
സഭയിലെ ബഹുമാനപ്പെട്ട രണ്ടു വൈദികരെ ഉപവാസമനുഷ്ഠിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെന്ന പത്രവാര്‍ത്ത കണ്ട് ഞെട്ടിപ്പോയി. പുരോഹിതന്‍ എന്നു പറയുന്നത് ക്രിസ്തുവിന്റെ പ്രതിപുരുഷനാണ്. അപ്പോള്‍ അറസ്റ്റ് ചെയ്തത് ക്രിസ്തുവിനെത്തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ സഭാ മേലധികാരികള്‍ എത്രമാത്രം ധാര്‍മ്മികമായി അധഃപതിച്ചുപോയി എന്നതിന്റെ ഉദാഹരണമാണിത്.
സഭാകാര്യങ്ങളില്‍ പൊലീസിനെ ഇടപെടുത്തുന്നത് ശരിയല്ല, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ആരു പറഞ്ഞാലും അനുസരണയുടെ വക്താക്കളായ ഞങ്ങള്‍ അനുസരിക്കുകയില്ല. ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്. ഈ ധാര്‍ഷ്ട്യവും അഹങ്കാരവും ഒരിക്കലും ദൈവതിരുമുമ്പില്‍ നീതീകരിക്കപ്പെടുകയില്ല. മാര്‍ തൂ ങ്കുഴിയെപ്പോലുള്ള മെത്രാന്മാരുടെ നേതൃത്വം സഭയ്ക്കു നഷ്ടപ്പെട്ടതാണ് സഭ ഇന്ന് അനുഭവിക്കുന്ന അരാജകത്വത്തിന് കാരണം.
അരമനയിലും ബസിലിക്കാ പള്ളിയിലും പൊലീസുകാര്‍ ഉണ്ട് നിരങ്ങുന്ന കാഴ്ച കാണുകയുണ്ടായി. ഇതില്‍ പ്രതിഷേധ സൂചകമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഒരു 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന ജപം ചൊല്ലി പ്രതിഷേധം അറിയിച്ച് സഭാ മേലധികാരികളുടെ പാപമോചനത്തിനും മാനസാന്തരത്തിനും വേണ്ടി പ്രാര്‍ത്ഥന നടത്തേണ്ടതാണ്.