സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍

സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍
Published on

പ്രശസ്ത മലയാളകവി അയ്യപ്പപണിക്കരുടെ 'രാമന്‍ വാണാലും രാവണന്‍ വാണാലും' എന്ന കവിതയിലെ വരികള്‍ സമകാലിക ഭാരതത്തിന്റെ നേര്‍ചിത്രം വരച്ചു കാണിക്കുന്നതാണ്.

'രാമന്‍ വാണാലും രാവണന്‍ വാണാലും

സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപാത്രം

രാവിതു പോയി പകല്‍വേള വന്നാലും

നാവ് നനയ്ക്കുവാന്‍ കണ്ണീര്‍ മാത്രം.'

അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ (Statue of Libtery) സന്ദര്‍ശിച്ചതിനുശേഷം ലാറ്റിനമേരിക്കന്‍ കവിയായ നിക്കാനോര്‍ പാര്‍റ എഴുതുന്ന ഒറ്റവരി കവിത ശ്രദ്ധേയമാണ്.

'In America, Libtery is a statue.' അമേരിക്കയില്‍ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്; ജീവനില്ലാത്ത പ്രതിമ!

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ കാലത്ത് ഭാരതത്തിലെ ഏകതാ പ്രതിമ (Statue of Untiy) കണ്ടിട്ട് ഏതെങ്കിലും കവി ഭാവിയില്‍ ഇങ്ങനെ എഴുതിയേക്കാം: 'In India, Untiy is a Statue.'

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ കാലത്ത് ഭാരതത്തിലെ ഏകതാ പ്രതിമ (Statue of Untiy) കണ്ടിട്ട് ഏതെങ്കിലും കവി ഭാവിയില്‍ ഇങ്ങനെ എഴുതിയേക്കാം: 'In India, Untiy is a Statue.' ഭൂരിപക്ഷത്തിന്റെ ഉള്ളില്‍ അരക്ഷിതാബോധം വളര്‍ത്തി ന്യൂനപക്ഷങ്ങളോട് അകല്‍ച്ചയും വെറുപ്പും ഉണ്ടാക്കി, അവരെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുപയോഗിക്കുന്ന വോട്ട് ബാങ്കുകളാക്കി നിലനിര്‍ത്തുക എന്നത് ജര്‍മ്മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകള്‍ പരീക്ഷിച്ച ശൈലിയാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം നമ്മോട് പറയുന്നതും മറ്റൊന്നല്ല.

'ഇര ചരിത്രം എഴുതുന്നതുവരെ ചരിത്രം വേട്ടക്കാരന്റെ സ്തുതിഗീതങ്ങളായിരിക്കും' എന്ന നിര്‍വചനത്തെ സാധൂകരിക്കുന്ന കഥകളാണ് സംഘപരിവാരത്തിന്റെ സാംസ്‌കാരിക പാചകശാലകളില്‍ പാകമായിക്കൊണ്ടിരിക്കുന്നത്. കെട്ടുകഥകളെ ചരിത്രമാക്കിയും ശാസ്ത്രീയ ചരിത്രത്തിന് പകരം വര്‍ഗീയ ചരിത്രം പഠിപ്പിച്ചും ചരിത്രത്തെ കാവിവല്‍ക്കരിക്കുകയാണ് അഭിനവ ഫാസിസ്റ്റുകള്‍. വിദ്യാഭ്യാസത്തിന്റെ ഭാരത വല്‍ക്കരണം എന്ന പേരിലാണ് ചരിത്രത്തെ കാവിവല്‍ക്കരിക്കുന്നത്. സിദ്ധാന്ത നിര്‍മ്മിതികള്‍ കയ്യടക്കി വച്ചിരിക്കുന്നവര്‍ രാജ്യസ്‌നേഹത്തെ മതദേശീയതയുടെ കുപ്പായമിടീച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിഷ്പക്ഷ ചരിത്രം (Objective History) എന്നത് ഒരു മിത്തായി മാറുന്നു.

നെഹ്‌റുവിയന്‍ സെക്കുലറിസത്തെ പാശ്ചാത്യമെന്നും ഭാരത വിരുദ്ധമെന്നും ആക്ഷേപിച്ച് അന്യവല്‍ക്കരിക്കാനും അതുവഴി തമസ്‌കരിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. ഭാരതത്തിന്റെ അയല്‍രാജ്യങ്ങള്‍ പട്ടാളഭരണത്തിന്റെയും ഏകാധിപത്യത്തിന്റെയും അരാജകത്വത്തിന്റെയും പ്രതീകങ്ങളായപ്പോള്‍ ഇന്ത്യ മതേതരസോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമായി നിലനിന്നത് നെഹ്‌റുവിനെപ്പോലുള്ള ക്രാന്തദര്‍ശികളുടെ ദീര്‍ഘവീക്ഷണവും ദര്‍ശനമികവും കൊണ്ടാണ്. എന്നാല്‍ നെഹ്രുവിയന്‍ സെക്യുലറിസത്തെ കപടമതേതരത്വം (സ്യൂഡോ സെക്യുലറിസം) എന്ന് ചാപ്പ കുത്തുന്ന വര്‍ഗീയശക്തികള്‍ വര്‍ഗീയതയുടെ കടന്നല്‍ കൂടിളക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പുറപ്പാടിലാണ്.

