മതരാഷ്ട്രം മടങ്ങിവരുമ്പോള്‍

മതരാഷ്ട്രം മടങ്ങിവരുമ്പോള്‍

ഈയിടെ രാജസ്ഥാനില്‍, കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദൂയിസത്തെയും, ഹിന്ദുത്വത്തെയും വേര്‍തിരിച്ചും, വിശദീകരിച്ചും രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം വിവാദമായി. 137 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ മതേതര പാരമ്പര്യത്തില്‍ നിന്നുള്ള മാറി നടപ്പായി വിവക്ഷിക്കപ്പെട്ടതിനാലാണ് അത് വിവാദമായത്.

സ്വതന്ത്രഭാരതത്തില്‍ താങ്കള്‍ നേരിടുന്ന മുഖ്യപ്രശ്‌നം എന്താണെന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ആന്ദ്രേ മല്‍റോയുടെ ചോദ്യത്തിന് 'ഒരു മതരാജ്യത്തെ മതേതര രാഷ്ട്രമാക്കി മാറ്റുക' എന്നതായിരുന്നു പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ മറുപടി.

മൂന്നു വര്‍ഷം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കും കണിശമായ വിശകലനങ്ങള്‍ക്കുമൊടുവിലാണ് ഇന്ത്യന്‍ ഭരണഘടന അതിന്റെ അന്തിമരൂപത്തിലേക്കെത്തിയത്. ഭരണഘടനയുടെ ആമുഖവാക്യം (preamble) ദൈവനാമത്തിലാരംഭിക്കേണ്ടതിനെക്കുറിച്ച് ഭരണഘടനാ സമിതിയില്‍ തര്‍ക്ക വിതര്‍ക്കങ്ങളുണ്ടായി. ഭൂരിപക്ഷവും മതവിശ്വാസികളായ ഒരു രാജ്യത്ത് രാഷ്ട്രഘടനയുടെ മഹാപ്രമാണാരംഭം ദൈവനാമത്തിലായിരിക്കണമെന്ന് മതതീവ്രവാദികള്‍ ശക്തമായി വാദിച്ചു. എന്നാല്‍ മതമില്ലാത്ത മനുഷ്യര്‍ക്കും പ്രാതിനിധ്യമുണ്ടാകത്തക്കവിധം ഈശ്വരനാമത്തിലല്ലാതെ ജനതയുടെ നാമത്തില്‍ (we the people of India) തികച്ചും മതനിരപേക്ഷമായി വേണം ഭരണഘടനയുടെ ആമുഖമെന്ന ആശയത്തിനായിരുന്നു മേല്‍ക്കൈ. 1947-ല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാന്‍ എന്ന മതരാഷ്ട്രത്തിന്റെ മറുവശത്ത് ഹിന്ദു രാഷ്ട്രപ്പിറവിയുണ്ടാകാതിരുന്നതിലെ പ്രധാന പോരാളി മഹാത്മാഗാന്ധിതന്നെയാണ്. 1948 ജനുവരി 13-ലെ തന്റെ അവസാന നിരാഹാര സത്യഗ്രഹവിഷയം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയായിരുന്നു.

എന്നാല്‍ മതനിരപേക്ഷ ഇന്ത്യയെന്ന മഹാമാതൃകയിലേക്ക് ഭാരതം എത്തിയത്, ഇതേ ഗാന്ധിജിയുടെ ആന്തരിക സമരസമസ്യകളുടെ ഉള്‍പ്പിരിവുകളിലൂടെയായിരുന്നു എന്നതാണ് വാസ്തവം. ഒരു ഹിന്ദുവായിത്തുടര്‍ന്നുകൊണ്ട് തന്റെ രാഷ്ട്രബോധത്തെയും സാമൂഹ്യപ്രതിബദ്ധതയെയും സംസ്‌ക്കരിക്കാമെന്ന ചിന്തയാല്‍ നയിക്കപ്പെട്ട ഗാന്ധിയാണ് 1920-കളിലേത്. ഹിന്ദുമതഘടനയുടെ അവശ്യഭാഗമായിരുന്ന ജാതിബോധ ത്തെ ആദ്യഘട്ടത്തില്‍ ഗാന്ധി പിന്തുണച്ചതും അതുറപ്പാക്കുന്ന സാമൂഹ്യസംഘടിതാശേഷിയിലുള്ള മതിപ്പിനാലായിരുന്നു. എന്നാല്‍ ജാതീയമായതെന്തും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന നിരാകരണമാണെന്ന അംബേദ്ക്കര്‍ വാദത്തിലേക്ക് ഗാന്ധിജി പതുക്കെ പരിണമിച്ചെത്തുന്നതോടെയാണ് ഹിന്ദുത്വത്തിലെ ഹിന്ദുവിനെ അദ്ദേഹത്തിന് വേര്‍തിരിച്ച് കിട്ടുന്നത്. അത് സഹിഷ്ണുതയുടെ സമഭാവനയെ സന്ദേശമാക്കുന്ന സംഹിതയായി അദ്ദേഹത്തിന് മനസ്സിലായതു കൊണ്ടു കൂടിയാണ്. ഹിന്ദുത്വത്തിന്റെ പ്രചാരകര്‍ക്ക് 'ഹിന്ദുവായ' ഗാന്ധിജി അനഭിമതനാകുന്നത് അങ്ങനെയാണ്.

