തെരഞ്ഞെടുപ്പാനന്തര കേരളം കാത്തിരിക്കുന്നത്

തെരഞ്ഞെടുപ്പാനന്തര കേരളം കാത്തിരിക്കുന്നത്

ഐക്യകേരളത്തിനായുള്ള ആദ്യ പ്രമേയത്തിന് നൂറ് ആണ്ട് തികഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഭരണത്തുടര്‍ച്ചയും ഭരണമാറ്റവുമൊക്കെ സജീവചര്‍ച്ചയായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍ വിജയമുറപ്പിക്കുമ്പോള്‍, പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്താണെന്നത് തെരഞ്ഞെടുപ്പാനന്തര കേരളത്തിനും നിര്‍ണ്ണായകം തന്നെയാണ്.

എന്നാല്‍ പ്രഖ്യാപനം മുതല്‍ പതിവ് തെറ്റിച്ച പരിപാടികളാല്‍ ശ്രദ്ധേയമായി ഇക്കുറി കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. വികസന പദ്ധതി പ്രചാരണങ്ങള്‍ വെറും ക്ഷേമ രാഷ്ട്രീയത്തിന്റെ കിറ്റ് വിതരണത്തില്‍ ഉടക്കി നിന്നതും പിന്നീടത് ശബരിമല വിഷയത്തിലേക്ക് ചുരുങ്ങിയൊതുങ്ങിയതും പ്രബുദ്ധ കേരളത്തിന് ഇതുവരെയും പരിചിതമല്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രങ്ങളായി!

ക്ഷേമ പെന്‍ഷനുകള്‍ക്കായി അനുവദിക്കപ്പെട്ട തുകയിലെ നേരിയ വ്യത്യാസമൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളില്ലാതെ അവതരിപ്പിക്കപ്പെട്ട പ്രകടന പത്രികകള്‍ നാടിന്റെ വികസന സ്വപ്നങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മാര്‍ത്ഥത വെറും പത്രികാ പ്രകടനമായാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. അധികാരത്തില്‍ ആരെത്തിയാലും ജനപ്രിയ നടപടികള്‍ തുടരുമെന്ന് ഉറപ്പായി. 15 ലക്ഷം കുടുംബങ്ങള്‍ക്ക് ധനസഹായം, 25 ലക്ഷം പേര്‍ക്ക് തൊഴില്‍, 15000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി പഴയതിന്റെ ആവര്‍ത്തനങ്ങളായിരുന്നു, പ്രഖ്യാപനങ്ങളില്‍ പലതും.

ക്ഷേമരാഷ്ട്രീയം പിന്തുണയ്ക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തെ ഗൗരവമായി അഭിസംബോധന ചെയ്യാതെയാണ് 'പത്രികകളധികവും' എന്നതിനാല്‍ യാഥാര്‍ത്ഥ്യബോധത്തോടെയല്ല അവര്‍ തയ്യാറാക്കപ്പെട്ടതെന്ന് വ്യക്തം. വിഭവ സമാഹാരണത്തെക്കുറിച്ചുള്ള ഈ കുറ്റകരമായ നിശബ്ദത നിരുത്തരവാദിത്വപരമാണ്. കടം വാങ്ങി എത്രനാള്‍ ഇത്തരം 'ക്ഷേമപദ്ധതി'കളുമായി മുന്നോട്ട് പോകാനാകും എന്നത് നമ്മെ ഭയപ്പെടുത്തണം. മൂന്നരലക്ഷം കോടിയാണ് ഇപ്പോഴത്തെ പൊതുക്കടം! കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബാധ്യത ഇരട്ടിയായി. ആളോഹരി കടം 46,000 രൂപയില്‍നിന്ന് 80,000 രൂപയായി എന്നര്‍ത്ഥം. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ക്രിയാശേഷിയോ, കിട്ടാക്കടം പിരിച്ചെടുക്കാനുള്ള ആര്‍ജ്ജവത്വമോ പ്രകടിപ്പിക്കാതെയാകുമ്പോള്‍, വരുമാന വഴികള്‍, മദ്യം, ലോട്ടറി, പെട്രോളിയം ഉല്പന്നങ്ങള്‍ എന്നിവ മാത്രമായി ചുരുങ്ങുക സ്വാഭാവികം.

