പ്രതിഷേധം രാജ്യദ്രോഹമാകുമ്പോള്‍

പ്രതിഷേധം രാജ്യദ്രോഹമാകുമ്പോള്‍
Published on

രണ്ടു മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകപ്രക്ഷോഭം ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ജനലക്ഷങ്ങള്‍ പിന്തുടരുന്ന ഗ്രേറ്റായും റെയ്ഹാനയും കാര്‍ഷിക കരിനിയമങ്ങള്‍ ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക ലക്ഷങ്ങള്‍ക്ക് പിന്തുണയുമായി എത്തിയതോടെയാണ് സമരം അന്തര്‍േദശീയ തലത്തിലേയ്ക്ക് ഉയര്‍ത്ത പ്പെട്ടത്.
പാരീസ് ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറികൊണ്ട് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്രീയ നിലപാടുകളെ പരിഹസിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിനെ, ദാവോസില്‍, വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച് രൂക്ഷമായ നോട്ടം കൊണ്ടെതിര്‍ത്ത ഗ്രേറ്റ തുംബര്‍ഗയെ 30 ലക്ഷം പേരാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ആ നോട്ടം പിന്നീട് ജനാധിപത്യ വിധ്വംസകര്‍ക്കെതിരായുള്ള പ്രതി ഷേധ പ്രതികരണമായി ലോകയുവത്വം ഏറ്റെടുത്തു.
10 കോടി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്ന ലോക പ്രശസ്തഗായികയായ റെയ്ഹാന, 'ഇന്ത്യയിലെ കര്‍ഷക സമരം എന്തുകൊണ്ട് വേണ്ടവിധം ചര്‍ച്ചയാകുന്നില്ല' എന്ന ചോദ്യമുയര്‍ത്തിയപ്പോള്‍, അത് ലോകമനഃസാക്ഷിയെ ഉണര്‍ ത്തിയ ശക്തമായ താക്കീതായി.
കാര്‍ഷിക കരിനിയമങ്ങള്‍ മൂന്നും കര്‍ഷകര്‍ക്കെതിരെയല്ല, ഇന്നാട്ടിലെ പാവപ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിെരയെന്ന തിരിച്ചറിവിലാണ് ഡല്‍ഹിയിലെ അതിശൈത്യമുയര്‍ത്തുന്ന വെല്ലുവിളിയെ അവഗണിച്ച് പ്രധാനമായും, പഞ്ചാബ് ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭപാതയിലെത്തിയത്. ഗാന്ധിയന്‍ സമര രീതിയിലൂടെ പുരോഗമിച്ച പ്രതിഷേധം പക്ഷെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ അപ്രതീക്ഷിത അക്രമ നീക്കങ്ങളില്‍ ദിശതെറ്റിയെങ്കിലും വളരെവേഗം തെറ്റ് തിരുത്തി തിരിച്ചെത്തി.
എന്നാല്‍, രാജ്യാതിര്‍ത്തിയിലെ യുദ്ധ സമാന സാഹചര്യങ്ങളെ തോല്പിക്കുന്ന വിധത്തിലായിരുന്നു പിന്നീട് പ്രതിഷേധക്കാരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം. ദേശീയ പാതയില്‍ ആഴത്തില്‍ ട്രഞ്ച് കുഴിച്ചും, ആണിപ്പലകകള്‍ നിരത്തിയും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയും 'രാജ്യദ്രോഹി'കള്‍ ഡല്‍ഹിയിലേയ്ക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. കൂടാതെ സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ അനേകായിരങ്ങള്‍ തമ്പടിച്ചിരുന്ന സമരപന്തലിലേയ്ക്കുള്ള വെള്ളവും, വൈദ്യുതിയും, ഇന്റര്‍നെറ്റും നിഷേധിച്ച് രാജ്യത്തിനകത്തുനിന്നും അവരെ 'പുറത്താക്കി.' പാര്‍ലമെന്റ് സമ്മേളനത്തിന്റെ അടുത്തഘട്ടത്തില്‍ അജണ്ടയിലെ അവസാനയിനമായി മാത്രമെ കര്‍ഷക സമരപ്രശ്‌നത്തെ പരിഗണിക്കുകയുള്ളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ, ഈ രാജ്യത്തെ പ്രഥമ പരിഗണന കോര്‍പ്പറേറ്റുകള്‍ക്ക് തന്നെയെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പു വരുത്തി. കര്‍ഷകരെ 'സമരജീവികള്‍' എന്നു പ്രധാനമന്ത്രി പരിഹസിച്ചപ്പോള്‍, സമര പരമ്പരകളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെപ്പറ്റി കര്‍ഷകര്‍ ഓര്‍മ്മപ്പെടുത്തി.
ഇന്ത്യയിലെ കര്‍ഷകസമരെത്തക്കുറിച്ച് പുറത്തുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടുമായി ബി.ജെ.പി. നേതൃത്വമെത്തിയപ്പോള്‍ അവരെ അനുകൂലി ച്ച് സച്ചിനെപ്പോലുള്ള ലോകാരാധ്യര്‍ രംഗെത്തത്തിയത് സകലരെയും ആശ്ചര്യപ്പെടുത്തി. 'പുറത്തുള്ളവര്‍ കാഴ്ചക്കാര്‍ മാത്രമായി നിന്നാല്‍മതി'യെന്നായിരുന്നു, സച്ചിന്റെ ട്വീറ്റ്. അകത്തുള്ളവരും കുറെക്കാലമായി കാഴ്ചക്കാര്‍ മാത്രമാണെന്നതാണ് ഇന്ത്യയുടെ ദുര്യോഗം. സച്ചിന്‍ കളിച്ചുണ്ടാക്കിയതിനേക്കാള്‍ എത്രയോ വലുതാണ് ഇന്ത്യയ്ക്ക് കര്‍ഷകര്‍ കിളച്ചുണ്ടാക്കി നല്കിയത് എന്ന മട്ടില്‍ ക്രിക്കറ്റ് ദൈവ ത്തെ പരിഹസിച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ വീണ്ടും ശബ്ദമുഖരിതമായി. മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെക്കുറിച്ച് ഒരു വാക്കുേപാലും ഉരിയാടാതിരുന്ന ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ ഗ്രേറ്റെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍, അടിമത്തം ഈ ജനാധിപത്യ യുഗത്തിലും അസംഭവ്യമല്ലെന്ന് തെളിയുകയായിരുന്നു.
