ഇതെഴുതുമ്പോഴും വയനാട്ടിലെ മരണക്കണക്ക് പൂര്‍ണ്ണമായിട്ടില്ല. അത് എന്ന് കൃത്യമായി കിട്ടും എന്ന് ഉറപ്പിക്കാനാവാത്ത വിധം ഭയാനകമാണ് വെള്ളൊലിപ്പാറ പിളര്‍ത്തിയൊഴുകിയ ഉരുള്‍ ദുരന്തം. ഉരുള്‍പൊട്ടലില്‍ ഒഴുകി ഒലിച്ചില്ലാതായത് 224 പേര്‍ എന്നാണ് ഒടുവിലത്തെ സര്‍ക്കാര്‍ സ്ഥിരീകരണം. 150 ലധികം പേര്‍ മണ്‍മറയില്‍ എന്നു പ്രദേശവാസികള്‍! കണ്ണീരടങ്ങാത്ത എട്ടാം നാളിലും ദുരിത പെയ്ത്ത് തുടരുകയാണ്.
അപ്രതീക്ഷിതമായി ഒഴുകിവന്ന ഉരുള്‍ജലം മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞു. മണ്ണ് മടക്കിത്തന്നതില്‍ ഭൂരിഭാഗവും മൃതദേഹാവശിഷ്ടങ്ങളാണെന്നറിയുമ്പോഴാണ് കേരളം ഇതുവരെ കാണാത്ത അതിഭീകരമായ പ്രകൃതിക്ഷോഭത്തിനാണ് നിസ്സഹായയായി സാക്ഷിയായതെന്ന് മനസ്സിലാകുന്നത്. നൂറുകണക്കിന് ശരീരഭാഗങ്ങളാണ് തിരിച്ചറിയാനാവാത്ത വിധം ചിതറി ശേഷിച്ചത്. ചില പ്രദേശങ്ങളല്ല, രണ്ട് ഗ്രാമങ്ങളാകെയാണ് മലവെള്ളം മായിച്ചു കളഞ്ഞതെന്നറിയുമ്പോഴാണ്, ദുരന്തത്തിന്റെ വ്യാപ്തി വയനാടിനെ അധികഠിനമാം വിധം ഉലച്ചതെങ്ങനെയെന്ന് നാം തിരിച്ചറിയുന്നത്. ആള്‍ നാശമില്ലെങ്കിലും കോഴിക്കോട് വിലങ്ങാട് നടന്നതും സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ്.
'എല്ലാവരും വന്ന് എല്ലാം കണ്ടിട്ട് പോകും. അവസാനം ഞങ്ങള്‍ ഒറ്റയ്ക്കാകും.' അങ്ങനെയല്ല എന്ന് കേരളം ഉറക്കെ പറയണം.
ജീവന്‍ രക്ഷിക്കുക, അടിയന്തര സഹായം എത്തിക്കുക, ദുരിതാശ്വാസക്യാമ്പുകളെ പിന്തുണയ്ക്കുക തുടങ്ങിയ പ്രാഥമിക ദുരന്തനിവാരണ ശ്രമങ്ങള്‍ക്കുശേഷം സന്നദ്ധ സംഘാംഗങ്ങള്‍ പിന്‍വാങ്ങുകയും സര്‍ക്കാര്‍ മറ്റു തിരക്കുകളിലേക്ക് സ്വാഭാവികമായി മടങ്ങുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ദുരിതബാധിതര്‍ക്ക് ശക്തവും നിരന്തരവും കാര്യക്ഷമവുമായ പിന്തുണയുമായി പൊതുസമൂഹം കൂടെയുണ്ടാകേണ്ടത്. അതിജീവിതരുടെ ആശങ്കയെ അഭിസംബോധന ചെയ്യുംവിധമുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. 'എല്ലാവരും വന്ന് എല്ലാം കണ്ടിട്ട് പോകും. അവസാനം ഞങ്ങള്‍ ഒറ്റയ്ക്കാകും.' അങ്ങനെയല്ല എന്ന് കേരളം ഉറക്കെ പറയണം.
നവകേരളമെന്നാല്‍ പുതുക്കി പണിയുന്നതല്ല, മാറ്റി പണിയുന്ന പുതിയ കേരളമാണെന്നയറിയിപ്പുമായി പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാര്‍ നടപടികളുടെ ഇനിയും പൂര്‍ത്തിയാകാത്ത 'പ്രളയ പാഠം' നമ്മുടെ മുമ്പിലുണ്ടായിരിക്കെ, ആദ്യത്തെ ആവേശത്തിനുശേഷം വയനാടും അതിവേഗം വിസ്മൃതിയിലാകുമോ എന്ന ഭയമുണ്ട്. 2019-ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ണ്ണമായോ എന്ന ചോദ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ 'ദുരുപയോഗത്തെ' ലോകായുക്തയില്‍ ചോദ്യം ചെയ്തതും മറക്കാറായിട്ടില്ല. ഇവിടെ ഏതാനും വീടുകളുടെ പുനഃനിര്‍മ്മാണമല്ല, രണ്ട് ഗ്രാമങ്ങളുടെ പുനഃസൃഷ്ടിയാണ് വലിയ വെല്ലുവിളി.
