വിലക്കിയത് വാക്കു മാത്രമോ?

വിലക്കിയത് വാക്കു മാത്രമോ?

വാക്ക് വിലക്കി സര്‍ക്കാര്‍! നേരത്തെ മനുഷ്യരെ വിലക്കിയിരുന്നു! ഒരു പ്രത്യേക മതത്തിലും സമുദായത്തിലും പിറന്നവര്‍ക്ക് പൗരത്വാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു ആ വിലക്ക്. 'അഴിമതി'യും, 'മുതലക്കണ്ണീരും', 'നിയമവിരുദ്ധ'വുമൊക്കെ ഇനി പാര്‍ലമെന്റിന് പുറത്ത്. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുതുതായി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലാണ് അറുപതോളം വാക്കുകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്നും പുറത്താക്കിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ട മുഖങ്ങളില്‍ നിരന്തരം ഉപയോഗിച്ചിരുന്ന മൂര്‍ച്ഛയേറിയ പദപ്രയോഗങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയെന്നാണ് പ്രതിപക്ഷാരോപണം. സഭയുടെ അന്തസ്സുയര്‍ ത്താനാണ് പദാവലിയുടെ പരിഷ്‌ക്കരണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പ്രവൃത്തിയിലുയരാത്ത അന്തസ്സിനെ വാക്കിലുയര്‍ത്തി 'പ്രകടിപ്പി'ക്കാമെന്നാണോ എന്ന ചോദ്യമുണ്ട്. 'ഏകാധിപതി' എന്ന വാക്കിനെയല്ല, ഏകാധിപതിയെപ്പോലെ പെരുമാറുന്ന സര്‍ക്കാരിനെയാണ് പാര്‍ലമെന്റിന് പുറത്താക്കേണ്ടത് എന്നാണ് പ്രതിപക്ഷ നിലപാട്. വിയോജിക്കുന്നവയെയും വിയോജിക്കുന്നവരെയും വിലക്കിയൊഴിവാക്കാമെന്ന സര്‍ക്കാര്‍ നിലപാട് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പാര്‍ലമെന്റിന്റെ പടവുകള്‍ നാടകീയമായി തൊട്ടുതൊഴുത് അകത്ത് കയറിയ മോദിസര്‍ക്കാര്‍ തന്നെയാണ് ജനവിരുദ്ധനയങ്ങളെ വെളിച്ചത്താക്കാനിടയുള്ള വാക്കുകളെ ഇപ്പോള്‍ ഇരുട്ടില്‍ നിറുത്തിയിരിക്കുന്നത്. അഴിമതിയനുവദിക്കുമ്പോഴും ആ വാക്കുപയോഗിക്കാന്‍ അനുവാദമില്ലാതിരിക്കുന്ന അവസ്ഥയെയാണ് അണ്‍പാര്‍ലമെന്ററിയായി പരിഗണിക്കേണ്ടത്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതുതായി അക്രഡിറ്റേഷന്‍ ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടിയായിരുന്നു ഇതില്‍ ഒടുവിലത്തേത്. ദേശവിരുദ്ധ, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന വ്യവസ്ഥ കൂടി ഇത്തവണ ചേര്‍ത്തു. ഇത് മാധ്യമ നിയന്ത്രണനീക്കം തന്നെയാണെന്നാണ് ആക്ഷേപം. 'രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ, രാജ്യസുരക്ഷ യ്‌ക്കോ എതിരായി പ്രവര്‍ത്തിക്കരുത്. വിദേശ രാജ്യങ്ങളിലെ ബന്ധത്തിന് തടസ്സമാകരുത്. പൊതുസമാധാനത്തിന് തടസ്സമാകുന്ന ഇടപെടല്‍ ഉണ്ടാകരുത്. കോടതിയലക്ഷ്യം, മാനനഷ്ടക്കേസുകള്‍ എന്നിവയെല്ലാം അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കാരണങ്ങളായി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പുതിയ നിയന്ത്രണ നിര്‍ദ്ദേശങ്ങളിലൂടെ മാധ്യമങ്ങളെ സര്‍ ക്കാരിന്റെ ഔദ്യോഗിക ജിഹ്വയാക്കി ഷണ്ഠീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയാണിവിടെ. 'റഫാല്‍' പോലുള്ള അഴിമതിയിടപാടുകള്‍ വിദേശ രാജ്യബന്ധങ്ങളെ ബാധിക്കുമെന്നതിനാല്‍ ഇനി മാധ്യമങ്ങള്‍ ചര്‍ച്ചയാക്കാന്‍ പാടില്ല! മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മാനനഷ്ടക്കേസുകള്‍ മാധ്യമ പ്രവര്‍ത്തനത്തിന് അയോഗ്യതയായതിനാല്‍, മാധ്യമങ്ങള്‍ തന്നെ വളരെ ശ്രദ്ധിച്ച് വാര്‍ത്തകൊടുക്കുമെന്ന് സര്‍ക്കാരിന് സമാശ്വസിക്കാം. 'അപകടകരമായ' വാര്‍ത്തകളെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ആദ്യമൊഴിവാക്കിക്കൊള്ളും! ഭരണകൂട സെന്‍ സറിംഗ് മാധ്യമങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കുന്ന നൂതന നിയന്ത്ര ണ നീക്കമാണിത്. 'പത്രം വായിക്കുന്നവരെപ്പോലും പ്രശ്‌നക്കാരാ ക്കുന്ന സര്‍ക്കാരാണിതെന്ന' സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പ്രസ്താവനയില്‍, സര്‍ക്കാര്‍ അസഹിഷ്ണുത, മാധ്യമങ്ങളോട് എന്നതിനേക്കാള്‍ ജനാധിപത്യത്തോടും, ജനങ്ങളോടുമാണെന്ന് വ്യക്തമാണ്.

പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങള്‍ക്കും ധര്‍ണയ്ക്കും സര്‍ ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്നതാണ് ഈ പ്രതിരോധ നിരയില്‍ ഒടുവിലത്തേത്. രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ.സി. മോദിയാണ് ഉപവാസം പോലുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ പോലും വിലക്കികൊണ്ട് ഉത്തരവിറക്കിയത്. 'തെറ്റിന്റെ വഴിയിലായ ഭരണാധികാരികളെ തിരുത്തുവാനുപയോഗിക്കുന്ന വാക്കുകള്‍ രാജ്യദ്രോഹമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും അത് തന്നെ ആവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട' മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പില്‍ മൗനമായി നിന്ന് പ്രതിഷേധിക്കാന്‍ പോലും ഇനി മുതല്‍ അനുവാദമില്ലെന്നര്‍ത്ഥം.

പ്രതിഷേധങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത പ്രതിരോധത്തിലാണ് ഇവിടെ ഇടതു സര്‍ക്കാര്‍. പ്രതിഷേധങ്ങളെ പോരിടമാക്കി വളര്‍ന്ന പാര്‍ട്ടിയിപ്പോള്‍ പ്രതിഷേധ പ്രകടനങ്ങളെ പോലും വധശ്രമമായി വ്യാഖ്യാനിക്കുന്നതിലെ ജനാധിപത്യ വിരുദ്ധത അങ്ങേയറ്റം അപഹാസ്യമാണ്.

ഭരണഘടനയ്ക്കനുസൃതമായി ജനോപകാരപ്രദമായ ഭരണരീതി സുതാര്യമായി നടക്കുന്നുവെന്നുറപ്പു വരുത്തേണണ്ട ജനാധിപത്യ സംവിധാനമാണ് ദ്വിമുഖ പാര്‍ലമെന്റും നിയമസഭകളും. അവിടെ അധിക്ഷേപമാകാത്ത ആക്ഷേപങ്ങളും സത്യാന്വേഷണ വിമര്‍ശനങ്ങളും അനിവാര്യമാണ്. അതിന് അതിര് വയ്ക്കുന്ന സോദ്ദേശപരമല്ലാത്ത ഇടപെടലുകളും ഇടപാടുകളുമാണ് യഥാര്‍ത്ഥത്തില്‍ വിലക്കപ്പെടേണ്ടത്. പകരം ചില വാക്കുകളെ വിലക്കി പ്രതിഷേധത്തിന് വിലങ്ങിടാമെന്ന് കരുതരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org