മുറിവുണക്കുന്നവന്റെ മുന്നറിയിപ്പുകള്‍

മുറിവുണക്കുന്നവന്റെ മുന്നറിയിപ്പുകള്‍

സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിനെ, സഭയുടെ 32-ാം സിനഡ് തിരഞ്ഞെടുത്തു. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ജനുവരി 10-ാം തീയതി വൈകിട്ട് 4.30 ന് ഔദ്യോഗിക പ്രഖ്യാപനവും 11-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ച് സഭയിലെ മെത്രാന്മാരുടെയും, പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ സ്ഥാനാരോഹണവും നടന്നു.

വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ തന്നെ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട റാഫേല്‍ പിതാവിന്റെ പേര് മാധ്യമങ്ങളില്‍ നേരത്തെ കാര്യമായി ചര്‍ച്ചയാകാതിരുന്നത് കൗതുകമായി. വലിയ സൗഹൃദവലയത്തിനുള്ളില്‍ ഔപചാരികതകളില്ലാതെ പ്രത്യക്ഷപ്പെടുന്ന റാഫേല്‍ മെത്രാന്റെ പ്രസംഗചാതുര്യം പ്രശസ്തമാണ്. അതുകൊണ്ടുതന്നെ, സഭയ്ക്കകത്തും പുറത്തും ഒരുപോലെ പരിചിതനും പ്രിയങ്കരനുമാണ് അദ്ദേഹം. കലാപകലുഷിതമായ സഭാന്തരീക്ഷത്തില്‍ സംഭാഷണത്തിന്റെ സാന്ത്വന സാന്നിധ്യമായി എത്തുന്ന റാഫേല്‍ മെത്രാപ്പോലീത്തയുടെ ഇടയശുശ്രൂഷ കാലഘട്ടത്തിന്റെ അനിവാര്യതയായി ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞതിനാലാകണം, സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് അതിവേഗം തിരഞ്ഞെടുക്കപ്പെടാനിടയായത് എന്നു വേണം കരുതാന്‍.

ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണച്ചടങ്ങില്‍, സുവിശേഷ സന്ദേശം നല്കിയ തലശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംബ്ലാനിയുടെ വാക്കുകളില്‍ വലിയ ഇടയന്റെ ദൗത്യനിര്‍വഹണ രീതിയുടെ സ്വഭാവവും ശൈലിയും വ്യക്തമായി. ''റാഫേല്‍ പിതാവിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മുറിവുണക്കുകയാണ് പ്രധാന നിയോഗം. പരുക്കുകളുണ്ടെങ്കിലും പരാജയപ്പെടാത്ത സഭയെ സമ്പൂര്‍ണ്ണമായും സൗഖ്യമാക്കി ദൈവപിതാവിന് സമര്‍പ്പിക്കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യം സുവിശേഷാത്മകമായി നിര്‍വഹിക്കുകയാണ് റാഫേല്‍ പിതാവിന്റെ വിളിയും വെല്ലുവിളിയും.''

സിനഡാനന്തരം ജനുവരി 13-ന് ശ്രേഷ്ഠ മെത്രാപ്പോലീത്തയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നല്കിയ സ്വീകരണവേളയില്‍ നല്കിയ സന്ദേശത്തില്‍ 'വിഘടിച്ചു' നില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രാമുഖ്യത്തെപ്പറ്റി പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ധേയമായി. ''പ്രധാന കാര്യങ്ങളില്‍ എറണാകുളത്തോട് ആലോചന ചോദിക്കുന്ന പതിവും പാരമ്പര്യവുമാണ് തൃശ്ശൂരിന്റേത്. സീറോ-മലബാര്‍ സഭയ്ക്ക് എല്ലാ നിറവുമുണ്ട്. എന്നാല്‍ ധനികനായ യുവാവിനെ ചൂണ്ടി യേശു പറഞ്ഞതുപോലെ സഭയിലെ പ്രധാന കുറവ് സഭയോടൊപ്പം, സഭയുടെ തന്നെ അമ്മ വീടായ എറണാകുളം-അങ്കമാലി അതിരൂപത ഇല്ലെന്നതാണ്.''

