'യുദ്ധം പരാജയം'

'യുദ്ധം പരാജയം'

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം പുതിയ യുദ്ധമുഖം തുറന്നതോടെ ലോകം വീണ്ടും അരക്ഷിതത്വത്തിന്റെ അശാന്തതീരത്തായി. ഒരു വര്‍ഷത്തിലേറെയായിത്തുടരുന്ന റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന്റെ ഭീകരതയും ഭീതിയും നിലനില്‍ക്കെത്തന്നെ പശ്ചിമേഷ്യയിലെ കൊലനിലങ്ങളിലൂടെ ഒഴുകിപ്പടരുന്ന ചോരച്ചാലുകള്‍ 'യുദ്ധമെന്ന പരാജയത്തിന്റെ പുതിയ പാഠഭേദങ്ങളാകുന്നു.

ഒക്‌ടോബര്‍ 7 ശനി രാവിലെ യഹൂദര്‍ സാബത്താഘോഷങ്ങളിലേക്ക് പതുക്കെ ഉണര്‍ന്നു വരവെ, ഗാസായില്‍ നിന്നും ഹാമാസിന്റെ അപ്രതീക്ഷിത റോക്കറ്റാക്രമണത്തില്‍ ആകെയുലഞ്ഞ ഇസ്രായേല്‍, അതുവരെ അഭിമാനത്തോടെ ഉയര്‍ത്തിക്കെട്ടിയ പ്രതിരോധത്തിന്റെ 'അയേണ്‍ ഡോമി'നേറ്റ ആഘാതമോര്‍ത്താണ് യഥാര്‍ത്ഥത്തില്‍ നടുങ്ങിയതും സ്വയം നഷ്ടപ്പെട്ടതും.

'ദീര്‍ഘവും ദുഷ്‌ക്കരവുമായ' യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തതോടെ, അരനൂറ്റാണ്ടിനിപ്പുറം മറ്റൊരു യുദ്ധമുഖത്തേക്ക് പശ്ചിമേഷ്യ വഴുതിപ്പോയിരിക്കുന്നു. ആദ്യത്തെ അക്രമത്തെ അതിജീവിച്ച് എണ്ണമറ്റ മിസൈലുകളും റോക്കറ്റുകളും ഗാസയെ ലക്ഷ്യമാക്കി പാഞ്ഞപ്പോള്‍ അവിടം അക്ഷരാര്‍ത്ഥത്തില്‍ ചുടലക്കളമായി. ആയിരക്കണക്കിനാളുകള്‍ ഇരുഭാഗത്തും മരിച്ചുവീണു. മാരകമായി പരുക്കേറ്റവര്‍ അതിലേറെ. കരയുദ്ധത്തിന് അനുമതി കാത്ത് ലക്ഷക്കണക്കിനു സൈനികര്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കെ, ഗാസയെ വിജനപ്രദേശമാക്കുമെന്ന നെതന്യാഹു നേതൃത്വം നല്കുന്ന സംയുക്തമന്ത്രിസഭാ പ്രഖ്യാപനത്ത ഭീതിയോടെയാണ് ലോകം കേട്ടത്.

ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക്. പ്രദേശത്തേക്കുള്ള ജൂതക്കുടിയേറ്റം നേരത്തെ മുതലുണ്ടെങ്കിലും 1948 ല്‍ അത് കുറെക്കൂടി ഔപചാരികവും സംഘടിതവുമായി. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളുടെ വംശീയവൈരചരിത്രമായി ഇത് കൊണ്ടാടപ്പെടുമ്പോള്‍ രാഷ്ട്രീയ പ്രശ്‌നമെന്നതിനേക്കാള്‍ മതപരമായ സംഘര്‍ഷമായി ഇതിനെ വഴിതെറ്റിക്കാനുള്ള ശ്രമം എപ്പോഴുമുണ്ടെന്ന് കാണാവുന്നതാണ്. 1947 ല്‍ സംഘര്‍ഷപ്രദേശം ജൂതര്‍ക്കുള്ള ഇസ്രായേലെന്ന രാജ്യമായും, അറബികള്‍ക്കു പാലസ്തീന്‍ എന്ന ദേശമായും വിഭജിച്ചതോടെയാണ് ഇന്നു കാണുന്ന നിരന്തര കലാപഭൂമിയായി പശ്ചിമേഷ്യ പരിണമിച്ചത്.

