ക്രിസ്മസ്: വിലാസം തേടുന്ന നിലവിളികള്‍

ക്രിസ്മസ്: വിലാസം തേടുന്ന നിലവിളികള്‍
Published on

റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവ് എഴുതിയ ലോകപ്രശസ്തമായ ഒരു ചെറുകഥയുണ്ട്. വാന്‍ക. ഒമ്പതു വയസ്സു മാത്രമുള്ള അനാഥനായ വാന്‍ക, ഷൂ നിര്‍മ്മാണശാലയില്‍ ഇരുന്ന് ഒരു കത്തെഴുതുകയാണ്. തന്നെ പീഡിപ്പിക്കുന്ന യജമാനനെക്കുറിച്ചുള്ള കത്താണ്. വിശപ്പിന്റെയും സങ്കടങ്ങളുടെയും നടുവില്‍ ഇരുന്നുകൊണ്ടുള്ള ഒന്ന്. തന്റെ ഗ്രാമത്തിലെ മുത്തച്ഛനാണ് കത്ത്. ക്രിസ്മസിന്റെ തലേന്ന് എല്ലാവരും പള്ളിയില്‍ പോയ സമയത്ത് വിറയ്ക്കുന്ന കൈകളോടെ അവന്‍ ആ കത്തില്‍ തന്റെ സങ്കടങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. ഒടുക്കം ഇങ്ങനെയാണ്, 'പ്രിയപ്പെട്ട മുത്തച്ഛാ, എനിക്കിവിടെ ആരുമില്ല... നരകതുല്യമായ ഈ ജീവിതത്തില്‍ നിന്ന് എന്നെ ഒന്ന് രക്ഷിക്കാമോ?' കത്ത് കവറിലിട്ട് അതിന്റെ പുറത്ത് അവന്‍ ഇങ്ങനെ വിലാസം എഴുതുന്നു, 'ഗ്രാമത്തിലുള്ള മുത്തച്ഛന്.'

വിലാസമില്ലാത്ത ആ കത്ത് ഒരിക്കലും മുത്തച്ഛന്റെ കൈകളില്‍ എത്തില്ല എന്ന് വായനക്കാര്‍ക്ക് ഒക്കെ അറിയാം. അതൊരു വിങ്ങലാണ്. എങ്കിലും മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാത്രിയില്‍ പ്രതീക്ഷയുടെ ഒരു വെളിച്ചം നെഞ്ചിലേറ്റിക്കൊണ്ട് വാന്‍ക ഉറങ്ങാന്‍ കിടക്കുന്നു.

ലോകത്തിന്റെ അധികാരങ്ങള്‍ക്ക് മുന്‍പില്‍, മനുഷ്യന്റെ ആര്‍ത്തികള്‍ക്ക് നടുവില്‍ ദൈവം നടത്തിയ വിപ്ലവകരമായ ഇടപെടലിന്റെ പേര് കൂടിയാണ് ക്രിസ്മസ്. അത് ഒരു യാദൃച്ഛികത യായിരുന്നില്ല; ദൈവത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ രാഷ്ട്രീയം.

വാന്‍കയുടെ കത്ത് ഒരു കണ്ണാടിയാണ്. അത് ഇന്നും മുത്തച്ഛനെ തേടി അലയുകയാണ്. അത് ഗാസയിലോ നൈജീരിയയിലോ ഉക്രെയ്‌നിലോ ചിതറി തെറിച്ച അനാഥരായ കുഞ്ഞുങ്ങളുടേതാവാം. മണിപ്പൂരിലെ കലാപ ഭൂമിയില്‍ നിന്ന് അടരുന്ന നിലവിളികള്‍ ആകാം. മുണ്ടക്കൈയിലെയോ മുനമ്പത്തെയോ വിഷാദപൂര്‍ണ്ണമായ നിശബ്ദ നിശ്വാസങ്ങളാകാം. അതുമല്ലെങ്കില്‍ നമ്മുടെ തൊട്ടയല്‍പക്കത്ത് നിന്ന് ഉയരുന്ന വാര്‍ധക്യത്തിന്റെ ഏകാന്തമായ കണ്ണീര്‍ ചാലുകള്‍ ആകാം. ചിലപ്പോള്‍ നമ്മുടെ തന്നെ വീടിനുള്ളിലെ സ്‌നേഹരാഹിത്യത്തിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്ന ചിലമ്പിച്ച തേങ്ങലുകള്‍ ആകാം. മറുപടി ലഭിക്കാതെ പോകുന്ന, അവഗണിക്കപ്പെടുന്ന അനേകം സങ്കടങ്ങളുടെ, പ്രാര്‍ഥനകളുടെ പ്രതീകമാണ് വാന്‍ക.

ദൈവം മനുഷ്യന്റെ വിലാസത്തിലേക്ക് ഇറങ്ങി വന്നതാണ് ക്രിസ്മസ്. അതൊരു ആഘോഷത്തേ ക്കാള്‍ ഉത്തരമാണ്. മനുഷ്യന്റെ നിലവിളികള്‍ക്ക് തന്റെ ഏകജാതനെ നല്‍കിക്കൊണ്ട് ആയിരുന്നു ദൈവത്തിന്റെ ഉത്തരം.