എങ്ങനെ ഈ 'കുറവില്‍' സഭയുടെ നിറവ് നിശ്ചലമായി എന്നതിന് റാഫേല്‍ പിതാവ് തന്നെ പിന്നീട് സൂചിപ്പിച്ച കാര്യങ്ങളില്‍, സഭയ്ക്കുവേണ്ടിയുള്ള കുറ്റ സമ്മതവുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ''നിങ്ങളെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയതുകൊണ്ടു കൂടിയാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മുറിവുകള്‍ എന്നാണ് ഞാന്‍ കരുതുന്നത്.'' താന്‍ എന്തിന് തിരഞ്ഞെടുക്കപ്പെട്ടു എന്നതിന് വ്യക്തമായ ഉത്തരവും അതേ സദസ്സില്‍ അദ്ദേഹം പങ്കുവച്ചു. ''എറണാകുളം നഷ്ടപ്പെടാന്‍ പാടില്ല. നിങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഒരാള്‍ വേണമെന്ന് സിനഡ് തീരുമാനിച്ചു.''

എല്ലാവരെയും ഒരുപോലെ കണ്ട് ചേര്‍ത്തുപിടിക്കുന്ന സഭാധ്യക്ഷനെ തന്നെയാണ് ഈ കാലഘട്ടം തീവ്രമായി ആഗ്രഹിക്കുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍ അത് നഷ്ടപ്പട്ട ആടിനെതേടിയുള്ള സഹതാപത്തോടെയാകരുത്. അഭി. പിതാവേ, എറണാകുളത്തെ നഷ്ടപ്പെടുത്തിയത് സീറോ മലബാര്‍ സിനഡാണ്. ഇപ്പോഴത്തെ പ്രതിസന്ധി സിനഡ് സൃഷ്ടിച്ചതാണെന്ന സത്യം അങ്ങ് അറിയാത്തതാണോ? ഭൂമി വിവാദത്തില്‍ തുടങ്ങി കുര്‍ബാനയര്‍പ്പണത്തര്‍ക്കത്തില്‍ വരെ നീണ്ട സംഭവ പരമ്പരകളില്‍ നീതിക്കുവേണ്ടിയുള്ള നിലവിളിയാണ് അതിരൂപത നിരന്തരമുയര്‍ത്തിയത്. നൈയാമിക അനുസരണത്തിന്റെ ഖഡ്ഗമുനയില്‍ അവഗണിച്ചൊതുക്കപ്പെട്ട ആടായി എറണാകുളത്തെ തിരിച്ചറിഞ്ഞ് തിരഞ്ഞുപോകുമ്പോഴാണ് ആ വീണ്ടെടുപ്പ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഒന്നുപോയാലും സാരമില്ല; 99 എണ്ണം കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ അങ്ങ് സ്വസ്ഥനാകുന്നില്ല എന്ന അറിവ് നല്ല ഇടയന്റെ മാതൃകാവഴിയുടേതാണ്. കയ്യിലെ വടി അടിച്ചൊതുക്കാനല്ല, അനുകമ്പയോടെ ചേര്‍ത്തു നിര്‍ത്താനാണ് എന്നറിയുമ്പോള്‍ സഭയില്‍ പ്രത്യാശയുടെ പുതിയ പുലരികളെ സ്വപ്നം കാണാനാകും. തൃശ്ശൂരിലെ സ്വീകരണവേദിയില്‍ അങ്ങ് പ്രാര്‍ത്ഥിച്ചതുപോലെ വാക്കും പ്രവൃത്തിയും ഒന്നാകുന്ന ആധികാരികത അങ്ങയുടേതാക്കാന്‍ പ്രഥമ കടമ അങ്ങേയ്ക്കുതന്നെയാണ്.

