെങ്കില്‍ മഞ്ഞാക്കല്‍ അച്ചന്റെ സ്വപ്‌നം മധുരിക്കും. ക്രിസ്തുവിനു പൂര്‍ണ്ണ ദൈവത്വം ഇല്ല എന്നു പഠിപ്പിക്കുന്ന യഹോവയുടെ സാക്ഷികള്‍ക്കുപോലും ചില നല്ല ഗുണങ്ങള്‍ ഉണ്ട്. മരണാനന്തരം ഒരു ജീവിതം ഇവര്‍ വിശ്വസിക്കുന്നില്ല. പാപത്തില്‍ മരിക്കുന്നവര്‍ നിത്യമായി ശൂന്യതയില്‍ ലയിക്കുന്നു. പിതാവായ ദൈവത്തിനു സാക്ഷികളായ 144000 പേര്‍ മരിക്കാതെ ക്രിസ്തുവിനോടു ചേരും. ദൈവത്തിനു പ്രിയങ്കരായ കുറെപേര്‍ ഉത്ഥാനം ചെയ്യും. അവര്‍ 1000 വര്‍ഷം ക്രിസ്തുവിനൊപ്പം ഇവിടെ വസിക്കും. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും വിശുദ്ധരോടുള്ള പ്രാര്‍ത്ഥനയും ഇല്ലാത്തതിനാല്‍ പ്രോട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ വിശ്വാസചൂഷണം കുറവാണ്. പക്ഷേ, ആധുനിക തട്ടിപ്പുമാര്‍ഗങ്ങള്‍ വഴി വമ്പിച്ച ധന സമാഹരണം നടത്തുന്ന നിരവധി സഭകള്‍ ഇവിടെയുണ്ട്. ഇവര്‍ കത്തോലിക്കാ സഭയെ അന്തിക്രിസ്തുവിന്റെ പ്രസ്ഥാനമായി കാണുന്നു.

മാര്‍തോമ്മ സഭയില്‍ ഒരു ഉപദേശി അമേരിക്കയില്‍ പോയി ബൈബിള്‍ പഠിച്ചശേഷം, സ്വന്തമായി തുടങ്ങിയ സഭയാണ് ബിലിവേഴ്‌സ് ചര്‍ച്ച്, പ്രോട്ടസ്റ്റന്റ് സഭാധ്യക്ഷനില്‍ നിന്നു കൈവയ്പ്പ് സ്വീകരിച്ചു ബിഷപ് ആയി. ഇദ്ദേഹത്തിന്റെ കൈവയ്പിനു അപ്പസ്‌തോലിക പിന്‍തുടര്‍ച്ച ഉണ്ടെന്നു കാണിക്കുന്ന പരസ്യം കത്തോലിക്കാ പത്രമായ ദീപികയില്‍ പോലും പ്രസിദ്ധീകരിച്ചു. ചുരുക്കത്തില്‍ അവിഹിതമായി പണം നേടുന്നതില്‍ കത്തോലിക്കാ സഭയും പ്രോട്ടസ്റ്റന്റ് സഭകളും ഓര്‍ത്തഡോക്‌സ് സഭകളും മടിക്കുന്നില്ല.

ഇന്നു നിലവിലുള്ള കത്തോലിക്കാ സഭ 24 സ്വയാധികാര സഭകളാണ്. ഇതില്‍ 23 സഭകളും പൗരസ്ത്യം എന്ന് അറിയപ്പെടുന്നു. മോശയുടെ കാലം മുതല്‍ ആരംഭിച്ച യഹൂദ പൗരോഹിത്യ ആചാരങ്ങളും വേഷ ഭൂഷാദികളും പിന്‍തുടരുന്ന പൗരസ്ത്യസഭകള്‍ ഇന്നു മുസ്‌ലീം അധിനിവേശത്താല്‍ നിര്‍ജീവമായ അവസ്ഥയിലാണ്. നമ്മുടെ സീറോ മലബാര്‍ സഭയും ഒരു പൗരസ്ത്യ സഭതന്നെ. റോമാ സാമ്രാജ്യത്തിന്റെ പ്രൗഡിയും അച്ചടക്കവും ഭരണക്രമങ്ങളും പിന്‍തുടരുന്ന റോമന്‍ കത്തോലിക്കാ സഭ പാശ്ചാത്യ സംസ്‌കാരം അവകാശപ്പെടുന്നു. പാശ്ചാത്യം പൗരസ്ത്യം എന്ന പേരില്‍ രണ്ടു വിഭാഗങ്ങള്‍ നിലനിര്‍ത്തുന്നത് കര്‍ത്താവായ യേശുവിന്റെ വീഷണത്തിനു ചേര്‍ന്നതല്ല എന്നതാണ് ഈയുള്ളവന്റെ കാഴ്ചപ്പാട്. യഥാര്‍ത്ഥ ദൈവരാജ്യാനുഭവത്തിനു പാ ശ്ചാത്യം, പൗരസ്ത്യം, ഓര്‍ത്തഡോക്‌സ്, പ്രോട്ടസ്റ്റന്റ്, കത്തോലിക്കാ എന്ന വിഭാഗീയതകള്‍ ഇല്ല.

എല്ലാ സഭകളും ഒന്നാകുന്നതിന്റെ ആദ്യ നടപടിയായി കത്തോലിക്കാ സഭയിലെ വിഭാഗീയതകള്‍ അവസാനിപ്പിക്കണം. ബഹു. മഞ്ഞാക്കലച്ചന്റെ പ്രഖ്യാപിത മധുരസ്വപ്‌നം യാഥാര്‍ത്ഥ്യവല്‍ക്കരിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org