ഇസ്രായേല്‍ രൂപീകരണശേഷം 1948 ലുണ്ടായ യുദ്ധവും, 1967 ലെ ആറുദിന യുദ്ധമുള്‍ പ്പെടെ പരസ്പരം കീഴടക്കിയും വിട്ടുകൊടുത്തും അതിര്‍ത്തികള്‍ പലകുറി മായ്ച്ചും മാറ്റിവരച്ചും, പശ്ചിമേഷ്യയെ പലവട്ടം ചോരയില്‍ മുക്കിയ നിരന്തരസംഘര്‍ഷമാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറം അനിവാര്യമായ യുദ്ധമേഖലയിലേക്ക് ഇരുരാജ്യങ്ങളെയും അവയുടെ സഖ്യരാജ്യങ്ങളെയും എത്തിച്ചത്. റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിലെന്നപോലെ ഇവിടെയും യു എന്‍ വെറും കാഴ്ചക്കാരുടെ റോളില്‍ത്തന്നെ തരംതാഴ്ന്നു തുടരുകയുമാണ്.

'യുദ്ധം ആര് ശരിയെന്ന് നിര്‍ണ്ണയിക്കുന്നില്ല, ആര് അവശേഷിക്കണം എന്നു മാത്രമാണ് അത് തീരുമാനിക്കുന്നത്' എന്ന ബര്‍ട്രാന്‍ഡ് റസ്സലിന്റെ നിരീക്ഷണത്തെ ശരിവയ്ക്കുംവിധം ഏതൊരു യുദ്ധത്തിന്റെയും ആദ്യത്തെയും അവസാനത്തെയും ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. നിരപരാധികളെ നിഷ്ഠൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയും, പിഞ്ചുകുട്ടികളുടെപോലും കഴുത്തറുത്തും സമാനതകളില്ലാത്ത ക്രൂരതകളിലൂടെ ഹമാസ് തീവ്രവാദി സംഘം സംഘര്‍ഷങ്ങളെ സജീവമാക്കുമ്പോള്‍, ഗാസയിലേക്കുള്ള വൈദ്യുതിയും വെള്ളവും നിഷേധിച്ച് ബന്ദികളാക്കപ്പെട്ടവര്‍ക്കുവേണ്ടി വിലപേശലിലൂടെ ഇസ്രായേല്‍ യുദ്ധം കടുപ്പിക്കുകയാണ്. 11 ലക്ഷത്തിലധികം വരുന്ന ഗാസാനിവാസികളോട് പ്രദേശം വിട്ടുപോകാന്‍ ഇസ്രായേല്‍ അന്ത്യശാസനം നല്കിക്കഴിഞ്ഞു. ആശുപത്രിക്കു മീതെപോലും ബോംബിടുവോളം യുദ്ധക്കുരുതി തുടരുകയാണ്.

യുദ്ധം ആരംഭിച്ച ആദ്യമണിക്കൂറില്‍തന്നെ ഇസ്രായേലിന് പൂര്‍ണ്ണ പിന്തുണ നല്കിയ രാജ്യങ്ങളില്‍ ആദ്യത്തേതാണ് ഇന്ത്യ. നടന്നത് ഭീകരാക്രമണമെന്നായിരുന്നു വാദം. പിന്നീട് പാലസ്തീന്റെ പരമാധികാരരാജ്യവാദത്തെ പിന്തുണച്ച് പ്രസ്താവനയിറക്കി.

'അബ്രാഹം ഉടമ്പടി'യുടെ പശ്ചാത്തലത്തില്‍ അറബിരാഷ്ട്രങ്ങളുമായി പ്രത്യേകിച്ച് സൗദി അറേബ്യയുമായി ഇസ്രായേല്‍ അടുത്തകാലത്ത് ആരംഭിച്ച സഹകരണ സമീപനങ്ങളെ അട്ടിമറിക്കാനാണ്, ഇറാന്റെ സഹായത്തോടെ ഹാമാസിന്റെ പുതിയ യുദ്ധ സന്നാഹമെന്ന് വിലയിരുത്തുന്നവരുണ്ട്. മധ്യപൂര്‍വദേശത്തെ പുതിയ സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ഇന്ത്യ വാചാലമാകുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആരംഭിച്ച പശ്ചിമേഷ്യന്‍ യുദ്ധം.

പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ ആദ്യനിമിഷങ്ങളില്‍ തന്നെ ഇങ്ങ് കേരളത്തില്‍ സാമൂഹ്യമാധ്യമങ്ങളെ 'ചോരക്കള'മാക്കി ഇരുവിഭാഗമായി പിരിഞ്ഞ് പോര് തുടങ്ങി. യുദ്ധം മുറുകുമ്പോള്‍ നിരപരാധികളെ ശിക്ഷിക്കുന്നതിനുവേണ്ടി ചരിത്രത്തെ ആയുധവല്‍ക്കരിക്കുന്നത് ശരിയോ എന്ന ചോദ്യമുണ്ട്. മനുഷ്യരെ വംശീയമായി മാത്രം കണ്ട് മേലെന്നും, കീഴെന്നും അളന്ന് ആ അളവില്‍ കുറഞ്ഞവരെ കൊന്നൊടുക്കിയ ജര്‍മ്മനിയെ മറക്കാന്‍ സമയമായിട്ടില്ല. സംഘര്‍ഷ കാരണങ്ങളെ മതപരമാക്കി വര്‍ഗീയവത്കരിക്കുമ്പോള്‍ രാഷ്ട്രീയമായി പരിഹരിക്കപ്പെടേണ്ടതിനെ അങ്ങനെയല്ലാതാക്കി തമസ്‌ക്കരിക്കുകയാണെന്ന് മറക്കരുത്. ഭീകര പ്രവര്‍ത്തനങ്ങളെ അതായും, മനുഷ്യാവകാശ ലംഘനങ്ങളെ അങ്ങനെതന്നെയും വേര്‍തിരിച്ച് വിശകലനം ചെയ്യേണ്ടതിനു പകരം, എവിടെയും ഇരവാദമുയര്‍ത്തി എന്തിനെയും പുതപ്പിട്ട് മറയ്ക്കുന്നത് മാനവീകതയുടെ മാഹാത്മ്യമാകുന്നത് എങ്ങനെയാണ്? ഇതേസമയം തന്നെ അസര്‍ബൈജാന്‍ നിയന്ത്രിത പ്രദേശത്തു നിന്നും ലക്ഷക്കണക്കിന് അര്‍മീനിയന്‍ ക്രൈസ്തവര്‍ പലായനത്തിലാണെന്നതും അതീവഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമായിതന്നെ കാണണം. യുദ്ധത്തെ വോട്ടുറപ്പിക്കാനുള്ള തറക്കളിയായി തരംതാഴ്ത്തരുത്.

ചരിത്രത്തെ വളച്ചൊടിച്ചും വേദപുസ്തകത്തെ ദുര്‍വ്യാഖ്യാനിച്ചും, ന്യായാന്യായങ്ങള്‍ പെരുകുമ്പോള്‍ 'യുദ്ധംതന്നെ പരാജയ'മാണെന്ന സത്യത്തെ അസന്നിഗ്ദ്ധമായി മാര്‍പാപ്പ വ്യക്തമാക്കി. ''ഇസ്രായേലിലും പാലസ്തീനായിലും നടക്കുന്ന കാര്യങ്ങള്‍ എന്നെ ദുഃഖിപ്പിക്കുന്നു. തടവുകരെ ഉടനടി വിട്ടയയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ടവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. പക്ഷേ, തികഞ്ഞ ഉപരോധത്തില്‍ കഴിയേണ്ടി വന്നിരിക്കുന്ന നിരപരാധികളായ അനേകര്‍ ഇരകളായി മാറിയിരിക്കുന്ന ഗാസായിലെ പാലസ്തീനക്കാരെക്കുറിച്ച് ഞാന്‍ ഏറെ ഉത്ക്കണ്ഠപ്പെടുന്നു.''

അവകാശലംഘനങ്ങളുടെ അണിയറ വിലാപങ്ങളാണ് അതിക്രമങ്ങള്‍ക്ക് അരങ്ങൊരുക്കുന്നതെന്നിരിക്കെ നീതിപൂര്‍വകമായ പരിഹാരം മാത്രമാണ് പശ്ചിമേഷ്യയുടെ ശാശ്വതശാന്തിയെ ഉറപ്പാക്കുന്നതും. ഒരു രാജ്യമെന്ന നിലയില്‍ പാലസ്തീന്റെ അന്തസ്സും അസ്തിത്വവും ആദരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അത് ഹാമാസ് പോലുള്ള അതിതീവ്രസ്വഭാവമുള്ള സംഘടനയുടെ തിണ്ണമിടുക്കിലൂടെയെന്നത് അംഗീകരിക്കാനാവില്ല. ഒപ്പം ഇസ്രായേലിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പരസ്പരം പക്ഷംചേര്‍ന്ന് യുദ്ധത്തീയെ ആളിക്കത്തിക്കുന്നതിനു പകരം സമാധാനശ്രമങ്ങള്‍ക്ക് വഴിച്ചൂട്ടാകാനാകണം ലോകരാജ്യങ്ങളുടെ നീക്കവും രീതിയും. തുടങ്ങാന്‍ എളുപ്പവും തീര്‍ക്കാന്‍ പ്രയാസവുമായ യുദ്ധമെന്ന മഹാദുഃഖത്തെ ആരും ആഘോഷിക്കാതിരിക്കട്ടെ. ഒലിവുപൂക്കുന്ന ഒക്‌ടോബര്‍ മാസം തന്നെയാണ് ലോകാരാധ്യനായ അഹിംസാവാദിയെ നാം ഓര്‍മ്മിക്കുന്നതെന്നും, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org