രചന സംവിധാനം സര്‍ക്കാര്‍!!!

രചന സംവിധാനം സര്‍ക്കാര്‍!!!

ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തികരമായി അവതരിപ്പിച്ചുവെന്ന ആക്ഷേപം 'കക്കുകളി' എന്ന നാടകം നേരിട്ടപ്പോള്‍ പ്രതികരിക്കാതിരുന്നവര്‍, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത 'കേരള സ്‌റ്റോറി' ഒരു പ്രത്യേക മതന്യൂനപക്ഷത്തിനെതിരാണെന്ന വിമര്‍ശനമുന്നയിക്കുമ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഇരട്ടനീതിയായി വിലയിരുത്തുന്നവരുണ്ട്. പുറത്തുനിന്നുള്ള നിരോധനത്തെക്കാള്‍ അകത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ തന്നെയാണ് മാധ്യമ ലോകത്തെ ഉത്തരവാദിത്വ പൂര്‍ണ്ണമാക്കുന്നത്. സമൂഹത്തിന്റെ സൗഹാര്‍ദപരിസരങ്ങളെ പരിപോഷിപ്പിക്കുന്ന വിധത്തിലും വിയോജിക്കുവാനുള്ള ജനാധിപത്യയിടം നിയന്ത്രിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയും മാധ്യമങ്ങളുടെ സ്വാതന്ത്രാവിഷ്‌ക്കാരം സമ്പൂര്‍ണ്ണമാകട്ടെ.

2023 ഏപ്രില്‍ 6-ന്, കേന്ദ്ര സര്‍ക്കാര്‍ പുത്തിറക്കിയ ഐ ടി ചട്ട ഭേദഗതിയിലെ ചില വ്യവസ്ഥകള്‍ വഴി [Information Technology (Intermediary Guidelines & Digital Media Ethics Code) Amendment Rules 2023] വാര്‍ത്തകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുനര്‍നിര്‍ണ്ണയിച്ചതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മീതെയുള്ള അമിതാധികാര പ്രയോഗമെന്ന വിമര്‍ ശനം ഗൗരവമുള്ളതാണ്.

വ്യാജവാര്‍ത്തകളെ തടയുക എന്ന ഉദ്ദേശ്യത്തോടെ നല്കപ്പെട്ടതാണെങ്കിലും തങ്ങള്‍ ക്ക് അനുകൂലമല്ലാത്തവയെ വ്യാജവാര്‍ത്ത പട്ടികയിലുള്‍പ്പെടുത്തി ഡിജിറ്റല്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കമായി ഈ ഭേദഗതിയെ വിലയിരുത്തുന്നവരുണ്ട്.

2000 ഒക്‌ടോബര്‍ 17-നാണ് രാജ്യത്ത് ആദ്യമായി ഐ ടി ആക്ട് നിലവില്‍ വന്നത്. 2009-ല്‍ ആദ്യ ഭേദഗതി വന്നു. 2011 ഏപ്രില്‍ 11-ന് വിജ്ഞാപനം ചെയ്ത ഐ ടി ചട്ടം സോഷ്യല്‍ മീഡിയയെയും ഉള്‍പ്പെടുത്തി വിപുലീകരിക്കുകയുണ്ടായി. 2021 ഫെബ്രുവരി 25-ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് കൂടി ഉള്‍പ്പെടുത്തി.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്ന് മുദ്രകുത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ അധികാരം നല്കുന്ന ചട്ടഭേദഗതി വലിയ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ജനുവരിയിലെ വിജ്ഞാപനത്തില്‍ അതിനുള്ള ചുമതല സര്‍ക്കാര്‍ ഏജന്‍സിയായ PIB യ്ക്കായിരുന്നുവെങ്കില്‍ ഏപ്രിലിലെ വിജ്ഞാപനത്തില്‍ PIB എന്ന വാക്ക് മാറ്റി 'കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍' എന്നാക്കിയിട്ടുണ്ട്. എന്നാല്‍ ഫലത്തി ലോ ഉള്ളടക്കത്തിലോ വലിയ മാറ്റമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ പുതിയ വ്യവസ്ഥ വ്യാപകമായി ദുരുപയോഗിക്കപ്പടും എന്നുറപ്പാണ്. ഇനി മുതല്‍ എന്ത് പ്രസിദ്ധീകരിക്കണം, ജനം എന്തറിയണം എന്നതിനെ സംബന്ധിച്ചള്ള അന്തിമ തീര്‍പ്പ് സര്‍ക്കാരിന്റേതാകുന്ന വലിയ അപകടം ഇതിലൊളിഞ്ഞിരിപ്പുണ്ട്. യൂ ട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും എയര്‍ടെല്‍, ജിയോ, വൊഡാഫോണ്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഈ ചട്ടം ബാധകമാണ്. വെബ് ഹോസ്റ്റിംഗ് സര്‍വീസ് പ്രൊവൈഡര്‍മാരും, സെര്‍ച്ച് എഞ്ചിനുകളും ഇതിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്യുകയോ ഉള്ളടക്കത്തിന്റെ URL ബ്ലോക്ക് ചെയ്യുകയോ വേണ്ടി വരും.

