ലാക് ആലാഹാ എന്ന സ്‌തോത്ര ഗാനം

ലാക് ആലാഹാ എന്ന സ്‌തോത്ര ഗാനം
Published on

ജയിംസ് ഐസക്, കുടമാളൂര്‍

പഴയകാല സ്മരണകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മ. ഇടവക സന്ദര്‍ശിക്കുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കാന്‍ വികാരിയും ഇടവകജനവും കത്തിച്ച മെഴുകുതിരികളുമായി നിരയായി നില്‍ക്കും. ദേവാലയത്തില്‍ പ്രവേശിക്കുന്ന മെത്രാന്‍ മദ്ബഹയിലെ പ്രത്യേക പീഠത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും. തുടര്‍ന്നു ഗായകസംഘവും ഭക്തജനങ്ങളും ഒന്നിച്ച് ലാക് ആലാഹാ എന്ന സ്‌തോത്ര ഗാനം ഉച്ചത്തില്‍ ആലപിക്കും. ഈ അവസരത്തില്‍ ദേവാലയ മണികള്‍ മുഴങ്ങിക്കൊണ്ടിരിക്കും. ജനം മുഴുവന്‍ ഒരേ സ്വരത്തില്‍ ഗാനം ആലപിക്കുമ്പോള്‍ അന്തരീക്ഷം ഭക്തിസാന്ദ്രമാകുന്നു. ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു, അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍ എന്ന മലയാള ഗാനമാണ് സുറിയാനിയില്‍ ലാക് ആലാഹാ.

ഇന്നു സീറോ മലബാര്‍ സഭയില്‍ കുറേ വിഭാഗീയ ചിന്തകള്‍ അസ്വസ്ഥത വളര്‍ത്തുന്നു. എല്ലാ വിശ്വാസികളും ഒരേസമയം ഉച്ചത്തില്‍ ലാക് ആലാഹാ പാടി യാല്‍ ഐക്യം യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ ഗാനം മലയാളത്തിലും ലത്തീനിലും സുറിയാനിയിലും ആലപിക്കാം. മൂന്നു വ്യക്തിസഭകളും ഒന്നു ചേര്‍ന്നു ഗാനം ആലപിക്കുമെങ്കില്‍ അതു ദൈവസന്നിധിയില്‍ ഏറ്റവും സ്വീകാര്യമാവുക തന്നെ ചെയ്യും.

വി. തോമാ ശ്ലീഹാ കേരളത്തില്‍ സുവിശേഷം കൊണ്ടുവന്ന കാലഘട്ടത്തില്‍ ദ്രാവിഡ സംസ്‌കാരവും ചെന്തമിഴ് ഭാഷയും ഇവിടെ നിലവിലിരുന്നു. സുവിശേഷ സത്യങ്ങള്‍ ചെന്തമിഴ് ഭാഷയില്‍ കാവ്യങ്ങളായി രചിക്കപ്പെട്ടു. അതു ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ആലപിക്കപ്പെട്ടിരുന്നു എന്നു ചരിത്ര – സാഹിത്യ ഗവേഷകനായ ശ്രീ. എഫ്. ആന്റണി പുത്തൂര്‍, കര്‍മ്മല കുസുമത്തില്‍ എഴുതുന്ന തുടര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ദേവമാതാവ മ്മാനെ എന്നാണ് ഈ കാവ്യം അറിയപ്പെടുന്നത്. നാം അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യം ഇതാണ്. ചെന്തമിഴ് ഭാഷയില്‍ സുവിശേഷം കാവ്യമായി രചിക്കപ്പെട്ടുവെങ്കില്‍ തീര്‍ച്ചയായും അതേഭാഷയില്‍ പ്രാര്‍ത്ഥനകളും ആരാധന ക്രമവും രൂപംകൊണ്ടിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ 16-ാം നൂറ്റാണ്ടു വരെ ഉണ്ടായ ശക്തമായ പേര്‍ഷ്യന്‍ ബന്ധത്തില്‍ തമിഴും മലയാളവും ക്രിസ്ത്യാനികളുടെ ആരാധനാഗ്രന്ഥങ്ങളില്‍ പ്രവേശിക്കാതെ സുറിയാനി മാത്രം പ്രാബല്യത്തിലാകുകയും ചെയ്തു. പാശ്ചാത്യര്‍ ഇവിടെ കണ്ടത് നെസ്‌തോറിയന്‍ പാഷണ്ഡത നിഴലിട്ട സുറിയാനി പ്രാര്‍ത്ഥനകളായിരുന്നു. എങ്കിലും ഉദയംപേരൂര്‍ സൂനഹദോസ് വഴി മേലധികാരം നേടിയിട്ടും വിശ്വാസികളുടെ വികാരം മാനിച്ചു സുറിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും പ്രാര്‍ത്ഥിക്കാനും ക്രമീകരണങ്ങള്‍ അനു വദിച്ചു. അങ്ങനെ 'പുക്ദാ നകോന്‍' എന്നു തുടങ്ങുന്ന സുറിയാനി പാട്ടുകുര്‍ബാനയും 'ലാക് ആലാഹാ' എന്ന സ്‌തോത്രഗീതവും സീറോ-മലബാര്‍ സഭയില്‍ നിലനിന്നു. പാശ്ചാത്യര്‍ അനുവദിച്ചു തന്ന പാരമ്പര്യ പ്രാര്‍ത്ഥനകള്‍ക്കു പുറമെ നിരവധി ഭക്താനുഷ്ഠാനങ്ങളും നൊവേന ഭക്തിയും ഇവിടെ പ്രചരിച്ചു. ലോകമെങ്ങും കത്തോലിക്കാ സഭ ഒരുപോലെ വളരുവാന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എല്ലാം ദൈവാനുഗ്രഹമെന്നു കരുതാം.

സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ്. എല്ലാ സഭാ വിശ്വാസികളും ഒരേ മാതാവിന്റെ സന്താനങ്ങള്‍. ചരിത്രത്തിന്റെ ഗതിയില്‍ പ്രാദേശികമായി സ്വീകരിച്ച സാംസ്‌ക്കാരികമായ പ്രത്യേകതകളെ ചൊല്ലി വിഭാഗീയത വളര്‍ത്താതെ എല്ലാവരും ക്രിസ്തുവില്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലാക് ആലാഹാ എന്ന സ്‌തോത്രഗാനം സമ്പൂര്‍ണ്ണമായ ഐക്യത്തിനു വഴിതെളിക്കുമെന്നു പ്രത്യാശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org