''എല്ലാം സ്വാംശീകരിക്കുന്ന ഈ ഹിന്ദുമതത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു'' (ഹരിജന്‍, 1947, നവംബര്‍ 30). ഗാന്ധിജിയുടെ ഈ പരിണാമം മതരാഷ്ട്രത്തില്‍നിന്നും മതേതര രാഷ്ട്രത്തിലേക്കുള്ള ഒരു ജനതയുടെ രാഷ്ട്രീയമാറ്റം തന്നെയായിരുന്നു. ''നാം എവിടെ ജീവിച്ചാലും, ഏതേതു വിശ്വാസ-വര്‍ഗ്ഗ പ്രവശ്യകളുടെ ഭാഗമായാലും നാമെല്ലാം ആദ്യമായും അവസാനമായും ഇന്ത്യക്കാരാണ്. മതം തീര്‍ത്തും സ്വകാര്യമായ വിഷയമാണ്'' (ഹരിജന്‍, ജൂലൈ 27, 1947). മതം പൊതുവിഷയമായതും പൊതുവിടങ്ങളിലെ വ്യവഹാരഭാഷയായതുമാണ് ജനാധിപത്യ ഇന്ത്യയുടെ ആധുനിക അപചയം.

'ഗോഡ്‌സെ ഹിന്ദുവാദിയായിരുന്നുവെങ്കില്‍ ഗാന്ധി ഹിന്ദുവായിരുന്നു' എന്ന് രാജസ്ഥാനിലെ രാഷ്ട്രീയ സമ്മേളനത്തില്‍ 'ആധുനികഗാന്ധി' വ്യവഛേദിക്കുമ്പോള്‍, ഹിന്ദുത്വവാദികള്‍ക്കുള്ള രാഷ്ട്രീയ മറുപടിയായി കയ്യടി കിട്ടുമെങ്കിലും മതേതര ഭാരതത്തിന്റെ പിന്‍നടത്തമായി ആ പ്രസ്താവന പിന്‍മാറുകയാണ്. കാരണം 'ഭരണത്തില്‍ ഹിന്ദുക്കള്‍ മതി' എന്ന രാഹുലിന്റെ തുടര്‍പ്രസ്താവനയില്‍ രാജ്യത്തിനകത്തെ മത, ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മതേതരഭാരതം തന്നെയാണ് പുറത്തുപോകുന്നത്. പ്രസംഗത്തിലുടനീളം മതേതരത്വത്തെക്കുറിച്ച് പരാമര്‍ശിക്കാതിരുന്ന അദ്ദേഹത്തിന്റെ 'ഔചിത്യബോധം' ഭയപ്പെടുത്തുന്നതാണ്. ദേശീയ പതാകയെ മതമായി സ്വീകരിച്ച കോണ്‍ഗ്രസ് പാരമ്പര്യത്തിലെ, മതാതീത ദേശീയബോധത്തിലെ പുതിയ കലര്‍പ്പുകള്‍ മൃദുഹിന്ദുത്വ സമീപനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. യുപിയിലെ തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാന്‍ മതേതരായുധങ്ങള്‍ മതിയാകില്ലെന്ന രാഷ്ട്രീയ വെളിപാട് ജനാധിപത്യ ഇന്ത്യയെ നിരാശപ്പെടുത്തുന്നു.

