കാടിറങ്ങുന്ന ക്രൂരതകള്‍

കാടിറങ്ങുന്ന ക്രൂരതകള്‍

ആനക്കലി ജീവനെടുത്ത വയനാട് പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് നാടിന്റെ നോവോര്‍മ്മയാകുമ്പോഴും, കാടിറങ്ങുന്ന വന്യതയ്ക്ക് പരിഹാരമാകാതെ ഇപ്പോഴും ഇരുട്ടില്‍തന്നെയാണ് സര്‍ക്കാരും വനം വകുപ്പും.

ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ അയല്‍വാസിയുടെ വീട്ടുമുറ്റത്തു വച്ച് ബേലൂര്‍ മഖ്‌നയെന്ന മോഴയാനയാണ് അജിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കര്‍ണ്ണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടിച്ച് റേഡിയോ കോളര്‍ പിടിപ്പിച്ച ആനയാണ് പാവപ്പെട്ട കര്‍ഷകകുടുംബത്തിന്റെ ജീവനും ജീവിതവും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കിയത്. ശനിയാഴ്ച അതിരാവിലെ മുതല്‍ സമീപപ്രദേശത്ത് തമ്പടിച്ച ആനയെക്കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയം നാട്ടുകാരെ അറിയിക്കാതിരുന്ന വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ജനരോഷം, മൃതദേഹവുമായി റോഡ് ഉപരോധിക്കുവോളം തീവ്രമായി. എന്നാല്‍ കൊലയാളി ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ നല്കാന്‍ കര്‍ണ്ണാടക വനംവകുപ്പ് തയ്യാറാകാതിരുന്നതിനാലാണ് മുന്നറിയിപ്പ് വൈകിയതെന്നാണ് കേരള വനംവകുപ്പിന്റെ നിലപാട്. പരസ്പരം പഴിചാരി പരിഹാസ്യരാകുന്ന സര്‍ക്കാരുകളും വനംവകുപ്പ് ഉദ്യോഗസ്ഥരും പതിറ്റാണ്ടുകളായി തുടരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി മാത്രമല്ല, കര്‍ഷകരോടുള്ള അതിക്രൂരമായ അവഗണനയുടെ നേര്‍സാക്ഷ്യം കൂടിയാണ്. പടമലയില്‍ ഇപ്പോള്‍ കടുവയും ഇറങ്ങിയെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

നാലര പതിറ്റാണ്ടിനിടയില്‍ വയനാട്ടില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മാത്രം കാട്ടാന ചവിട്ടി തേച്ച ജീവിതങ്ങള്‍ 42 ഉം. എട്ട് വര്‍ഷത്തിനിടയില്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ട 909 പേരില്‍ 706 പേരുടെ ആശ്രിതര്‍ക്കു മാത്രമാണ് നഷ്ടപരിഹാരം കിട്ടിതെന്നറിയുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരുത്തരവാദിത്വപരമായ നിലപാട് എത്രയോ നിര്‍ദയമാണ് എന്നു മനസ്സിലാകും.

ഇക്കഴിഞ്ഞ ഡിസംബറില്‍ വയനാട്ടിലെ വാകേരി കൂടല്ലൂരിലെ യുവകര്‍ഷകനെ നരഭോജിക്കടുവ കൊന്ന വാര്‍ത്തയുടെ നടുക്കം തീരും മുമ്പാണ് വയനാട്ടില്‍ നിന്നു തന്നെയുള്ള ഈ ദുരന്തവും.

മനുഷ്യ-വന്യജീവി സംഘര്‍ഷം അതിരൂക്ഷമായി തുടരുമ്പോഴും, അതില്ലാതാക്കാനോ, അതിനിരയാകുന്നവര്‍ക്ക് ഫലപ്രദമായ വിധം നഷ്ടപരിഹാരം നല്കാനോ വേണ്ടത്ര ധനമനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിന്റെ നിര്‍ദയത്വം ഇത്തവണത്തെ ബജറ്റിലുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിഹിതം കുറച്ചാണ് സര്‍ക്കാര്‍ തങ്ങളുടെ കര്‍ഷക വിരുദ്ധതയെ ആഘോഷിച്ചത്.

ആനയെ കൂടാതെ കടുവയും കരടിയും പന്നിയും കാട്ടുപോത്തും പെറ്റ് പെരുകി കാടിറങ്ങുമ്പോള്‍, സാധാരണ ജീവിതം പോലും അസാധ്യമാകുംവിധം നാട് മുഴുവന്‍ നിശ്ചലമാവുകയാണ്. വന്യജീവി ശല്യം മൂലം വീടും കൃഷിയുമുപേക്ഷിച്ച് വഴിയാധാരമാകുന്ന കര്‍ഷകരുടെ കണ്ണീര്‍ വാര്‍ത്തപോലുമാകാത്ത സാഹചര്യം സങ്കടകരമാണ്. പുറത്തിറങ്ങാന്‍ പേടിച്ച് പാതിവഴിയില്‍ പഠനം നിറുത്തുന്ന വിദ്യാര്‍ത്ഥികള്‍ പോലുമുണ്ടെന്നറിയുമ്പോഴാണ് കാടിറങ്ങുന്ന ക്രൂരത എത്രയോ ഭയനാകമാണെന്നു നാം തിരിച്ചറിയുന്നത്.

