2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകും. രാജ്യമാകെത്തുടരുന്ന ക്രൈസ്തവവേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ പ്രതികരണത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തല്‍.
ബി ജെ പി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന വന്‍വിവാദമായി. ഏപ്രില്‍ 9-ലെ ഈസ്റ്റര്‍ ദിനത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് കേന്ദ്രത്തിലെ മോദി ഭരണത്തിനുള്ള പ്രത്യക്ഷ സ്തുതിയായി പരിണമിച്ചത്.
വിജയിച്ച രാഷ്ട്രീയ നേതാവായി മോദിയെ അഭിനന്ദിക്കുന്ന അഭിമുഖത്തില്‍ ബി ജെ പിയുടെ കേരളത്തിലെ സ്വീകാര്യത വര്‍ധിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം, പക്ഷേ, സമകാലീക ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടയെ വല്ലാതെ ലളിതവല്‍ക്കരിക്കുന്ന പ്രസ്താവന യായി ചെറുതായിപ്പോയെന്ന വിമര്‍ശനം എല്ലായിടത്തുനിന്നുമുണ്ടായി.
2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നുപോയതാകും. രാജ്യമാകെത്തുടരുന്ന ക്രൈസ്തവവേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ പ്രതികരണത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തല്‍. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളില്‍ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധവാരാചാരണം പൂര്‍ത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നു ണ്ട്. ബി ജെ പിക്ക് സമ്പൂര്‍ണ്ണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാംഗ്‌ളൂര്‍ ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അടിയയന്തിര റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തുവായിക്കണം. ആള്‍ക്കൂട്ടാക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി. ഛത്തീസ്ഗഡില്‍ മാത്രം 600 അതിക്രമങ്ങള്‍ നടന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ തടസ്സപ്പെടുത്തിയും, വ്യാജ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യം അതീവഗുരുതരമെന്നാണ് ഹര്‍ജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. കര്‍ണ്ണാടക സര്‍ക്കാര്‍ 2023-ല്‍ പാസ്സാക്കിയ മതം മാറ്റ നിരോധന നിയമം ആര്‍ട്ടിക്കിള്‍ 25-ന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ചുബിഷപ്പ് കോടതിയിലെത്തി. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം പ്രസംഗിക്കാനോ, പ്രചരിപ്പി ക്കാനോ അനുവദിക്കാത്ത വകുപ്പുകള്‍ കൊണ്ട് സമൃദ്ധമായ പ്രസ്തുത നിയമം പാവങ്ങള്‍ക്കുവേണ്ടി എന്തു ചെയ്താലും അതെല്ലാം മതംമാറ്റ നിരോധനത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയിരിക്കുകയാല്‍ പിന്‍വലിക്കണമെന്നാണ് ആര്‍ച്ചുബിഷപ് മച്ചാഡോയുടെ ആവശ്യം.
ഭാരതീയ കത്തോലിക്കാ സഭയിലെ ഉത്തരവാദിത്വപ്പെട്ട ആര്‍ച്ചുബിഷപ്പ് നയിക്കുന്ന അതീവഗരുതരമായ ഇത്തരം ആശങ്കകളെ അവഗണിച്ചുകൊണ്ട് ഇന്ത്യയില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ സുരക്ഷിതത്വത്തിന്റെ അര്‍ത്ഥവും, അത് ഏതാനും പേരുടെ മാത്രമെന്ന അനര്‍ത്ഥ വും തമ്മില്‍ വല്ലാതെ കൂടിക്കുഴയുന്നുണ്ട്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ മെ ത്രാന്‍ സമിതിയുടെ (ഇആഇക) നിലപാട് എന്തെന്ന് അറിയാന്‍ താല്പര്യമുണ്ട്.
ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. സര്‍വധര്‍മ്മ സമഭാവനയെ അടിസ്ഥാനമാക്കിയാണ് അതിന്റെ നിലയും നില്പും. വനവാസകാലത്ത് ഭരതനോട് നിരീശ്വരരും നിസ്സാരരുമായിരുന്ന ചര്‍വാകന്മാരുടെ പോലും ക്ഷേമം തിരക്കുന്ന തുറവിയുടെ രാമരാജ്യ പാരമ്പര്യത്തെ അവഗണിച്ചുകൊണ്ട്, അപരവല്‍ക്കരണത്തിലൂടെ അനുസ്യൂതം തുടരുന്ന 'ശത്രുസംഹാരം', തുറവിയും ആതിഥ്യവും ആന്തരീകാടയാളമായി സ്വീകരിച്ച ഭാരതത്തിന് തീരാകളങ്കമാണ്.
സ്വാതന്ത്ര്യപ്രാപ്തിവേളയില്‍, മതരാജ്യമായി മാറിപ്പോകാമായിരുന്ന ഭാരതത്തെ മതേതര രാജ്യമായിപ്പുതുക്കിപ്പണിത നെഹ്‌റുവിയന്‍ കാലത്തെ അവഗണിച്ചുകൊണ്ട് ഹൈന്ദവികതയെ തീവ്രദേശീയതയായി മാറ്റിപ്പണിയുന്ന മോദികാലം ക്ഷേത്രനിര്‍മ്മാണത്തെ രാഷ്ട്രനിര്‍മ്മാണമായി അവതരിപ്പിക്കുകയാണ്.
സവര്‍ക്കറുടെ 'ആരാണ് ഹിന്ദു'വെന്ന ചോദ്യത്തിന് 'ഇന്ത്യയെ മാതൃരാജ്യമായും, പുണ്യസ്ഥലമായും പരിഗണിക്കുന്നയാള്‍' എന്ന ഉത്തരത്തിനുള്ളില്‍ ഹിന്ദുത്വവും ദേശീയതയും ഒന്നായുള്ളടങ്ങുന്നുവെന്ന അപകടമുണ്ട്. ഗോള്‍ വാര്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്ലീമുകളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍, സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തിരമാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്തെന്നതില്‍ വിശ്വാസികള്‍ അത്ഭുതപ്പെടുന്നു!
ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും, അരമനകളിലും ബി ജെ പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോഴും, സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസ്സിലാകുന്നുണ്ട്. വിരുന്നു വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര്‍ കാണിച്ചു. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ത്ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയായി.
ഏകശിലാത്മകമായ ഭൂരിപക്ഷാധിത്യം ഏകാധിത്യ പ്രവണതകളോടെ ഭാരതത്തില്‍ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത്, ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകടസാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസ്സാരനേട്ടങ്ങള്‍ക്കുവേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ല. സഭാനേതൃത്വം ഇത് മറന്നുപോകരുത്.