സ്വന്തം ജനത്തെ കൈയൊഴിയുന്ന ക്രൈസ്തവനേതൃത്വം

ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍, കോട്ടയം

ഇന്ത്യയിലെ 20% വരുന്ന ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷം ഉള്ളവരില്‍നിന്നും യാതൊരു അവഗണനയും ഒരിക്കലും നേരിടരുതെന്ന് ഉറപ്പാക്കുന്നതിനാണ് ഭരണഘടനാ ശില്പികളായ ഭൂരിപക്ഷ നേതാക്കള്‍തന്നെ ഭരണഘടനയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ എഴുതിച്ചേര്‍ത്തത്. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം ഉള്ളതിനാല്‍ ഭരണകൂടങ്ങളില്‍ നിന്നും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യാതൊരുവിധ അവഗണനയും ഉണ്ടാകുകയുമില്ല.

ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ഭരണ സമിതികളില്‍ വോട്ടിംഗ് ഉണ്ടാകുകയുമില്ല.

അംഗസംഖ്യയില്‍ കുറഞ്ഞു വരുന്ന പാര്‍സിസമൂഹത്തെ സംരക്ഷിക്കുവാന്‍ 2015-ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആ സമൂഹത്തിനു വേണ്ടി ഒരു പദ്ധതി പ്രഖ്യാപിക്കുകയും ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു എന്നത് എത്രയോ അഭിനന്ദനീയമാണ്.

ന്യൂനപക്ഷ സമൂഹങ്ങളെ ഉദ്ധരിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം ഭരണഘടനപ്രകാരം അതാത് ന്യൂനപക്ഷ സമുദായ നേതാക്കള്‍ക്കാണ്. ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ മുസ്ലീം സമുദായം ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ ന്യൂനപക്ഷ ക്രൈസ്തവ നേതാക്കള്‍ സമുദായത്തിനു വേണ്ടി എടുത്തു പറയത്തക്ക വിധം യാതൊരു ഗുണവും ചെയ്യുന്നില്ല എന്നത് വേദനയോടെ മാത്രമേ പറയാനാകൂ.

ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും വളരുവാനുള്ള ധാരാളം പദ്ധതികള്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ട് അതൊക്കെ കണ്ടെത്തി സമുദായ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ നേതാക്കള്‍ ശ്രദ്ധി ക്കാറില്ല. ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ സ്വസമുദായത്തെ ഉയര്‍ത്താന്‍ ശ്രദ്ധിക്കാതെ തങ്ങളെത്തന്നെ പോറ്റുമ്പോള്‍ മറുവശത്ത് ന്യൂന പക്ഷങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി വീതിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹരായ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ മുസ്ലീം നേതാക്കള്‍ അനധികൃതമായി സ്വസമുദായങ്ങള്‍ക്കായി ഒളിച്ച് കടത്തുകയായിരുന്നു. 80:20 എന്ന അനീതി പരമായ വിതരണ ഫോര്‍മുല സൃഷ്ടിച്ചെടുത്തത് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ്. എതിര്‍ക്കാന്‍ സാധ്യതയുള്ളവരെ നേരത്തെ തന്നെ അവര്‍ നിശബ്ദരാക്കിയിരുന്നു.

ഭരണ സ്വാധീനത്തിന്റെ മറവില്‍ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് നൂണ്ട് കയറി കമ്മീഷനെ കൈയടക്കി നിയന്ത്രിക്കുന്ന മുസ്ലീം നേതാക്കള്‍ പല പദ്ധതികളിലും മറ്റു വിഭാഗത്തില്‍ നിന്നും അപേക്ഷകരില്ലെന്ന് കാട്ടി അവര്‍ക്കുള്ള അവകാശം കൂടി കൈവശപ്പെടുത്തി പോന്നു. അവര്‍ അവരുടെ ആളുകളെ എല്ലാ കാര്യങ്ങളും അറിയിച്ച് ആനുകൂല്യങ്ങള്‍ നേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അതേസമയം ന്യൂനപക്ഷാവകാശം തങ്ങളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ ഉള്ള അവകാശം ആയി കണ്ട് അതിന്റെ തിരക്കിലായിരുന്നു ക്രൈസ്തവ സഭാ നേതാക്കള്‍.

ഭരണഘടനയുടെ മുപ്പതാം വകുപ്പ് പ്രകാരമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം ലഭിച്ചിരിക്കുന്നത്. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്കിഷ്ടപ്പടിയുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അവകാശം ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരത്തെ നിലനിര്‍ത്താനുള്ള അവകാശത്തിന്റെ ഭാഗമാണ് 30-ാം വകുപ്പ്. ഇത് ഒരു മത അവകാശമല്ല. വകുപ്പില്‍ ഇങ്ങനെ പറയുന്നു: All minorities, whether based on religion or language shall have the right to establish and admini-ster educational institution of their choice.

ഈ പശ്ചാത്തലത്തിലാണ് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വാദിയായി ഒരു കേസ് ഹൈക്കോടതിയില്‍ എത്തുന്നത് 80:20 എന്ന അനീതിയെക്കുറിച്ച് അഡ്വക്കേറ്റ്മാരായ ജൂലിയാന്‍ സേവറും, രാജു ജോസഫും വളരെ വ്യക്തമായി കോടതിയെ ബോധ്യപ്പെടുത്തിയത് പ്രകാരം ലഭിച്ച വിധി ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ലഭിച്ച ചരിത്രപ്രധാനമായ ഒരു നീതിവിധിയായിരുന്നു.

