വിഴിഞ്ഞം വിളിച്ചു പറയുന്നതെന്ത്?

വിഴിഞ്ഞം വിളിച്ചു പറയുന്നതെന്ത്?

കടല്‍ കവര്‍ന്ന കരയിലിരുന്ന് കടലിന്റെ മക്കള്‍ കരയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിഴിഞ്ഞം തുറമുഖ പദ്ധതിയേല്പിക്കുന്ന ജീവിതാഘാതം അവര്‍ണ്ണനീയമെന്നാണ് അനുഭവസ്ഥര്‍ ആവര്‍ത്തിക്കുന്നത്. പദ്ധതിക്കെതിരായ പ്രതിഷേധം 2015 മുതല്‍ സജീവമാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ വലിയ ജനകീയ പ്രതിരോധമായി ഇപ്പോള്‍ അത് വളര്‍ന്നിരിക്കുന്നു.

ഏതാനും കുടുംബങ്ങളുടെ പുനരധിവാസ പ്രശ്‌നം മാത്രമായി തുടക്കം മുതലേ 'വിഴിഞ്ഞ'ത്തെ സര്‍ക്കാര്‍ ചെറുതാക്കിയിരുന്നുവെന്നതാണ് വാസ്തവം. നാടിന് നീണ്ടുനില്‍ക്കുന്ന സാമ്പത്തീകാഘാതം അത് സമ്മാനിക്കുന്നുവെന്ന് മാത്രമല്ല, തീരശോഷണമുള്‍പ്പെടെ നിലനില്‍ക്കുന്ന നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത കൂടിയാണ് വലിയ വികസന വേഗ സൂചികയായി ആഘോഷിക്കപ്പെടുന്ന ഈ തുറമുഖ പദ്ധതി.

മൊത്തം പദ്ധതി തുകയായി 7525 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ പ്രധാന നിക്ഷേപകന്‍ കേരള സര്‍ക്കാരാണ്, 3436 കോടി രൂപ. ഇതില്‍ ആദാനി ഗ്രൂപ്പിന്റെ നിക്ഷേപം 2454 കോടി. കേന്ദ്ര വിഹിതമായി 1635 കോടിയും. കരാര്‍ പ്രകാരം ആദാനിക്ക് 40 വര്‍ഷം തുറമുഖത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമുണ്ടാകും. ഇത് 20 വര്‍ഷം കൂടി നീട്ടാനുള്ള അവസരവുമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ ഒരു ഭാഗം പതിനഞ്ചു വര്‍ഷത്തിനു ശേഷം മാത്രമേ ലഭിച്ചു തുടങ്ങുകയുള്ളൂ.

ആദാനി ഗ്രൂപ്പുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരുണ്ടാക്കിയ വിഴിഞ്ഞം തുറ മുഖക്കരാര്‍ അടിമുടി അഴിമതിബദ്ധമെന്ന് ആക്ഷേപിച്ച ഇടതുമുന്നണി, പക്ഷേ, അധികാരത്തിലെത്തിയപ്പോള്‍ അതിനെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

40 വര്‍ഷത്തെ കരാര്‍ കാലാവധി കഴിയുമ്പോള്‍ നാടിന് 5608 കോടി രൂപയുടെ നഷ്ടമെന്ന ആശങ്കയുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ഈ കരാറിലുള്ളതായി 2017-ലെ സിഎജി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പദ്ധതിച്ചെലവും അധികമാണെന്ന ആക്ഷേപവുമുണ്ട്. കേരളം മുടക്കുന്ന മൂവായിരത്തില്‍പ്പരം കോടിയുടെ മൂല്യം പത്തു ശതമാനം പലിശ വച്ച് കൂട്ടുകയാണെങ്കില്‍ ലക്ഷം കോടിയിലേറെ വരും. ഈ വന്‍ മുതല്‍മുടക്കിന് ആനുപാതികമായ ലാഭം ഈ പദ്ധതി വഴി ഭാവിയില്‍ നാട്ടിലെത്തുമോ എന്നാണറിയേണ്ടത്.

സാമ്പത്തീകാഘാതത്തേക്കാള്‍ നീണ്ടകാലത്തേക്ക് നിലനില്‍ക്കുന്നതാണ് പദ്ധതിയുറപ്പാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. ഈ ആവശ്യത്തിനായി പശ്ചിമഘട്ടം മുറിച്ചെടുത്ത കല്ലുകളില്‍ 25 ലക്ഷം ടണ്ണോളം പുലിമുട്ട് നിര്‍മ്മാണത്തിനു മാത്രം ചെലവായി എന്നറിയുമ്പോഴാണ് പണി പകു തി പോലും പൂര്‍ത്തിയാകാത്ത തുറമുഖ പദ്ധതി പരിസ്ഥിതി നാശത്തിന്റെ നിത്യസ്മാരകമാകാനൊരുങ്ങുന്നുവെന്ന് മനസ്സിലാകുന്നത്. ഇതിനിടയില്‍ നല്ലൊരളവില്‍ കല്ലും സിമന്റും കടല്‍ കവര്‍ന്നെടുത്തുകഴിഞ്ഞു. അനന്തപുരിയുടെ വിനോദാകര്‍ഷണമായ ശംഖുമുഖം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. വിഴിഞ്ഞത്തു നിന്നും 5 കി.മീ. മാത്രം അകലെ സഞ്ചാരികളുടെ പറുദീസയായ കോവളം ബീച്ചും നാശഭീഷണിയിലാണ്. 'ഇതാണ് ടൂറിസത്തിന്റെ ബെസ്റ്റ് ടൈം' എന്നാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ പരസ്യം. ഏതായാലും നാട്ടുകാര്‍ക്കല്ല എന്ന് മനസ്സിലായി. തുറമുഖ പദ്ധതിയുടെ അനുബന്ധമായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിതിയും തീരശോഷണത്തെ തീവ്രമാക്കു മെന്നാണ് വിദഗ്ദ്ധമതം. നിരവധി തീരദേശഗ്രാമങ്ങളെ ഇത് ദോഷകരമായി ബാധിക്കും. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാകുന്നതോടെ മത്സ്യ ലഭ്യതയും അസാധ്യമാകും.