കടം എന്ന അപകടത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായിത്തന്നെയാണ് നാം ഇപ്പോഴും സ്വീകരിക്കുന്നത്. കടം വാങ്ങാനുള്ള സാധ്യതയെ ബജറ്റിന് പുറത്ത് ക്രമീകരിച്ച രീതിയുടെ പേരാണ് കിഫ്ബി. എന്നാല്‍ ഈ സമാന്തര സാമ്പത്തിക ബാധ്യത പക്ഷേ, വികസന വിജയവഴിയായാണ് അവതരിപ്പിക്കപ്പെട്ടത്. ഇതും കടം തന്നെയാണ്. നാം വീട്ടിത്തീര്‍ക്കേണ്ട കടം. ഭാവി കേരളത്തിന് വലിയ ബാധ്യതയാകുന്ന സാമ്പത്തിക ഭാരമായി 'കിഫ്ബി' മാറുന്നതിന്റെ അപകടം കാണാതെ പോകരുതെന്ന് ഈ രംഗത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയിലൂടെ വിദേശ കടത്തിനായി സര്‍ക്കാര്‍ നേരിട്ടു നിരുപാധികമായി ഈട് നല്കുന്ന പ്രവര്‍ത്തി നാടിന് നല്ലതാണോ എന്ന് ചിന്തിക്കണം. ഒരിക്കലും ഒത്തുപോകാത്ത വരവും ചെലവും തന്നെയാണ് കേരളത്തിന്റെ സാമ്പത്തിക ചരിത്രം. ആകെ വരുമാനത്തിന്റെ 64% ഉം, ശമ്പളം, പെന്‍ഷന്‍ പലിശ എന്നിവയ്ക്കായി നീക്കിവയ്ക്കുമ്പോള്‍, ബാക്കിയുള്ള 36% മാണ് മറ്റ് മേഖലകള്‍ക്കും വികസന പദ്ധതികള്‍ക്കുമായി മാറ്റിവയ്ക്കപ്പെടുന്നത്.

'ക്ഷേമരാഷ്ട്ര'വും, 'ക്ഷേമത്തിന്റെ രാഷ്ട്രീയ'വും തമ്മിലുള്ള വ്യത്യാസം വ്യവസ്ഥാപിതമാണ്. സകലരുടെയും സമതുലിതമായ സങ്കലനത്തെ ക്ഷേമരാഷ്ട്രം സങ്കല്‍പിക്കുമ്പോള്‍, പദ്ധതികള്‍ ദീര്‍ഘദര്‍ശിതവും, പ്രവര്‍ത്തികള്‍ സുതാര്യവുമാകണം. ക്ഷേമത്തിന്റെ രാഷ്ട്രീയം എപ്പോഴും താല്ക്കാലിക നേട്ടങ്ങളെ ലക്ഷീകരിച്ചുള്ളതാകും. ക്ഷേമപെന്‍ഷനുകള്‍ പീഡിത വിഭാഗത്തെ താല്‍ക്കാലികമായി താങ്ങി നിര്‍ത്താനുള്ളവയാണ്. സമൂഹത്തില്‍ സ്ഥായിയായതും, പരിവര്‍ത്തനാത്മകവുമായ ഫലങ്ങള്‍ ഉളവാക്കുന്ന കാലോചിതവും സുനിശ്ചിതവുമായ വികസന പദ്ധതികളാണാവശ്യം. എങ്ങനെയെങ്കിലും അടുത്തഭരണം പിടിക്കുക, കിട്ടിയ ഭരണം നിലനിര്‍ത്തുക എന്ന ചെറിയ അജണ്ടകളില്‍ നമ്മുടെ രാഷ്ട്രീയകേരളം കുരുങ്ങിപ്പോകുമ്പോള്‍ വരുംതലമുറകളെയാണ് നാടവഗണിക്കുന്നതെന്നോര്‍ക്കണം. നീണ്ട് പോകുന്ന പദ്ധതികള്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്രമല്ല, പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടാതെയും വരാം.

ഉദ്ഘാടന മാമാങ്കങ്ങള്‍, സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ആഡംബരോത്സവങ്ങളായി മാറുന്നതിനാല്‍ നിറുത്തുകതന്നെ വേണം. പാര്‍ട്ടിയിലെയും മുന്നണിയിലെയും അസംതൃപ്തരെ മെരുക്കാന്‍ വിവിധ കമ്മീഷനുകളുണ്ടാക്കി തലപ്പത്ത് പ്രതിഷ്ഠിക്കുന്ന പരിപാടി ഭരണ ധൂര്‍ത്തായതിനാല്‍ അവസാനിപ്പിക്കണം. ഒപ്പം പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറച്ചും, ഉപദേശിപ്പടയെ പിരിച്ചുവിട്ടും ചെലവ് ചുരുക്കി മാതൃക കാട്ടണം. ഭരണത്തുടര്‍ച്ചയെക്കാള്‍ വികസനത്തുടര്‍ച്ച പ്രധാനപ്പെട്ടതായാല്‍ കേരളത്തിന്റെ വിജയത്തുടര്‍ച്ച ഉറപ്പാക്കാനാകും. പദ്ധതിയുടെ അവകാശി ആര് എന്നതിനേക്കാള്‍ ജനോപകാരപ്രദമാണോ എന്നതിനാകണം മുന്‍തൂക്കം.