റാംമോഹന്‍ റോയിക്കും അഞ്ചുനൂറ്റാണ്ടു മുമ്പ് കയ്യിലൊരു പന്തം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചന്തയുടെ മധ്യത്തില്‍ നിന്ന് മാനവികതാവാദിയായ കവി കബീര്‍ദാസ് പറഞ്ഞു: 'മാമൂലുകളുടെ ഇടുങ്ങിയ വീടുകള്‍ കത്തിച്ചു കളയുക. എന്നിട്ട് എന്റെ കൂടെ വരൂ.' സങ്കുചിതത്വത്തിന്റെ കുടുസ്സുകളില്‍ നിന്ന് വിശാലതയുടെ തുറസ്സുകളിലേക്ക് മടങ്ങാനുള്ള ക്ഷണമായിരുന്നു അത്. തുറസ്സുകളില്‍ നിന്ന് അടച്ചിട്ട മുറികളിലേക്കുള്ള വര്‍ഗീയ മനസ്സുകളുടെ 'ഘര്‍ വാപസി' ശ്രമങ്ങള്‍ ശക്തിപ്പെടുന്നിടത്ത് കബീര്‍ ദാസ് കത്തിച്ചുപിടിച്ച നവോത്ഥാനത്തിന്റെ പന്തം കരിന്തിരി കത്തുന്നു. 'യത്ര വിശ്വം ഭവത്വേക നീഡം' എന്ന ഭാരതീയ ചിന്തയുടെ വിശാലത മത ദേശീയതയുടെ ഇടുങ്ങിയ വേലികള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്നു.

ജര്‍മ്മന്‍ കവിയും നാടകകൃത്തുമായ ബ്രെഹ്‌ടോള്‍ഡ് ബ്രെഹ്റ്റിന്റെ ഒരു കവിതയില്‍ ഹിറ്റ്‌ലര്‍ ഭരിക്കുന്ന ജര്‍മ്മനിയിലെ ഒരു യാത്രക്കാരനോട് ഒരു വിദേശി ഇങ്ങനെ ചോദിച്ചു: 'സുഹൃത്തേ ആരാണിവിടെ ഭരിക്കുന്നത്?' ഭീതി നിറഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞു: 'ഭയം, ഭയമാണിവിടെ ഭരിക്കുന്നത്.' റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ജയിലിലേക്ക് വാതില്‍ തുറക്കുന്ന ഒരു കാലഘട്ടത്തില്‍ നിരോധനങ്ങളുടെ ഫത്വവല്‍ക്കരണം കാരണം സാധാരണക്കാര്‍ ഭീതിയിലാണ്. സമൂഹത്തിന് വെളിച്ചമാകേണ്ട സാഹിത്യകാരന്മാരും ചിന്തകരും അസ്തിത്വ പ്രതിസന്ധിയിലാണ്. എഴുത്തോ നിന്റെ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് കാണിച്ചു കൊടുക്കാന്‍ അധികം ആളുകളില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്.

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ മരണപത്രം വിചിത്രമായ ഒരാവശ്യം ഉന്നയിക്കുന്നുണ്ട്: 'ഇന്ത്യയുടെ സാംസ്‌കാരിക, രാഷ്ട്രീയ, മതമാനങ്ങള്‍ ഒരു പരമാധികാര ഹിന്ദു രാഷ്ട്രത്തിന്റേതാകുന്നത് വരെ എന്റെ ചിതാഭസ്മം സൂക്ഷിക്കണം. അതിനുശേഷമേ എന്റെ ചിതാഭസ്മം വിശുദ്ധ നദിയായ ഗംഗയില്‍ ഒഴുക്കാവൂ.' മതാധിപത്യം ജനാധിപത്യത്തെ തെയോക്രസിയാക്കു മ്പോള്‍ മഹാത്മാവ് വീണ്ടും നിലവിളിക്കുന്നു: ഹേ റാം! സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍ക്കുമേല്‍ സൗഖ്യലേപനം പകരേണ്ടവര്‍ പകരം മുളക് തേക്കുന്ന കാലത്ത് നിഷ്പക്ഷര്‍ അറിയാതെ പറഞ്ഞു പോകും: 'ഇന്ത്യയില്‍ സ്വാതന്ത്ര്യം ഒരു പ്രതീക്ഷയാണ്.'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org