വര്‍ഷങ്ങളായി വീടും നാടും നഷ്ടപ്പെട്ട ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ സിമന്റ് ഗൗഡൗണുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നരകയാതന തുടരുമ്പോള്‍ പുനരധിവാസത്തിനുള്ള സ്ഥലനിര്‍ണ്ണയം പോലും ഇയിടെയാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് എന്നറിയണം. വലിയതുറയില്‍ മാത്രം 36 കുടുംബങ്ങളാണ് നിരാശ്രയരായി നിരത്തിലുള്ളത്. വര്‍ഷങ്ങള്‍ ക്കിപ്പുറവും പുനരധിവാസം പാതിവഴിയില്‍ നിലച്ച മൂലമ്പിള്ളിയുടെ അനാഥത്വം, വിഴിഞ്ഞത്തെ അസ്വസ്ഥമാക്കുകയല്ല, യഥാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുകയാണ്.

പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് ലോകത്തിലെ മൂന്നാമത്തെ ധനികനായ ആദാനിയാണ്. രാഷ്ട്രീയ ദാസ്യത്താല്‍ ബി.ജെ.പിയും, വികസന വായ്ത്താരിയെ പ്രചാരണായുധമാക്കുന്നതിനാല്‍ ഇടതുമുന്നണിയും, കരാറില്‍ ഒപ്പിട്ടതിനാല്‍ വലതുമുന്നണിയും ഒരുപോലെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനാല്‍, മത്സ്യത്തൊഴിലാളികളും സമരനേതൃനിരയിലുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും രാഷ്ട്രീയമായി ഏറെക്കുറെ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ മറന്ന് ആദരണീയനായ ആര്‍ച്ച്ബിഷപ് സൂസപാക്യം പിതാവ് നേതൃത്വം നല്കിയ ഉപവാസസമരത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചെങ്കിലും സമരത്തിന് സമ്പൂര്‍ണ്ണ പിന്തുണയുമായി കത്തോലിക്കാ സഭ ശക്തമായി കൂടെയുണ്ട്.

കിടപ്പാടം നഷ്ടപ്പെട്ട ഏതാനും പേരുടെ ജീവിതായോധനത്തിന്റെ സാമ്പത്തിക പ്രശ്‌നമായി ലളിതവല്‍ക്കരിക്കപ്പെടുകയെന്നയപകടം ഇപ്പോള്‍ത്ത ന്നെ വിഴിഞ്ഞം സമരം അഭിമുഖീകരിക്കുന്നുണ്ട്. നിര്‍മ്മാണം നിറുത്തിവച്ച് സാമൂഹികാ-പാരസ്ഥിതികാഘാതപഠനം നടത്തണമെന്ന് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നിലത്തിരുന്ന് നിലവിളിച്ച് പറയുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ലെന്ന് നാം തിരിച്ചറിയണം. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരള കടല്‍ത്തീരം അതിശോഷണത്തിന്റെ കടലേറ്റ ഭീഷണി നേരിടുമ്പോള്‍, കരയ്ക്കിരുന്ന് കളി കാണുന്നവരുടെ കൂട്ടത്തിലാണ് സര്‍ക്കാര്‍. ഇടിഞ്ഞിറങ്ങുന്നത് തീരമല്ല നാടും ജീവിതവുമാണെന്ന തിരിച്ചറിവില്‍ വിഴിഞ്ഞത്തുയരുന്ന നിലവിളിയെ നാളേക്ക് വേണ്ടി നാം ഏറ്റുവിളിക്കേണ്ടതുണ്ട്. വികസനമെന്നാല്‍, പോര്‍ട്ടും എയര്‍പോര്‍ട്ടും പോലുള്ള വന്‍പദ്ധതികള്‍ മാത്രമെന്ന തലതിരിഞ്ഞ നയത്തെ തിരുത്തിയില്ലെങ്കില്‍ അതെല്ലാം തിരിഞ്ഞുകൊത്തുന്ന കാലം വിദൂരമല്ലെന്നെങ്കിലും അറിയണം. വിഴിഞ്ഞം വിളിച്ചു പറയുന്നത് അതു തന്നെയാണ്. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org