'മുറിവുണക്കണം, മറക്കരുത്'

'മുറിവുണക്കണം, മറക്കരുത്'

പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്തയുടെ വാക്കുകള്‍ തുടര്‍ച്ചയായി വിവാദമായത് സഭാംഗങ്ങളില്‍ മാത്രമല്ല, പൊതു സമൂഹത്തിലും അസ്വസ്ഥതയുണ്ടാക്കി എന്നത് സത്യമാണ്. ആദ്യത്തേതു രണ്ടു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ നടത്തിയ പ്രസംഗത്തിന്റെ ചുവടു പിടിച്ചായിരുന്നെങ്കില്‍ രണ്ടാമത്തേത് തലസ്ഥാന നഗരിയില്‍ അദ്ദേഹത്തിനു നല്കപ്പെട്ട സ്വീകരണ വേളയില്‍ അനുമോദനം സ്വീകരിച്ച് സംസാരിച്ചപ്പോഴായിരുന്നു.

രണ്ടിടത്തും സഹോദര സഭാംഗങ്ങളായ ലത്തീന്‍ സമുദായത്തെ അവഹേളിച്ച് സംസാരിച്ചുവെന്നാണ് ആക്ഷേപം. ബാംഗ്ലൂര്‍ പ്രസംഗത്തിലെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രസംഗശൈലിയുടെ സ്വാതന്ത്ര സ്വഭാവത്താല്‍ ന്യായീകരിച്ചാലും രണ്ടാമത്തേത് തിരുസഭാ ചരിത്രത്തെ മനഃപൂര്‍വം വികലമാക്കിയവതരിപ്പിച്ചാണ് മുറിപ്പെടുത്തിയതെന്നു തന്നെ പറയേണ്ടി വരും.

'വിദേശ മിഷണറിമാരുടെ സംഭാവനകളില്‍ ഏറെയും സഭയില്‍ വലിയ നഷ്ടങ്ങളും പരിക്കുകളുമായിരുന്നു'വെന്ന പരാമര്‍ശം സഭാചരിത്രത്തിന്റെ പക്ഷപാത വായനയുടെ ദുരുദ്ദേശ സംഗ്രഹമാണെന്നതില്‍ സംശയമില്ല. ഉദയംപേരൂര്‍ സൂനഹദോസിലെ ചരിത്ര നടപടികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായാലും നൂറ്റാണ്ടുകള്‍ നീണ്ട വിദേശ മിഷണറി ബന്ധം സഭയ്ക്കു നല്കിയ സംഭാവനകളെ പരോക്ഷമായിപ്പോലും തമസ്‌ക്കരിക്കാവുന്നവയല്ല. നാലാം നൂറ്റാണ്ടു മുതല്‍ പതിനാറാം നൂറ്റാണ്ടു വരെയുള്ള പേര്‍ഷ്യന്‍ വിദേശബന്ധത്തെ സഭയ്ക്കനുകൂലമായി വ്യാഖ്യാനിക്കുന്നവര്‍ പതിനാറാം നൂറ്റാണ്ടിനുശേഷമുള്ള മിഷണറി ബന്ധത്തെ മാത്രം തള്ളിപ്പറയുന്നതിന്റെ ന്യായീകരണമെന്താണ്? തീവ്ര ലത്തീന്‍ വിരോധം പ്രചരിപ്പിക്കുന്നവര്‍ ആ പാരമ്പര്യ വഴികളിലെ തിരുനാളുകളും തിരുസ്വരൂപങ്ങളും കൂടി ഉപേക്ഷിക്കുമോ എന്ന ചോദ്യമുണ്ട്. ആദ്യകാലങ്ങളില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയിലും പുറത്തും രൂപതകളുടെ നിയതസ്വഭാവത്തിലേക്ക് സീറോ-മലബാര്‍ സഭ വളര്‍ന്നതിനു പുറകില്‍ ലത്തീന്‍ സഭയുടെ നിര്‍ലോഭമായ സഹകരണസമീപനങ്ങളുണ്ടായിരുന്നുവെന്ന വസ്തുത മറക്കാമോ? സുറിയാനി എന്നത് ഒരു ആരാധന പാരമ്പര്യ വഴി മാത്രമായിരിക്കെ അതിനെ സവര്‍ണ്ണ ജാതി ബോധത്തോട് ചേര്‍ത്തു വായിക്കുന്ന സഭാചരിത്രവായന മനുഷ്യവിരുദ്ധം മാത്രമല്ല; ക്രിസ്തുവിരുദ്ധവുമാണ്.

അസംഘടിതവും അശാസ്ത്രീയവുമായിരുന്ന ഇവിടുത്തെ വൈദീക പരിശീലന വേദിക്ക് സമഗ്രവും സര്‍ഗാത്മകവുമായ ആഗോളമുഖം നല്കി വിപുലീകരിച്ചത് വിദേശ കര്‍മ്മലീത്ത മിഷണറിമാരുടെ അശ്രാന്ത പരിശ്രമത്താലായിരുന്നുവെന്ന സത്യമെങ്കിലും തട്ടില്‍പ്പിതാവ് മറന്നുപോകരുതായിരുന്നു. അതേ മാതൃകയില്‍, പിന്നീട് തൃശ്ശൂരില്‍ മേജര്‍ സെമിനാരി തുടങ്ങിയപ്പോള്‍ അദ്ദേഹം അതിന്റെ റെക്ടറായിരുന്നുവെന്ന സത്യവും...! സഭയിലെ വൈദിക പരിശീലനരംഗത്തെ അതിരു കടന്ന കല്‍ദായവല്‍ക്കരണ ശ്രമങ്ങള്‍ക്ക് മറുപടിയായി ആടുകളുടെ മണമുള്ള ഇടയന്മാരെ വാര്‍ത്തെടുക്കുകയെന്ന കാലോചിതമായ അജപാലന പദ്ധതിയുടെ ഭാഗമായിരുന്നു മുളയത്തെ സെമിനാരിയെന്ന് അവിടെ പഠിച്ചിറങ്ങിയ നൂറു കണക്കിന് വൈദീകര്‍ നന്നായി ഓര്‍ക്കുന്നുണ്ട്; ജീവിതത്തില്‍ പാലിക്കുന്നുമുണ്ട്. ഇത് വിദേശ മിഷണറിമാരുടെ ചരിത്ര സംഭാവനകളില്‍ ഒന്നു മാത്രമാണ്. മലയാളത്തിന് ലിപിയും വ്യാകരണവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയത് മുതല്‍ അച്ചടിയിലൂടെ അത് പൊതുജനസമക്ഷം പ്രചരിപ്പിച്ചതുള്‍പ്പെടെയുള്ള സാഹിത്യ സാംസ്‌കാരിക സംഭാവനകളെ വിസ്താരഭയത്താല്‍ ഇവിടെ പ്രസ്താവിക്കാത്തതാണ്.