ഈ ആത്മദാനത്തിലായിരുന്നു ദൈവസ്‌നേഹ ത്തിന്റെ അതിര്. അവിടെ പിടിച്ചുവയ്ക്കലുകളില്ല കൊടുത്തു തീര്‍ക്കലേയുള്ളൂ. ദൈവം ഏറ്റവും വിലപ്പെട്ടതു കൊടുത്തതിന്റെ ആനന്ദമാണ് ക്രിസ്മസ്. പ്രിയപ്പെട്ടതൊക്കെ സ്വയം സൂക്ഷിച്ചു വയ്ക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത, അനുഭവിക്കാനാവാത്ത ആനന്ദം കൂടിയാണ് ഈ ആഘോഷം. പുല്‍ക്കൂടൊരുക്കങ്ങള്‍ക്കും നക്ഷത്രവിളക്കുകള്‍ക്കും കരോള്‍ ഗാനങ്ങള്‍ക്കും സമ്മാന സ്വീകരണ വിതരണങ്ങള്‍ക്കുമപ്പുറം ഉള്ള ഒരു ധന്യത ക്രിസ്മസിനുണ്ട്. അത് സ്‌നേഹിക്കു മ്പോള്‍ / നല്‍കുമ്പോള്‍ / മറ്റുള്ളവര്‍ക്ക് പ്രതീക്ഷ ആകുമ്പോള്‍ നിങ്ങളില്‍ സംഭവിക്കുന്ന ആനന്ദത്തിന്റെ പേരാണ്.

ലോകത്തിന്റെ അധികാരങ്ങള്‍ക്ക് മുന്‍പില്‍, മനുഷ്യന്റെ ആര്‍ത്തികള്‍ക്ക് നടുവില്‍ ദൈവം നടത്തിയ വിപ്ലവകരമായ ഇടപെടലിന്റെ പേര് കൂടിയാണ് ക്രിസ്മസ്. അത് ഒരു യാദൃച്ഛികത യായിരുന്നില്ല; ദൈവത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ രാഷ്ട്രീയം.

സത്രത്തില്‍ ഇടമില്ലാത്തതിനാല്‍ അവന്‍ പുല്‍ക്കൂട് തിരഞ്ഞെടുത്തു. ഇനി ദാരിദ്ര്യമോ ഒറ്റപ്പെടലോ ഒരു ശാപം അല്ല എന്നവന്‍ പറയാതെ പറഞ്ഞു. അധികാരകേന്ദ്രങ്ങളില്‍ നിന്നും പണക്കൊഴുപ്പില്‍ നിന്നും അവന്‍ മാറി നടന്നു. എളിയവര്‍ക്ക് ഒപ്പം നടക്കലാണ് ആത്മീയത എന്നത് അവന്‍ ബോധപൂര്‍വം തിരഞ്ഞെടുത്ത ഒന്നാണ്. ക്രിസ്തുവിന്റെ ദാരിദ്ര്യം പങ്കുവയ്പ്പിന്റെ മഹത്വം പാടി. നമ്മുടെ ആഘോഷങ്ങള്‍ ദരിദ്രരുടെ കണ്ണീരുപ്പ് കലരുന്നതാകാതിരിക്കട്ടെ.

അവന്റെ ജനനം ആദ്യം അറിഞ്ഞത് കൊട്ടാര ങ്ങളോ പുരോഹിതഭവനങ്ങളോ ആയിരുന്നില്ല! അത് പുറമ്പോക്കിലുള്ള ആട്ടിടയരായിരുന്നു. അതും ഒരു തിരഞ്ഞെടുപ്പ് തന്നെ. സമാധാനത്തിനൊപ്പം നീതിയുടെ നക്ഷത്ര തിളക്കമുള്ള തിരഞ്ഞെടുപ്പ്. അരികുകളില്‍ ഉള്ളവര്‍ക്ക് പ്രാപ്യമല്ലാത്ത ഒരു ആഘോഷവും ദൈവം ഇഷ്ടപ്പെടുന്നില്ല.

ലോകശക്തികളോട് പോരാടാന്‍ തന്നെത്തന്നെ ചെറുതാക്കി ശിശുരൂപം തിരഞ്ഞെടുത്ത ദൈവം അനീതിക്കെതിരെയുള്ള എക്കാലത്തെയും വലിയ വിപ്ലവം ആയിരുന്നു. ദൈവത്തിന്റെ ശക്തി ആയുധങ്ങളിലേക്കും യുദ്ധങ്ങളിലേക്കും അദ്ഭുതങ്ങളിലേക്കും അധികാരത്തിലേക്കും അല്ലാതെ, എളിമയിലേക്കും സ്‌നേഹത്തിലേക്കും ചുരുങ്ങി. അത് മനുഷ്യനെ അന്വേഷിച്ചു. സംരക്ഷണങ്ങള്‍ ഏതുമില്ലാതെ എല്ലാവര്‍ക്കും ആയി നല്‍കപ്പെട്ടിരിക്കുന്ന ഈ ശിശു മനുഷ്യനെ കണ്ടെത്താന്‍ നമ്മെ പഠിപ്പിക്കുകയാണ്.

മതങ്ങള്‍ക്കപ്പുറം മനുഷ്യനെ കാണാനും ജാതി ഭേദമന്യേ മനുഷ്യനില്‍ ദൈവത്തെ ദര്‍ശിക്കാനും കഴിയേണ്ട തിരഞ്ഞെടുപ്പ് കൂടി ആണ് ക്രിസ്മസ്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അതിരുകള്‍ തകര്‍ത്തു സ്‌നേഹത്തിന്റെ പാലം പണിയുന്ന പുല്‍ക്കൂടുകള്‍ മനസ്സില്‍ ഒരുങ്ങട്ടെ...

സകല ജനങ്ങള്‍ക്കുംവേണ്ടിയുള്ള ശിശു കാത്തിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org