2018-ലെ മഹാപ്രളയത്തെ അതിജീവിച്ച നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും ജലമിറങ്ങി മടങ്ങിയെത്താന്‍ വീടും തൊടിയുമുണ്ടായിരുന്നു. ഉരുള്‍ജലം വിഴുങ്ങിയ മുണ്ടക്കൈയില്‍ ദുരന്തത്തെ അതിജീവിച്ചെത്തുന്നവര്‍ക്ക് തങ്ങളുടെ വീടിരുന്ന ഇടം പോലും തിരിച്ചറിയാനാകാത്ത വിധം ശൂന്യവും ശുഷ്‌കവുമാണെന്ന് അറിയുമ്പോഴാണ് ദുരന്തത്തിന്റെ തീവ്രത വെളിപ്പെടുന്നത്. ബെയ്‌ലിപ്പാലമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തെ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കരസേനയും ദുരന്തനിവാരണ സംഘവും നടത്തിയ ഇടപെടലുകള്‍ ദുരന്തത്തിന്റെ ആഘാതം ഗണ്യമായി കുറച്ചു.
മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ അത്യുഗ്രമായ ബോംബ് സ്‌ഫോടനത്തിന് സമാനമെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. കിലോമീറ്ററുകള്‍ക്കപ്പുറത്ത് പോത്തുകല്ലിലും ചാലിയാറും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.
തുടക്കം മുതല്‍ തന്നെ കേരളം ഒരു മനസ്സോടെ ഒറ്റക്കെട്ടായി ദുരിത മുഖത്തുണ്ടെന്നത് വയനാടിന്റെ പ്രത്യേകിച്ച് ദുരിത മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വലിയ ആശ്വാസം പകരുന്നുണ്ട്. പുനരധിവാസത്തിനായി സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കിയും സുമനസ്സുകള്‍ രംഗത്തെത്തി. അനുകമ്പയുടെ ഇത്തരം അനുയാത്രയിലാണ് ജലം കൊണ്ട് മുറിവേറ്റവരുടെ ആത്മവിശ്വാസം.
കണ്‍നിറയെ കണ്ടതെല്ലാം മഴക്കലി കവര്‍ന്നതോടെ മണ്ണും മനസ്സും നഷ്ടപ്പെട്ട നിസ്സഹായരായ മനുഷ്യരെ ഒരു മനസ്സോടെ ഏറ്റെടുക്കണം. ഔദ്യോഗികതയുടെ നൂലാമാലകളില്‍ ഇവരുടെ അതിജീവന ശ്രമങ്ങളെ കുരുക്കിയിടരുത്. ഇത്തരം അപ്രതീക്ഷിതവും അസാധാരണവുമായ ദുരിത മുഖങ്ങളെ സാധാരണ നിലയിലാക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാകണം.
കാലാവസ്ഥ വ്യതിയാനം വരുത്തുന്ന വന്‍ വിനകളില്‍ വയനാട് ദുരന്തം അവസാനത്തേതാകില്ല. കാലവര്‍ഷമല്ല, കാലം തെറ്റിവരുന്ന ന്യൂനമര്‍ദവും കൂമ്പാര മേഘങ്ങളുമാണ് ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളെ അനിവാര്യമാക്കുന്നത് എന്ന തിരിച്ചറിവില്‍ മനുഷ്യരും പ്രകൃതിയും പാരസ്പര്യത്തോടെ സംവദിക്കുന്ന വിധത്തില്‍ വികസന വഴികളെ ശാസ്ത്രീയവും സമഗ്രവുമാക്കണം. പ്രകൃതി ദുരന്തങ്ങളുടെ കൃത്യതയാര്‍ന്ന മുന്നറിയിപ്പും ശാസ്ത്രീയമായ തയ്യാറെടുപ്പും ഫലപ്രദമായ പ്രതിരോധവും മലനാട്ടിലെ അതിജീവന വഴികളില്‍ അനിവാര്യമാണ്. അനധികൃത കരിങ്കല്‍ ക്വാറികളുടെ ആധിക്യം അടിയന്തരമായി തടയണം.
പുനര്‍ ജീവിതമെന്നാല്‍ പുനര്‍ജന്മമെന്നു തന്നെയാണര്‍ത്ഥം. മാനസികമായി തകര്‍ന്നവര്‍ക്ക് കൗണ്‍സിലിംഗ് വേണ്ടിവരും. പുനരധിവാസ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഏകോപിപ്പിക്കുമ്പോള്‍, സഭാസംവിധാനങ്ങള്‍ ഒന്നുചേര്‍ന്ന് പിന്തുണയ്ക്കണം. നൂറു വീടുകള്‍ കെ സി ബി സി നിര്‍മ്മിച്ചു കൊടുക്കും എന്ന പ്രഖ്യാപനം പ്രതീക്ഷ നല്കുന്നു.
ദേശീയ ദുരന്തമെന്ന പ്രഖ്യാപനത്തിന്റെ സാങ്കേതികത്വം ഒഴിവാക്കിയാലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാകണം. ദുരന്തകാരണങ്ങളിലെ പഴിചാരല്‍ രാഷ്ട്രീയമൊഴിവാക്കുമ്പോഴും, ദുരന്തത്തിനിരയായവര്‍ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ഉരുള്‍, ഇരുള്‍ പരത്തിയയിടത്തെല്ലാം ഉയിരേകാന്‍ ഉള്ളലിവോടെ ചേര്‍ന്ന് നില്‍ക്കാം.