ആരാധന ശബ്ദത്തിന്റെ ഉയരത്തിൽ അല്ല, ആത്മാവിന്റെ ആഴത്തിലാണ്

ആരാധന ശബ്ദത്തിന്റെ ഉയരത്തിൽ അല്ല, ആത്മാവിന്റെ ആഴത്തിലാണ്
Published on

ഇന്ന് നമ്മുടെ പല പള്ളികളിലെയും ആരാധനയും പ്രാർത്ഥനയും ഗൗരവമായ ഒരു ആത്മപരിശോധന ആവശ്യപ്പെടുന്ന അവസ്ഥയിലാണ്. ആരാധന, ഹൃദയങ്ങളെ ദൈവത്തോട് ചേർക്കേണ്ട അനുഭവമാകേണ്ടതിന് പകരം, പലപ്പോഴും വ്യാപാരമായി മാറുകയും, ലൈവ് ഷോകളുടെയും റോക്ക് ബാൻഡ് പ്രകടനങ്ങളുടെയും രൂപം കൈക്കൊള്ളുകയും ചെയ്യുന്നു.

പ്രാർത്ഥനകൾ ആത്മീയതയോടെയും വിനയത്തോടെയും ശാന്തിയോടെയും ചൊല്ലുമ്പോഴാണ് അത് ഹൃദയത്തിൽ തുളച്ചു കയറുന്നത്. എന്നാൽ ഇന്ന് പല ഇടങ്ങളിലും പ്രാർത്ഥനകൾ ജനങ്ങളുടെ ചെവികളിലേക്ക് ചെവിയടപ്പിക്കുന്ന, അസഹ്യമായ സ്വരത്തിൽ, ചെവികൾ പോലും ഇളകിപ്പോകുന്ന രീതിയിലാണ് എത്തുന്നത്. പ്രാർത്ഥന ഹൃദയത്തിലേക്കാണ് കടക്കേണ്ടത്; ചെവിയിൽ കുത്തിക്കയറേണ്ടത് അല്ല.

പാട്ടുകളും സ്തുതികളും ആത്മീയത ഉണർത്തുന്ന രീതിയിൽ, മെലോഡിയസായും കോറസ് സിംഗിങ്ങായും ആയിരിക്കണം. ആരാധന ഒരു വൺ-മാൻ ഷോ ഗാനമേള ആയി മാറരുത്. വലിയ സൗണ്ട് സിസ്റ്റം ഉണ്ടെന്നതുകൊണ്ട് അതിന്റെ മുഴുവൻ വോളിയവും ഡിസ്റ്റോർഷനോടെ ജനങ്ങളുടെ ചെവിയിൽ കുത്തിക്കയറ്റിയാൽ ആത്മീയത ഉണ്ടാകില്ല. പകരം, അത് ചെവികൾക്ക് ക്ഷതം, മാനസിക അസ്വസ്ഥത, ശ്രദ്ധക്കുറവ് എന്നിവ സൃഷ്ടിക്കും.

ഡിസ്റ്റോർട്ടഡ് സൗണ്ട് ഒരു “സൈലന്റ് കില്ലർ” ആണ്. കാരണം, distortion ഉള്ള ശബ്ദം മനുഷ്യന്റെ ചെവിയിലെ inner ear (cochlea) നെ നിശ്ശബ്ദമായി നശിപ്പിക്കുന്നു. പലപ്പോഴും ആളുകൾക്ക് അതിന്റെ അപകടം ഉടൻ തിരിച്ചറിയാനാവില്ല. ഒരു മനുഷ്യന് സാധാരണയായി സുരക്ഷിതമായി കേൾക്കാൻ കഴിയുന്ന ശബ്ദമർദ്ദനില (Sound Pressure Level) 60-85 dB വരെ മാത്രമാണ്, അതും പരിമിതമായ സമയത്തേക്ക് മാത്രം. 85 dB-ന് മുകളിലുള്ള ശബ്ദം ദീർഘസമയം കേൾക്കുന്നത് കേൾവി ക്ഷയത്തിനും സ്ഥിരമായ hearing loss-നും കാരണമാകും. 120 dB മനുഷ്യന് സഹിക്കാനാകുന്ന പരമാവധി പരിധി (Threshold of Pain) ആണ്. ഈ നിലയിൽ ശബ്ദം കേൾക്കുന്നത് തന്നെ വേദന ഉണ്ടാക്കും.

120 dB-ന് മുകളിൽ പോകുന്ന ശബ്ദം വളരെ ഗുരുതരമാണ്; അത് ചെവിയിൽ ഉടൻ തന്നെ സ്ഥിരമായ കേൾവി നാശം (permanent hearing damage) ഉണ്ടാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഡിസ്റ്റോർട്ടഡ് ശബ്ദം dB കുറവായാലും ചെവിക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നു, കാരണം harsh harmonicsയും clipping ഉം ചെവിയുടെ സ്വാഭാവിക പ്രതിരോധശേഷിയെ വേഗത്തിൽ ക്ഷീണിപ്പിക്കുന്നു.

അതിനാൽ, distortion ഉള്ള ഉയർന്ന ശബ്ദം ദീർഘസമയം കേൾക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ അപകടമാണ്.

ഇതോടൊപ്പം, ഇന്ന് നിരവധി പള്ളികൾ വലിയ Line Array സ്പീക്കർ സിസ്റ്റങ്ങൾ വാങ്ങിയിട്ടുണ്ട്. എന്നാൽ അവയിൽ പലതും ആരാധനാലയത്തിന്റെ ആത്മീയ അന്തരീക്ഷത്തിന് അനുയോജ്യമായി ശരിയായ രീതിയിൽ ട്യൂൺ ചെയ്തിട്ടില്ല. ലൈൻ അറേ സിസ്റ്റങ്ങൾ വലിയ കൺസർട്ടുകൾക്കും ഔട്ട്‌ഡോർ ഇവന്റുകൾക്കുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ EQ, ഡിലേ, അലൈന്മെന്റ്, SPL നിയന്ത്രണം, ഹാൾ അക്കൗസ്റ്റിക്സ് എന്നിവ ഇല്ലാതെ ഉപയോഗിക്കുമ്പോൾ, ശബ്ദം കഠിനവും കാതിനെ ക്ഷീണിപ്പിക്കുന്നതുമായിത്തീരും.

അപ്പോൾ ആരാധന പ്രാർത്ഥനയാകാതെ, ശ്രദ്ധ തിരിക്കുന്ന ശബ്ദാനുഭവമായി മാറുന്നു. പള്ളിയിലെ സൗണ്ടിന്റെ ലക്ഷ്യം ശക്തിയല്ല, മറിച്ച് വ്യക്തത, ഊഷ്മളത, ബാലൻസ് എന്നിവയാണ്. ഓരോ പ്രാർത്ഥനയും ഓരോ വചനവും ഹൃദയത്തിലേക്ക് ശാന്തമായി എത്തിക്കുക യാണ് ശബ്ദസാങ്കേതികവിദ്യയുടെ യഥാർത്ഥ ദൗത്യം.

വലിയ സിസ്റ്റങ്ങൾക്കു വേണ്ടത് വലിയ ശബ്ദമല്ല - ശരിയായ ട്യൂണിംഗ്, ആരാധന ശബ്ദത്തിന്റെ ഉയരത്തിൽ അല്ല, ആത്മാവിന്റെ ആഴത്തിലാണ് അളക്കപ്പെടേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org