പുതിയ സ്ഥാനലബ്ധിയുടെ ആദ്യമണിക്കൂറിലെ അങ്ങയുടെ ആദ്യപ്രതികരണം ഓര്‍മ്മയുണ്ട്. ''മുമ്പില്‍ കാണുന്നത് പ്രതിസന്ധികളല്ല; സാധ്യതകളാണ്.'' അങ്ങനെയെങ്കില്‍ ആ പ്രതിസന്ധി പരിഹരിക്കാന്‍ അങ്ങയുടെ മുമ്പിലുള്ള പ്രധാന സാധ്യത, സിറിള്‍ പിതാവുമായി അതിരൂപത വൈദിക-അല്മായ നേതൃത്വം പങ്കുവച്ചതും, ഒരുമിച്ച് ധാരണയിലെത്തിയതുമായ പതിനൊന്നിന നിര്‍ദേശങ്ങള്‍ തന്നെയാണ്. അങ്ങ് തുടങ്ങാനാഗ്രഹിക്കുന്ന സംഭാഷണ രീതികളെ പ്രകാശിപ്പിക്കേണ്ടതും ആ ധാരണകള്‍ തന്നെയാകണം.

ഏറ്റവും ഒടുവില്‍ അങ്ങയുടെ അധ്യക്ഷതയില്‍ ജനുവരി 13-ന് കൂടിയ സിനഡിലെ പിതാക്കന്മാര്‍ ഒരുമിച്ച് ഒപ്പിട്ട് അതിരൂപതയ്ക്കായി നല്കിയ ഏകീകൃത ബലിയര്‍പ്പണയപേക്ഷയുടെ പരിഗണനാവഴികളില്‍ ഈ നിര്‍ദേശങ്ങള്‍ തന്നെയാണ് നിര്‍ണ്ണായകമാകുന്നതും. അപ്പോഴും അങ്ങനെയൊരു സംയുക്ത അഭ്യര്‍ത്ഥന ഇപ്പോള്‍ വേണ്ടിയിരുന്നോ എന്ന ചോദ്യമുണ്ട്. മുറിവുണക്കാനെത്തിയ അങ്ങ് അത് ആഴപ്പെടുത്താന്‍ ഇടയാക്കുന്നത് കഷ്ടമാണ്.

എറണാകുളം അതിരൂപത ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്‌നം ആശയാധിഷ്ഠിതമാകയാല്‍ നേതൃത്വത്തിലെ പോക്കുവരവുകള്‍ പ്രധാനപ്പെട്ടതല്ലെങ്കിലും, എല്ലാവരെയും ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന നേതൃമാറ്റത്തിലെ പുതിയ സൂചനകള്‍ ശുഭോദര്‍ക്കമാണ്.

അടുത്തകാലത്തായി അതിരൂപത ഉയര്‍ത്തിയ വിഷയങ്ങള്‍ സഭയെ കാലോചിതമായി നവീകരിക്കാനും, അവളുടെ ധാര്‍മ്മികാടിത്തറയെ ബലപ്പെടുത്താനുമുതകുന്ന വയെന്ന തിരിച്ചറിവില്‍, അവയെ നീതിപൂര്‍വം സമീപിക്കുന്നിടത്താണ് പ്രശ്‌ന പരിഹാര സാധ്യത. ജനാഭിമുഖം എന്നത് കുര്‍ബാനയര്‍പ്പണ വിഷയം മാത്രമല്ല, സഭയെ ത്തന്നെ ദൈവജനോന്മുഖമാക്കാനുള്ള സിനഡാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ്.

വൈവിധ്യ സമ്പൂര്‍ണ്ണമായ ഭാരത സംസ്‌കൃതിയെ അടുത്തറിയാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സീറോ മലബാര്‍ രൂപതയായ ഷംഷാബാദിന്റെ അധ്യക്ഷപദവി അങ്ങയെ സഹായിച്ചുവെങ്കില്‍, ഐക്യം തകര്‍ക്കുന്ന ഐകരൂപ്യശ്രമങ്ങളെ അങ്ങേയ്ക്ക് പിന്തുണയ്ക്കാനാവില്ലെന്നുറപ്പാണ്. ഈ ഉറപ്പിലാണ് അതിരൂപതയുടെയും സഭയുടെയും വര്‍ത്തമാനവും ഭാവിയും. പുതിയ ഇടയന് ഭാവുകങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org