അമേരിക്കയില്‍ തീവ്ര വംശീയതയുടെ ഇരയായി ശ്വാസംമുട്ടി കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ദയനീയത ആഗോളപ്രതിഷേധമായുയര്‍ന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ചവരുടെ മുന്‍നിരയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും അതിന്റെ ഭരണകൂടവുമുണ്ടായിരുന്നു. അന്ന് അത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന മട്ടിലല്ല അമേരിക്ക കണ്ടതും പ്രതിഷേധങ്ങളോട് പ്രതികരിച്ചതും. അത് ഒരു പ്രാദേശിക വിഷയമായല്ല, ലോകസമൂഹം കണ്ടതും കയര്‍ത്തതും. എന്നാല്‍ മാസങ്ങളായി തുടരുന്ന കര്‍ഷകപ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന ബി.ജെപി. സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ മറ്റുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ നമുക്കത് പ്രാദേശീക വിഷയമാകുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? അനീതിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുമ്പോള്‍, ഇന്ത്യയിലെ സ്വാത ന്ത്ര്യ സമര പരമ്പരകളെ ദക്ഷിണാഫ്രിക്കയില്‍ നിന്നും പിന്തുണച്ച രാഷ്ട്രപിതാവിനെ മറന്നുപോകരുത്. എന്നാല്‍ രാജ്യത്തിന്റെ മുറിവടയാളദിനമായ ജനുവരി 30, വെറും രക്തസാക്ഷി സ്മരണയായി ചുരുക്കിയ മോദിയുടെ പുതിയ ഭാരതത്തിന് അനീതിയുടെ അടിയന്തിരാവസ്ഥ അടിസ്ഥാന പ്രശ്‌നമാവുക എളുപ്പമല്ല. 2020 ലെ ദ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇ.ഐ.യു.) ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 2 പടി കൂടി താഴ്ന്ന് 53 ആയി എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.
ഇന്ത്യന്‍ അടുക്കളയുടെ ആധി ഉയര്‍ത്തി പാചക വാതക വില ഒറ്റയടിക്ക് 25 രൂപ വര്‍ദ്ധിപ്പിച്ചതു പോലുള്ള ജനവിരുദ്ധ നയങ്ങളുമായി നമ്മള്‍ എത്രവേഗമാണ് സമരസപ്പെടുന്നത്! അടുക്കളയിലെത്തിയത് ചത്തതാണോ അറുത്തതാണോ എന്ന തര്‍ക്ക ചൂണ്ടയില്‍ എത്ര എളുപ്പത്തിലാണ് നാം കൊരുക്കപ്പെടുന്നത്! ഇന്ധനവില 100 നോടടുക്കുന്നത് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാം! കഷ്ടം.
'നോട്ടം'കൊണ്ട് ജനങ്ങളെ മെരുക്കുന്ന സാര്‍വ്വത്രിക സര്‍വ്വെയലന്‍സിന്റെ കുത്തക സര്‍ക്കാര്‍ അതിവേഗം കൈവശപ്പെടുത്തിയതിന്റെ കാശ്മീര്‍ മാതൃക നമ്മള്‍ കണ്ടതാണ്. പ്രതിഷേധത്തിന്റെ സൈബര്‍ച്ചുമരുകള്‍ ശൂന്യമാകുന്ന ഭാരതഭാവി അതിവിദൂരമല്ലെന്നോര്‍ക്കണം.
"ഒരാളുടെ ഏറ്റവും മോശമായ അന്ത്യം മരണമല്ല. മറിച്ച് സ്വാതന്ത്ര്യത്തിന്റെ മരണമാണെന്ന്" ജോര്‍ജ്ജ് ഓര്‍വെല്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ നിശബ്ദമാക്കപ്പെട്ട, ഔപചാരികമായി മെരുക്കപ്പട്ട ഒരു ജനതയായി നാം അതിവേഗം മാറിത്തീരുന്നത് ഭീതിയോടെ തിരിച്ചറിയണം.
1936-ല്‍ ഗാന്ധിജി എഴുതി, "എന്റെ കൊലപാതകം പ്രശ്‌നമല്ല. കാരണം എന്റെ ചാരത്തില്‍ നിന്നും ആയിരക്കണക്കിന് ഗാന്ധിമാര്‍ ഉയര്‍ത്തെഴുന്നേല്ക്കും. എന്നാല്‍ ഞാന്‍ നിലകൊണ്ട മൂല്യങ്ങള്‍ കൊല്ലപ്പെട്ടാല്‍ എന്താണ് സംഭവിക്കുക?" മഹാത്മാവ് ഭയപ്പെട്ടത് നമുക്ക് ചുറ്റും അതിവേഗം സംഭവിക്കുന്നുണ്ട്. ജാഗ്രതൈ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org