കോടതിവിധി പ്രകാരം ഭരണകൂടം സര്‍വ്വ കക്ഷി യോഗം വിളിക്കുകയും മുസ്ലീങ്ങള്‍ക്കു ലഭിക്കുന്ന നിലവിലെ ആനുകൂല്യങ്ങള്‍ കുറയാതെ തന്നെ ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായി 40:87% ലഭിക്കുന്നതിനായി ആകെയുള്ള ആനുകൂല്യം വര്‍ദ്ധിപ്പിച്ച് ഉത്തരവായി.

പിന്നീട് കാണുന്ന നാടകം വിചിത്രമാണ്. മുസ്ലീം നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയും ഹൈക്കോടതി വിധിക്കെതിരെ കേരള ഗവണ്‍മെന്റിനെ കൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുപ്പിക്കുകയും ചെയ്തു. കൂടാതെ മറ്റു നാല് മുസ്ലീം സം ഘടനകളും കക്ഷി ചേര്‍ന്നിരിക്കുകയാണ്. മൈനോരിറ്റി ഇന്ത്യന്‍ പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ്, എംഎസ്എം കേരള സ്റ്റേറ്റ് കമ്മിറ്റി, അന്‍വര്‍ സാദത്ത് വിഎം, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് (ജമാഅത്തെ ഇസ്ലാമി ഹിന്ദ്) ഇവരാണ് മറ്റു കക്ഷികള്‍. ഓര്‍ക്കണം മുസ്ലീം വിഭാഗത്തിന് നിലവിലെ ആനുകൂല്യത്തിന് ഒരു കുറവും വരില്ല എന്നിട്ടും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ എതിര്‍പ്പ് എന്താണെന്ന് നമ്മള്‍ മനസ്സിലാക്കിയിരിക്കുക.

ചരിത്രപ്രസിദ്ധമായ കോടതി വിധി അല്മായ വിശ്വാസികള്‍ നേടിയെടുത്തിട്ടും ക്രൈസ്തവ നേതാക്കള്‍ മൗനത്തിലാണ്. എന്തിനീ പണിക്കുപോയി എന്ന നിലയിലാണ് ചില മെത്രാന്മാര്‍.

കേസ് സുപ്രീംകോടതിയില്‍ താമസിയാതെ വരും. കൈസ്തവരുടെ ഭാഗത്തുനിന്നും മറ്റാരും കക്ഷി ചേര്‍ന്നിട്ടില്ല. ഈ പോരാട്ടം പരാജയപ്പെട്ടാല്‍ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ഭാവി ഇരുളടഞ്ഞതായി മാറും. കേസില്‍ കക്ഷി ചേരണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് മെത്രാന്മാര്‍ മൗനത്തിലാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ക്വാട്ട ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് മുന്‍പ് ഹൈക്കോടതിയില്‍ നിന്നും ഒരാള്‍ ഒരു വിധി സമ്പാദിച്ചിരുന്നു. കമ്മ്യൂണിറ്റിക്വാട്ട അതാത് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് മാത്രമേ കൊടുക്കാവൂ എന്ന കോടതി വിധിക്കെതിരെ അപ്പീല്‍ പോയവരാണ് നമ്മുടെ മെത്രാന്മാര്‍.

1982-ല്‍ സമ്പൂര്‍ണ്ണ ബൈബിള്‍ അടിച്ചിറക്കാന്‍ മെത്രാന്‍ സമിതി നിയോഗിച്ച കമ്മിറ്റി, ഒരു ലക്ഷം രൂപ വീതം വായ്പ തരണമെന്ന് കാട്ടി എല്ലാ മെത്രാന്മാര്‍ക്കും കത്തെഴുതി. ഒരു മെത്രാനും പ്രതികരിച്ചില്ല. വിശ്വാസികളുടെ വിശ്വാസ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന മെത്രാന്മാരാണ് മലയാളത്തില്‍ ആദ്യമായി അച്ചടിക്കാന്‍ പോകുന്ന ബൈബിള്‍ പദ്ധതിയുടെ മുന്നില്‍ പുറം തിരിഞ്ഞു നിന്നത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികാരികളില്‍ നിന്നും എന്തെങ്കിലും എതിരായ പരാമര്‍ശം വന്നാല്‍ ഉടന്‍ സുപ്രീം കോടതിയില്‍ എത്തുന്ന മെത്രാന്മാര്‍, അവരെ നിലനിര്‍ത്തുന്ന വിശ്വാസി സമൂഹത്തിന്റെ നിലനില്‍പ്പിനായി ചെറുവിരലനക്കില്ല എന്നാണ് ഇതുവരെയുള്ള അനുഭവം.

സഭയെ താങ്ങി നിര്‍ത്തുവാന്‍ സഭാ നേതാക്കള്‍ക്ക് കൈഅയച്ച് സംഭാവന കൊടുക്കുന്ന സഭാമക്കളോട് ഒരു അഭ്യര്‍ത്ഥനയുണ്ട് നമ്മുടെ മക്കള്‍ക്കുള്ള ന്യൂനപക്ഷാവകാശം നിലനിര്‍ത്തുവാന്‍ നിങ്ങള്‍ ദയവായി സഹകരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org