ദിവസങ്ങള്‍ക്കു മുമ്പ് മയക്കുവെടി വച്ച് പിടിക്കുന്നതിനിടയില്‍ ചെരിഞ്ഞ, തണ്ണീര്‍ കൊമ്പനുവേണ്ടി കണ്ണീര്‍പൊഴിച്ച കപട പരിസ്ഥി മൃഗസ്‌നേഹികള്‍ അകാലത്തില്‍ അനാഥമായ അജിയുടെ കുടുംബത്തിന്റെ ആകുലതയെ അറിയുമോ? നഗരവാസികള്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത മരണകരമായ മരവിപ്പിലൂടെ നിരന്തരം കടന്നുപോകുന്ന കര്‍ഷക ദുരിതങ്ങളെ ഇനിയെങ്കിലും ദയവായി അപമാനിക്കാതിരിക്കുക.

വന്യമൃഗങ്ങള്‍ക്ക് മാത്രം അതീവ സുരക്ഷയൊരുക്കുന്ന കാലഹരണപ്പെട്ട കരിനിയമങ്ങളെ ജനോപകാരമാംവിധം പരിഷ്‌ക്കരിക്കാന്‍ ജനപ്രതിനിധികളും, സര്‍ക്കാര്‍ സംവിധാനങ്ങളും, ഇപ്പോഴത്തെ പ്രതിഷേധ ബഹളങ്ങള്‍ക്കു ശേഷം തയ്യാറാകുമോ എന്നാണറിയേണ്ടത്. വന്യജീവികള്‍ വീടിന്റെ വേലിപൊളിച്ചെത്തുമ്പോള്‍ നിസ്സഹായരായി ചതഞ്ഞുത്തീരുന്ന ഇത്തരം കര്‍ഷക ദുരിതങ്ങള്‍ ഇക്കുറിയെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിക്കുമോ?

സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതെങ്കില്‍ അതിനുള്ള കാരണം പരിശോധിക്കാതെയും പരിഹരിക്കാതെയും അവയെ തിരികെ കാട് കയറ്റുന്നതിന്റെ യുക്തി എന്താണ്? വന്യമൃഗങ്ങള്‍ക്ക് ആവശ്യമായതില്ലാതെയാണ് നാം കാട് 'വലുതാക്കിയത്' എന്ന ആരോപണം സത്യമാണെന്ന് അവിടെയുള്ള അപരിചിത സസ്യങ്ങളുടെ ആധിക്യം വിളിച്ചു പറയുന്നുണ്ട്. തേക്കും, യൂക്കാലിപ്റ്റ്‌സും സ്വാഭാവിക വനമല്ലെന്നറിയണം. ഇതിനിടയില്‍ നിരാലംബമായ അജിയുടെ കുടുംബത്തിന് 10 ലക്ഷം നല്കി കൂടെയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച മാനന്തവാടി രൂപതാനേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെക്കുറിച്ചു മാത്രം ആകുലപ്പെടുന്ന വനം വകുപ്പ് മന്ത്രിയും വന്യജീവി പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാത്ത സംസ്ഥാന സര്‍ക്കാരും വനനിയമങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കാത്ത കേന്ദ്ര സര്‍ക്കാരും കര്‍ഷക വിരുദ്ധര്‍ മാത്രമല്ല, ജനവിരുദ്ധരുമാണ്. അതിക്രമങ്ങള്‍ അധികവും കര്‍ണ്ണാടക-കേരള വനാതിര്‍ത്തിയിലാകയാല്‍ ഇരു സര്‍ക്കാരുകളുടെയും സംയോജിത പ്രതിരോധ പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ പ്രശ്‌നത്തില്‍ സമയോചിതമായി ഇപെടാനാകും. വനം സംരക്ഷിക്കാന്‍വേണ്ടി കര്‍ഷകരെ ശത്രുക്കളാക്കുന്ന സമീപനം വനംവകുപ്പ് അടിയന്തരമായി ഉപേക്ഷിക്കണം.

'എന്റെ പപ്പയുടെ ഗതി ഇനി ആര്‍ക്കും വരരുത്, എന്നെപ്പോലെ ഇനിയൊരു കുട്ടിയും കരയരുത്.' അജിയുടെ മകള്‍ ഇങ്ങനെ ആര്‍ത്തലച്ച് ആവര്‍ത്തിക്കുമ്പോള്‍ അത് ഒരു അപേക്ഷയായല്ല കര്‍മ്മ പരിപാടിയായി ത്തന്നെ അധികാരികള്‍ ആവിഷ്‌ക്കരിക്കണം. 'ആനയ്ക്കു വോട്ടി'ല്ലെന്ന സങ്കടം കൊല്ലപ്പെട്ട അജിയുടെ അടുത്ത ബന്ധുക്കളുടെ മാത്രമല്ല ഈ നാട്ടിലെ സാധാരണക്കാരുടെ, നിസ്സഹായതയുടെ നിലവിളിയാണ്. ആനപ്പേടിയില്‍ ഉറങ്ങാത്ത നാട് സര്‍ക്കാരിന്റെ ഉറക്കം കെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org