
സത്യദീപത്തിന്റെ 26-ാം ലക്കത്തില്‍ ഫാ ലൂക്ക് പൂതൃക്ക 'പള്ളി പ്രസംഗം' എന്ന ശീര്‍ഷകത്തില്‍ രേഖപ്പെടുത്തിയ കുറിപ്പിനു അനുബന്ധമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. നമ്മുടെ പള്ളി പ്രസംഗങ്ങള്‍ സുവിശേഷ ഭാഗത്തിന്റെ എക്‌സിജറ്റിക്കല്‍ സ്റ്റഡിയും അതിന്റെ വിശദീകരണവും മാത്രമാകാതെ കാലിക വിഷയങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുവാന്‍ വൈദികര്‍ ശ്രമിക്കണമെന്ന അഭിപ്രായത്തോടു യോജിക്കുന്നു. എന്നാല്‍ ഇന്നു നടക്കുന്ന പള്ളിപ്രസംഗങ്ങള്‍ ഏറെയും അലസവും വിരസതയുളവാക്കുന്നതും പഴകി ദ്രവിച്ച വാക്കുപയോഗിച്ചുകൊണ്ടു തന്നെ പറയട്ടെ 'ക്ലീഷേ'യുമാണ്.
ചില പാതിരിമാര്‍ അവരുടെ പരാതികള്‍, കുറ്റപ്പെടു ത്തലുകള്‍, നീരസങ്ങള്‍ എന്നിവ പ്രകടമാക്കുന്നതി നു വേണ്ടിയും മറ്റും ഈ പാവന വേദികളില്‍ ചര്‍വ്വി തചര്‍വ്വണം നടത്തുന്നു. വചനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ സമയബന്ധിതമായി കാമ്പുള്ള പ്രസംഗം നടത്തുന്ന ധാരാളം അച്ചന്‍മാര്‍ നമുക്കുണ്ട്. അവരെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. പള്ളി പ്രസംഗങ്ങള്‍ പ്രചോദനമാകണം. ആമുഖമായി പാരായണം ചെയ്യുന്ന തിരുവചനങ്ങള്‍ ജീവിതസാഗരത്തില്‍ കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കാനുള്ള ഇളംകാറ്റാകണം പള്ളിപ്രസംഗങ്ങള്‍. അതിനായി വൈദികര്‍ പാകപ്പെടണം. പറ്റുമെങ്കില്‍ ആയതിന് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാകണം.
കെ.എ. വര്‍ഗീസ്, തുരുത്തിപ്പുറം