2019-ല്‍ ലോക്‌സഭയില്‍ വിവര-സാങ്കേതിക മന്ത്രാലയം നല്കിയ കണക്കനുസരിച്ച് ബ്ലോക്ക് ചെയ്ത URL കളുടെ എണ്ണത്തില്‍ 442 ശതമാനം വര്‍ദ്ധനവുണ്ടായി എന്നത് മറക്കരുത്. പ്രത്യേകിച്ച് വിശദീകരണമൊന്നും കൂടാതെയാണ് ഇത്തരം നിരോധനങ്ങള്‍. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ മാത്രം 1000-ലധികം URL കള്‍ നിരോധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.

ഗുജറാത്ത് കലാപത്തെയും മോദിയെയും കുറ്റപ്പെടുത്തിക്കൊണ്ട് BBC ജനുവരിയില്‍ തയ്യാറാക്കി അവതരിപ്പിച്ച ഡോക്യുമെന്ററിക്കെതിരെ നിലവിലെ ചട്ടങ്ങളുടെ അമിതാധികാര പ്രയോഗത്തിലൂടെ ശക്തമായി പ്രതിരോധിക്കുകയും ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കര്‍ശന നിര്‍ദേശം നല്കിയതും മുന്നറിയിപ്പായി കാണണം. ലോകമാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ യശസ്സില്ലാതാക്കി എന്ന ന്യായത്തിലൂന്നിയായിരുന്നു സര്‍ക്കാരിന്റെ പ്രസ്തുത മാധ്യമ നിയന്ത്രണ നീക്കങ്ങള്‍.

മാധ്യമ സ്വാതന്ത്ര്യം അത്യന്തം അപകടത്തിലാക്കുന്ന ഈ ആധുനിക സാഹചര്യം ജനാധിപത്യത്തിന്റെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യാന്‍ മാത്രം ശക്തമാണ്. ഈ ചട്ടഭേദഗതിയുടെ ഭരണഘടനാ വിരുദ്ധത ഇനിയും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ആരോപിതര്‍ തന്നെ വിധികര്‍ത്താവായി മാറുന്ന അസാധാരണ സാഹ്യചര്യമാണിത്.

മാധ്യമ സ്വാതന്ത്ര്യത്തിന് പ്രത്യേക വകുപ്പ് ഇന്ത്യന്‍ ഭരണഘടനയില്‍ എന്തുകൊണ്ട് ചേര്‍ക്കപ്പെടാതെ പോയി എന്ന സമസ്യയ്ക്ക് ഭരണഘടനാ ശില്പി ഡോ. അംബേദ്ക്കറുടെ മറുപടി ശ്രദ്ധേയമാണ്. ''അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവകാശപരിധിയില്‍ വ്യക്തിയും, പൗരനും, മാധ്യമങ്ങളും, ഒന്നുപോലെ തന്നെയായതിനാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് പ്രത്യേക വകുപ്പ് വേണ്ടതില്ല.'' കൃത്യമായിപ്പറഞ്ഞാല്‍ ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരമുള്ള ആവിഷ്‌ക്കാര സ്വാതന്ത്ര്യ പരിധിയില്‍ മാധ്യമങ്ങളും ഉള്‍പ്പെടുന്നുവെന്നര്‍ത്ഥം.

