ചെറിയാന്‍കുഞ്ഞ് നെടുംകുളത്ത്, തൃക്കാക്കര
2024 ജനുവരി മാസത്തില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന നിയോഗപ്രാര്‍ത്ഥന സഭയിലെ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് മുമ്പോട്ടുപോകുക എന്നതാണ്. പരിശുദ്ധാത്മാവു നയിക്കുന്ന ആഗോള കത്തോലിക്ക സഭയില്‍ ആരാധന രീതികളുടെ പ്രത്യേകതയാല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത് സഭയ്ക്ക് ഒരിക്കലും ഒരു ന്യൂനത അല്ല; മറിച്ച് എല്ലാവിധ വൈവിധ്യങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് സൗഹാര്‍ദപരമായ നിലനില്പാണ് സഭയുടെ ഇന്നത്തെ ആവശ്യമെന്നാണ് മാര്‍പാപ്പ സംശയലേശമെന്യേ ഉത്‌ബോധിപ്പിക്കുന്നത്. ഇത്തരുണത്തിലാണ് പൗരസ്ത്യ സ്വതന്ത്ര സഭകളില്‍ നിലനില്ക്കുന്ന വ്യത്യസ്തമായ ആരാധനാ രീതികള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യം മാര്‍പാപ്പ എടുത്തു പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ''നാനാത്വത്തിലെ ഏകത്വം'' എന്ന പ്രതിഭാസം നമ്മുടെ ആര്‍ഷഭാരതത്തില്‍ നമ്മുടെ രാജ്യം ഒന്നായി അംഗീകരിച്ചിരിക്കുന്ന ഭരണഘടനയുടെ പിന്‍ബലത്തോടെ നിലനില്‍ക്കുന്നതുപോലെ സഭയില്‍ പരിശുദ്ധാത്മാവിന്റെ ജീവനുള്ള സാന്നിധ്യം ആണ് വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ആഗോള കത്തോലിക്ക സഭയെ ദൈവപരിപാലനയില്‍ നയിക്കുന്നത്. ഈ തിരിച്ചറിവാണ് മാര്‍പാപ്പയുടെ ചിന്തയില്‍ കൂടിയും പ്രവൃത്തിയില്‍ കൂടിയും പ്രാര്‍ത്ഥനയില്‍ കൂടിയും പ്രകടമാകുന്നത്.
മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നമ്മുടെ സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും അതുമൂലം ദേവാലയങ്ങള്‍ അടച്ചിടുന്ന സംഭവങ്ങളുമൊക്കെ എങ്ങനെയാണ് ഉണ്ടായതെന്ന് നമുക്കോരോരുത്തര്‍ക്കും അറിവുള്ളതാണല്ലോ. അനേകവര്‍ഷങ്ങളായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന അര്‍പ്പണ രീതി മാറ്റി അള്‍ത്താരാഭിമുഖ രീതിയിലേക്കു മാറ്റുവാന്‍ സിനഡു തീരുമാനത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന ഇപ്പോഴത്ത അനുസരണാധിഷ്ഠിതമായ നിര്‍ബന്ധം എല്ലാ വിശ്വാസികളിലേക്കും മാര്‍പാപ്പ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വൈവിധ്യങ്ങളോടുള്ള അനുരഞ്ജന സമീപനത്തിന് എതിരാകുകയില്ലേ? വളരെ ലളിതമായി പറഞ്ഞാല്‍ ഈ രൂപതയിലെ അല്‍മായ വിശ്വാസികളോടും പുരോഹിതരോടും സന്ന്യസ്തസഭകളോടുമൊക്കെ ആശയവിനിയമം നടത്തി അഭിപ്രായ സമന്വയം രൂപീകരിക്കാതെ മെത്രാന്‍ സിനഡില്‍ ഏകാധിപത്യപരമായി തീരുമാനം എടുത്തിട്ട് അത് അനുസരിപ്പിക്കുവാന്‍ ശ്രമിക്കുക എന്ന വ്യത്യസ്തമായ സമീപനം മാര്‍പാപ്പ ഊന്നി പറയുന്ന പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന നമ്മുടെ പൗരസ്ത്യസഭയ്ക്ക് അഭിലഷണീയമാണോ? ഇവിടെയാണ് പിതാക്കന്മാരുടെ പിതാവെന്നു പരിഗണിക്കുന്ന മാര്‍പാപ്പയുടെ വീക്ഷണവും നമ്മുടെ സിനഡു പിതാക്കന്മാരുടെ വീക്ഷണവും തമ്മിലുള്ള വ്യത്യാസം. ഒരു പക്ഷെ, നമുക്കു മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയിലുള്ള കഴിഞ്ഞ മെത്രാന്‍ സിനഡിന്റെ തീരുമാനം ഇതിനുമുമ്പ് വര്‍ഷങ്ങളായി നിലനിന്നിരുന്ന പ്രഗത്ഭരായ സഭാ നേതൃത്വങ്ങളും സിനഡും എന്തുകൊണ്ട് എടുത്തില്ല എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.
സുവിശേഷങ്ങളില്‍ കാണുന്ന യേശുക്രിസ്തു ആര്‍ദ്രതയുടെയും കരുണയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലൂടെ ആടുകളെ നയിച്ചപ്പോള്‍ ഇന്നത്തെ അജപാലകര്‍ അനുരഞ്ജനത്തിന്റെയും അനുകമ്പയുടെയും ലേപനത്തിനു പകരം അനുസരിപ്പിക്കുന്ന വിധത്തിലുള്ള തീരുമാനം അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുന്നത് എത്ര ദയനീയമാണ്. ഇവിടെയാണ് മേല്‍പട്ടക്കാരുടെ അജപാലന ദൗത്യം നിര്‍വഹിക്കുന്ന രീതിയില്‍ ഇപ്പോള്‍ വരുത്തിയ പരിഷ്‌ക്കരണം തികച്ചും വിപരീതഫലം ഉളവാക്കുന്നത്. ഇനി ഇതില്‍ നിന്നു കരകയറി എറണാകുളം-അങ്കമാലി അതിരൂപത പരിശുദ്ധാത്മാവും മാര്‍പാപ്പയും കാണിച്ചുതരുന്ന വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സ്ഥിതി പുതിയ സിനഡ് തീരുമാനത്തിലൂടെ സംജാതമാകട്ടെ എന്ന് പ്രത്യാശിക്കാം.