വാക്കുപിഴയും നാക്കുപിഴയും മനുഷ്യസഹജമാണ്. അതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ പിഴവു പറ്റുമ്പോള്‍ അത് വേഗം തിരുത്തുന്നിടത്താണ് വ്യക്തിയുടെ വിവേകം വെളിച്ചപ്പെടുന്നത്. വിവാദ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കുശേഷവും ഖേദപ്രകടനത്തിലൂടെ, മുറിവേറ്റ സമുദായാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനു പകരം സഭാ വക്താവിന്റേതായി പുറത്തുവന്ന പ്രസ്താവന സ്ഥിതി ഒന്നുകൂടി വഷളാക്കിയെന്ന് പറയേണ്ടി വരും. ഈ വിഷയത്തില്‍ ''ജാഗ്രതയും കരുതലും ഉണ്ടാകണമെന്ന'' വക്താവിന്റെ ആഹ്വാനം ആരോടാണെന്നത് തന്നെയാണ് മുമ്പെന്നപോലെ ഇപ്പോഴും സഭാ പ്രതികരണങ്ങളെ അനുചിതവും അസംബന്ധവുമാക്കുന്നത്. പ്രസ്താവന നടത്തിയ മെത്രാപ്പോലീത്തയ്ക്കുള്ള ആഹ്വാനമാണതെങ്കില്‍ പ്രശ്‌നപരിഹാരമാണ്. പക്ഷേ, അത് നിര്‍ഭാഗ്യവശാല്‍, ആ പ്രസ്താവന കേട്ട് പ്രതികരിച്ചവരോടാണ് എന്നതാണ് ഇവിടുത്തെ പ്രശ്‌നം. മുമ്പ് ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ സമയോചിതമായി നല്കാതിരുന്ന ഖേദപ്രകടനം വിഷയത്തെ എങ്ങനെ വഷളാക്കിയെന്ന് ഓര്‍മ്മയുണ്ട്. ഒടുവില്‍ അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തോളം അത് വളര്‍ന്നതിനുശേഷം മാത്രമാണ് അതുണ്ടായതെന്നതും സ്മരണീയം. ചരിത്രപാഠങ്ങള്‍ ഇങ്ങനെ മുന്നില്‍ നില്‍ക്കെ ന്യായീകരണ പരമ്പരകളിലൂടെ സഭ വീണ്ടും വീണ്ടും അപഹാസ്യമാകുന്നതില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകളാണെന്നത് മറ്റൊരു സത്യം.

അഭി. തട്ടില്‍പ്പിതാവേ, മൂന്നു റീത്തുകളിലെയും അഭി. പിതാക്കന്മാരുടെ സാഹോദര്യ സാന്നിധ്യത്തിലായിരുന്നു, അങ്ങയുടെ സ്ഥാനാരോഹണം. 'ഒരു ഞെട്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍' എന്നത് ഭംഗി വാക്കല്ലെങ്കില്‍, പ്രസ്താവന തിരുത്തി മുറിവുണക്കണം.

പൊതുവിടങ്ങള്‍ ചുരുങ്ങിയൊതുങ്ങുന്നതിനാല്‍ പൊതുബോധ ശോഷണത്തെ അപകടകരമാംവിധം അഭിമുഖീകരിക്കുന്ന അസാധാരണ കാലത്താണ് നാം. മൂന്നു റീത്തുകളുടെയും സംഗമവേദികളായിരുന്ന, സെമിനാരി പരിശീലനവും വിശ്വാസ പരിശീലനവും സ്വത്വവാദ പ്രേരണകളില്‍ അസ്തമിച്ചില്ലാതായിട്ട് പതിറ്റാണ്ടുകളായി. അവശേഷിക്കുന്നത് പി ഒ സി മാത്രം. അവിടെപ്പോലും പൊതു പ്രസ്താവനകളിലൊതുങ്ങുന്നു, പൊതുവായ പ്രവര്‍ത്തനങ്ങള്‍.

വേദികള്‍ക്കനുസരിച്ച് വാക്കു മാറ്റുമ്പോള്‍, തൃശ്ശൂരിലെ പ്രസംഗമെങ്കിലും മറന്നുപോകരുത്. വാക്കും പ്രവര്‍ത്തിയും ഒന്നാകുന്ന ആധികാരികതയുടെ അധികബലം അങ്ങേയ്ക്കുണ്ടാകട്ടെ. മാപ്പ് പറയുമ്പോള്‍ ചെറുതാവുകയല്ല, 'ചെറുതായവനിലേക്ക്' വലുതാവുകയാണ്, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org