'രാജസ്ഥാന്‍ ഹിന്ദു പ്രഖ്യാപന'ത്തില്‍നിന്നും അധികം അകലെയല്ലാതെ ഇസ്‌ലാം മത പ്രഖ്യാപനത്തിന് വേദിയായത് മറ്റൊരു മതേതര പാര്‍ട്ടിയുടെ വഖഫ് സമ്മേളനത്തിലായിരുന്നു. 'മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന' കോഴിക്കോട് കടപ്പുറത്തെ രാഷ്ട്രീയ പ്രഖ്യാപനം പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്ന് വിളിച്ചുപറഞ്ഞു. സമുദായത്തിലെ തീവ്രനിലപാടുകാരോട് സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗു സമീപനം സമാനതകളില്ലാത്തതാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയമായി നേരിടാനുള്ള വിവേകം രാഷ്ട്രീയ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ക്കുണ്ടാകണം. ജാതീയ ഉച്ചനീചത്വങ്ങള്‍ തീര്‍ത്ത വിഭാഗീയശക്തികള്‍ക്കെതിരെ നിരന്തരം പോരാടി നിര്‍മ്മിച്ചതാണ് നവോത്ഥാന കേരളം. എന്നാല്‍ ഇന്ന് അതേ വിഭാഗീയതയുടെ പ്രതിസ്ഥാനത്ത് തീവ്രമത സംഘടനകളാണ്. അവയെ നിലയ്ക്കുനിര്‍ത്താനും നിരന്തരം തിരുത്താനും ധാര്‍മ്മികബോധവും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും വേണം. വോട്ടുബാങ്ക് ലക്ഷ്യംവച്ച് മത സമുദായ നേതാക്കള്‍ക്ക് അര്‍ഹിക്കുന്നതിനപ്പുറം ആദരവും അവസരവും നല്കുന്ന പ്രീണന രാഷ്ട്രീയത്തിന് കാലം ഇപ്പോള്‍ കണക്കു ചോദിക്കുകയാണ്. അവരുടെ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയൊതുങ്ങുമ്പോള്‍ പൊതുവിടങ്ങള്‍ നഷ്ടമാകുന്ന കേരളം ബാക്കിയാകുന്നുണ്ട്. അപരഭയ വ്യാപനത്തിലൂന്നിയുള്ള അപമാനവീകരണമാണെങ്ങും. ഒരു പ്രത്യേക സമുദായത്തിന്റെ പ്രാതിനിധ്യാവകാശത്തര്‍ക്കം പാര്‍ട്ടികള്‍ ക്കിടയില്‍ പ്രസ്താവനായുദ്ധമായി പുരോഗമിക്കുമ്പോള്‍, നവ കേരളത്തിന്റെ നവോ ത്ഥാന രാഷ്ട്രീയം സംസാരവിഷയമാകാത്തത് സങ്കടകരമാണ്. ഏറ്റവും ഒടുവില്‍ പെണ്‍ കുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിലെ എതിര്‍പ്പുകള്‍ പുരോഗമന സ്ത്രീപക്ഷ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പുതന്നെയാണ്.

2021-ല്‍ മാത്രം ക്രിസ്തീയസമൂഹത്തിനെതിരെ 478 ആക്രമണങ്ങളുണ്ടായി. അസമിലും ആഗ്രയിലും കര്‍ണ്ണാടകയിലും ക്രിസ്മസ് ആഘോഷങ്ങളെ തടസ്സപ്പെടുത്തിയും തിരുസ്വരൂപങ്ങള്‍ തകര്‍ത്തും 'ജയ്ശ്രീരാം' വിളികളോടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ അലറിയാര്‍ത്തപ്പോള്‍ മതേതര ഇന്ത്യയുടെ അവസാന ശ്വാസഞെരുക്കം പൂര്‍ത്തിയായി. മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുതുക്കാനുള്ള അപേക്ഷയില്‍ സാങ്കേതികത്വം ആരോപിച്ച് തടസ്സമുന്നയിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദയ നിലപാട് മൂലം 22,000 പേര്‍ പട്ടിണിയിലേയ്‌ക്കെന്ന വാര്‍ത്ത ഭയാനകമാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്കിയ സഭാ നേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ ഇനിയും മനസ്സിലാക്കാത്തത് സങ്കടകരമാണ്. ശ്രീരാം വിളികളും തക്ബീര്‍ ധ്വനികളും ക്രിസംഘി മുദ്രവാക്യങ്ങളുമല്ല, മതേതര ഭാരതത്തിന്റെ മഹാവാഴ്ത്തുകള്‍ കൊണ്ട് നമ്മുടെ രാഷ്ട്രീയാങ്കണം നിറയട്ടെ. രാഷ്ട്രം വളരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org