വ്യക്തിതന്നെ മാധ്യമമായി മാറുന്ന ആധുനിക സാമൂഹ്യ മാധ്യമ പശ്ചാത്തലത്തില്‍ ഈ നിര്‍ദേശം പ്രധാനപ്പെട്ടതാണ്. പറയുന്നതിനോടുള്ള വിയോജിപ്പ് പറയുന്നവരിലേക്കും നീളുന്ന അസാധാരണ സാഹചര്യം മാധ്യമ നിയന്ത്രണമായല്ല ജനാധിപത്യ നിരോധനമായാണ് വിവക്ഷിക്കേണ്ടത്. വാര്‍ത്തകളിലെ തെറ്റും ശരിയും സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നിടത്ത് അത് സെന്‍സര്‍ഷിപ്പിന്റെ മാത്രം പ്രശ്‌നമല്ലെന്നറിയണം. വാര്‍ത്തകളുടെ ഉറവിടം ഇനി മുതല്‍ സര്‍ക്കാര്‍ മാത്രമാകുന്ന, വ്യത്യസ്തമായത് കേള്‍ക്കപ്പെടാതിരിക്കുന്ന സമ്പൂര്‍ണ്ണ മാധ്യമ നിരാസത്തിന്റെ അടിയന്തിരസാഹചര്യമാണിത്.

മുഖ്യധാരാ മാധ്യമങ്ങളുടെ പൂര്‍ണ്ണമായ കീഴടങ്ങല്‍ ഏറെക്കുറെ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അവശേഷിക്കുന്നവയെക്കൂടി വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി വേണം ഇത്തരം നീക്കങ്ങളെ നിരീക്ഷിക്കാന്‍.

മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലിന്റെ നിരോധനം നീക്കിയവേളയില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ''ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുദൃഢമായ പ്രവര്‍ത്തനത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അധികാര കേന്ദ്രങ്ങളോട് സത്യം സംസാരിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വവും ധര്‍മ്മവുമാണ്. സാധാരണക്കാരെ ശരിയായ തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കേണ്ടതും മാധ്യമങ്ങളാണ്.'' ദേശീയ സുരക്ഷയെക്കാള്‍ പ്രധാനം പൗരാവകാശമാണെന്ന പരമോന്നത കോടതിയുടെ നിരീക്ഷണവും ഇതിനോട് ചേര്‍ത്തു വായിക്കണം.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായി സമ്മതിക്കുമ്പോഴും, അപരനെ അധിക്ഷേപിക്കാനുള്ള അവസരമായും, സമൂഹത്തില്‍ വെറുപ്പ് വിളമ്പാനുള്ള അവകാശമായും അത് മാറിത്തീരുന്നിടത്ത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം എന്ന ഗൗരവമായ പ്രശ്‌നമുണ്ട്.

ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തികരമായി അവതരിപ്പിച്ചുവെന്ന ആക്ഷേപം 'കക്കുകളി' എന്ന നാടകം നേരിട്ടപ്പോള്‍ പ്രതികരിക്കാതിരുന്നവര്‍, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത 'കേരള സ്‌റ്റോറി' ഒരു പ്രത്യേക മതന്യൂനപക്ഷത്തിനെതിരാണെന്ന വിമര്‍ശനമുന്നയിക്കുമ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഇരട്ടനീതിയായി വിലയിരുത്തുന്നവരുണ്ട്. പുറത്തുനിന്നുള്ള നിരോധനത്തെക്കാള്‍ അകത്തുനിന്നുള്ള നിയന്ത്രണങ്ങള്‍ തന്നെയാണ് മാധ്യമ ലോകത്തെ ഉത്തരവാദിത്വ പൂര്‍ണ്ണമാക്കുന്നത്. സമൂഹത്തിന്റെ സൗഹാര്‍ദപരിസരങ്ങളെ പരിപോഷിപ്പിക്കുന്ന വിധത്തിലും വിയോജിക്കുവാനുള്ള ജനാധിപത്യയിടം നിയന്ത്രിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയും മാധ്യമങ്ങളുടെ സ്വാതന്ത്രാവിഷ്‌ക്കാരം സമ്പൂര്‍ണ്ണമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org