

ക്യാമ്പസിൽ രാഷ്ട്രീയം വേണമോ വേണ്ടയോ എന്നുള്ളതല്ല ഇവിടുത്തെ പ്രശ്നം, ജനാധിപത്യബോധവും സംസ്കാരവും വിദ്യാർത്ഥികൾ പരിശീലിക്കണമോ വേണ്ടയോ എന്നുള്ളതാണ്.
കേരള യൂണിവേഴ്സിറ്റി (Students’ Code of Conduct) റെഗുലേഷൻസ് 2026 എന്ന പെരുമാറ്റച്ചട്ടത്തിന്റെ കരട്, പുറത്തിറക്കിയിരിക്കുന്നു. സർവകലാശാലകളിലെ രാഷ്ട്രീയപ്രവർത്തനം, പ്രതിഷേധം, ധർണ, അംഗത്വപ്രചാരണം, പോസ്റ്റർ-ബാനർ പ്രചാരണം, ഫണ്ട് ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിർദേശിക്കുന്നതാണ് കരട്. നിയന്ത്രണം ക്ലാസ് മുറികളിലും ക്യാമ്പസ് ഇടങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. Instagram, Facebook, WhatsApp, Telegram, X തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കൂടി വിദ്യാർത്ഥികളുടെയും സംഘടനകളുടെയും ആശയവിനിമയത്തിന് കൂടി നിയന്ത്രണം നിർദ്ദേശിക്കുകയാണ് ഈ കരട് രേഖ. ഈ ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്ക് എതിരെ പിഴയിടാം, നടപടിയും എടുക്കാം. ഇങ്ങനെ ഒരു രേഖ സർവ്വകലാശാല പുറപ്പെടുവിക്കുന്നത് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ്. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ രാഷ്ട്രീയം തന്നെ വേണ്ടെന്ന് വയ്ക്കണോ ?
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇന്ത്യയിലെ മുഴുവൻ സർവകലാശാല വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് പ്രതിഷേധങ്ങൾ വിലക്കുന്ന മാർഗ്ഗരേഖകൾ! വിദ്യാർത്ഥികൾ നിശബ്ദരാകേണ്ടത് ഇന്ന് ആരുടെ ആവശ്യമാണ്?
പരസ്യമായി ചിന്തിക്കാൻ പഠിക്കുന്ന ഇടമാണ് സർവകലാശാലകൾ. ശാസ്ത്ര വിഷയമോ മാനവിക വിഷയമോ ആകട്ടെ, അവിടെ ചോദ്യങ്ങൾ ചോദിക്കപ്പെടണം, ഉത്തരങ്ങൾ നൽകപ്പെടണം. കാരണം അത് ശാസ്ത്രീയ മനോഭാവത്തിന്റെ ഭാഗമാണ്. പൗലോ ഫ്രെയ്റെയുടെ Pedagogy of the Oppressed എന്ന ആശയം വിദ്യാഭ്യാസത്തെ വിമർശനാത്മകബോധത്തിന്റെ വളർച്ചയുമായി ബന്ധിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥി, അധ്യാപകൻ പറയുന്നത് സ്വീകരിക്കുന്ന ഒരു ശൂന്യപാത്രമല്ല; സ്വന്തം യാഥാർഥ്യത്തെ വായിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല അതിന്റെ തലപ്പത്തിരിക്കുന്നവർക്കു കൂടി ആവശ്യമാണ് ഈ ശാസ്ത്രീയ മനോഭാവം.
ക്യാമ്പസ് രാഷ്ട്രത്തിന്റെ ചെറുപതിപ്പാണ്. അവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ട്. വ്യത്യസ്ത മതങ്ങളും ജാതികളും സാമ്പത്തിക പശ്ചാത്തലങ്ങളുമുള്ള വിദ്യാർത്ഥികളുണ്ട്. അഭിപ്രായവ്യത്യാസങ്ങളുണ്ട്. അധികാരബന്ധങ്ങളുണ്ട്. ചിലർക്ക് കൂടുതൽ ശബ്ദമുണ്ട്; ചിലർക്ക് കുറവാണ്. ഇത്തരം ഒരു ഇടത്ത് രാഷ്ട്രീയം പഠിക്കാതെ ജനാധിപത്യം പഠിക്കാൻ കഴിയുമോ? ക്ലാസ് മുറിയിൽ ഭരണഘടന പഠിപ്പിക്കുകയും ക്യാമ്പസിൽ അഭിപ്രായ വ്യത്യാസം സഹിക്കാതിരിക്കുകയും ചെയ്താൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്താണ് ബാക്കി ഉണ്ടാവുന്നത്?
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ ക്യാമ്പസുകൾ വെറുമൊരു പഠനകേന്ദ്രം മാത്രമായി രുന്നോ? രാജ്യത്ത് നടക്കുന്ന അനീതികൾക്കെതിരെ ആശയങ്ങൾ പങ്കുവയ്ക്കാനും പ്രക്ഷോഭങ്ങൾ സംഘടിപ്പി ക്കാനും വിദ്യാർത്ഥികൾ ഒപ്പമുണ്ടായിരുന്നില്ലേ? സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പൊരുതിയില്ലേ? അവരിൽ പലരുമല്ലേ നേതാക്കളും മന്ത്രിമാരുമായത്? ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കാൻ അവരുടെ സമരങ്ങൾ സഹായിച്ചില്ലേ? അടിയന്തരാവസ്ഥക്കാലത്തും 90-കളിൽ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെ തിരെയും ശബ്ദമുയർത്തിയത് പിന്നെ ആരാണ് ?