വര്‍ഗ്ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയ വിഭാഗീയതയുടെ മണ്ണിലാണ് പുതിയ ഭരണത്തിന്റെ സത്യപ്രതിജ്ഞയെന്നതിനാല്‍ സാമുദായിക സൗഹാര്‍ദ്ദവും സമവീക്ഷണ സമീപനവും പുതിയ സര്‍ക്കാരിന്റെ പ്രധാന പരിപാടിയാകണം. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അസന്തുലിതയില്‍, വലിയ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന വാദമുയര്‍ന്നിട്ടുണ്ട്.

അധികാരത്തില്‍ ആരെത്തിയാലും ആദ്യം നേരിടേണ്ടത് കോവിഡിന്റെ രണ്ടാം വരവുയര്‍ത്തുന്ന വെല്ലുവിളികള്‍ തന്നെയാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കും എന്ന നിലപാടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി പിന്‍മാറിയത്, സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. (കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 35,000 കോടി എന്തു ചെയ്തു എന്ന ഇന്ത്യയുടെ ചോദ്യം ട്വിറ്ററില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു.) കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിത്തന്നെ വിതരണം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് 1300 കോടിയുടെ അധിക ബാധ്യതാഭാരമുണ്ട്. കോവിഡ് പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സമയത്ത് സ്വകാര്യ ആശുപത്രികളുമായുള്ള സര്‍ക്കാര്‍ സഹകരണം കുറെക്കൂടി ക്രിയാത്മകമാകണം. മഹാമാരിയെ വില്പനയ്ക്ക് വയ്ക്കാന്‍ ആരെയും അനുവദിക്കരുത്.

'സ്വകാര്യ നേട്ടത്തിനുവേണ്ടി പൊതുവിഭവങ്ങളുടെയും, പൊതു പദവികളുടെയും ദുരുപയോഗം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു'വെന്ന ലോകായുക്ത ഉത്തരവിനെ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി നിരീക്ഷണം, സ്വജനപക്ഷപാതത്തിന്റെ 'ജലീലഴിമതി'യ്‌ക്കെതിരെയുള്ള ശക്തമായ നിര്‍ദ്ദേശമാണ്; പുതിയ സര്‍ക്കാരിനും ഒപ്പം പൊതുപ്രവര്‍ത്തകര്‍ക്കും. "വ്യക്തിപരമായ ആത്മാര്‍ത്ഥത (private sincerity) യാണ് പൊതുക്ഷേമത്തിനടിസ്ഥാന"മെന്ന അമേരിക്കന്‍ ചിന്തകനും എഴുത്തുകാരനുമായിരുന്ന സി.എ. ബാര്‍ട്ടോലിന്റെ (1813-1900) അഭിപ്രായം ഈ നാടിന്റെ ഭാവി ഭാഗധേയമാകണം.

ക്ഷേമത്തിന്റെ രാഷ്ട്രീയം പലപ്പോഴും 'രാഷ്ട്രീയത്തിന്റെ ക്ഷേമം' മാത്രമാവുകയാണ്. അത് 'ക്ഷേമരാഷ്ട്ര'ത്തിന്റെ രാഷ്ട്രീയമാകണമെന്നില്ല. അതുകൊണ്ടാണ് 10,000 കോടികളുടെ വന്‍പദ്ധതികള്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. വലിയ പദ്ധതികളല്ല, വലിയ ജനപങ്കാളിത്തത്തിന്റെ കൂടിയാലോചനകളില്‍ ഉരുത്തിരിയുന്ന വികസന നയമാണ് നമുക്ക് നല്ലത്. അതാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്. അവസാനത്തവനും ഈ നാടിന്റെ യഥാര്‍ത്ഥ അവകാശിയാകുന്ന സമഗ്ര സ്വരാജിലേക്ക് നാമുണരണം; നാടും. ആരു ജയിച്ചാലും കേരളം തോല്‍ക്കരുത്.

Related Stories

No stories found.