ചായക്കട മുതൽ വായനശാല വരെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ട ഒരു സമൂഹമാണ് കേരളത്തിലേത്. ഉയർന്ന സാക്ഷരതയും ശക്തമായ മാധ്യമ സ്വാധീനവും വായനാശീലവും സാമൂഹിക സംഘടനകളും പൊതു ചർച്ചയുടെ പാരമ്പര്യവും ഉള്ളയിടം. അങ്ങനെയുള്ള കേരളത്തിൽ മാത്രം യുവാക്കളോട് “രാഷ്ട്രീയത്തെ ക്കുറിച്ച് സംസാരിക്കരുത്” എന്ന് പറയുന്നത് സാംസ്കാരിക അശ്ലീലമാണ്. ഈ കരട് രേഖയിൽ “രാഷ്ട്രീയ പ്രവർത്തനം” എന്നതും “രാഷ്ട്രീയ ചർച്ച” എന്നതും തമ്മിലുള്ള അതിർത്തി എവിടെ വരക്കുമെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വിമർശകർ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ദുരുപയോഗ സാധ്യത കൂടുതലാണ്.
ക്യാമ്പസിൽ രാഷ്ട്രീയം നിരോധിച്ചാലും സോഷ്യൽ മീഡിയ വഴി അത് വിദ്യാർത്ഥികളുടെ മുറിയിലേക്ക് ഒഴുകിയെത്തും. അൽഗൊരിതങ്ങൾ അവരുടെ അധ്യാപകരാവും. സ്വന്തം ഇഷ്ടങ്ങളോട് ചേർന്ന് പോകുന്ന രാഷ്ട്രീയ അഭിപ്രായങ്ങൾ മാത്രം അവരുടെ കൺമുമ്പിൽ എത്തും. അത് കണ്ടു കണ്ട് അവരുടെ രാഷ്ട്രീയ അസഹിഷ്ണുതയും വർദ്ധിക്കും. ക്യാമ്പസിലെ റിയലിസ്റ്റിക് ആയുള്ള രാഷ്ട്രീയ സംവാദങ്ങളും ചർച്ചകളും ഇതിനെതിരെയുള്ള സാമൂഹിക പ്രതിരോധമാണ്.
കൊടി പിടിക്കുന്നതിനേക്കാൾ പ്രധാനമാണ് മറ്റൊരാളുടെ കൊടി സഹിക്കാൻ കഴിയുന്നത്. മുദ്രാവാക്യം വിളിക്കുന്നതിനെക്കാൾ പ്രധാനമാണ് എതിർവാദം കേൾക്കാൻ കഴിയുന്നത്. ക്യാമ്പസിൽ രാഷ്ട്രീയം വേണമോ വേണ്ടയോ എന്നുള്ളതല്ല ഇവിടുത്തെ പ്രശ്നം, ജനാധിപത്യബോധവും സംസ്കാരവും വിദ്യാർത്ഥികൾ പരിശീലിക്കണമോ വേണ്ടയോ എന്നുള്ളതാണ്. പക്ഷേ ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് ക്യാമ്പസിൽ നടക്കുന്ന അക്രമം, ഭീഷണി, പഠിപ്പുമുടക്ക്, നിർബന്ധിത സംഘടനാ പ്രവർത്തനം എന്നിവയെ ന്യായീകരിക്കാൻ ഇല്ല. അവയ്ക്ക് പെരുമാറ്റ ചട്ടങ്ങൾ ഉണ്ടായേ പറ്റൂ.
അരാഷ്ട്രീയരായിരിക്കുക എന്നത് നിഷ്പക്ഷതയല്ല. ചില കാര്യങ്ങളിൽ മിണ്ടാതിരിക്കുക, പ്രതിഷേധിക്കാതിരിക്കുക, നിലപാടെടുക്കാതിരിക്കുക... എന്തുകൊണ്ടാവാം ഇങ്ങനെ ചിലർ ചെയ്യുന്നത്? പ്രതിഷേധിക്കാതിരുന്നാലും ജീവിച്ചു പോകാനുള്ള സാമൂഹിക സാമ്പത്തിക സാഹചര്യം അവർക്കുള്ളതുകൊണ്ടല്ലേ? അല്ലലില്ലാതെ പോവാൻ മറ്റുള്ളവർക്ക് ഇല്ലാത്ത ചില അധികാരമോ പദവികളോ അവരെ സഹായിക്കുന്നത് കൊണ്ടല്ലേ? ആ പ്രിവിലേജുകൾ അവർക്ക് നഷ്ടപ്പെടട്ടെ! അപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം ജീവശ്വാസം ആണെന്ന് അവർ അറിയും.