വഴങ്ങാത്ത വാര്‍ത്തകള്‍

വഴങ്ങാത്ത വാര്‍ത്തകള്‍

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ച ചില വാര്‍ത്താവിശേഷങ്ങള്‍ സര്‍വ ശ്രദ്ധേയമായത്, ഉള്ളടക്കത്തിന്റെ സവിശേഷതയാല്‍ മാത്രമല്ല, അത് സമര്‍ത്ഥിക്കുന്ന സന്ദേശം കൊണ്ടു കൂടിയാണ്.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ രാജിവച്ചതാണ് അ തില്‍ ആദ്യത്തേത്. 2017-ല്‍ 37-ാം വയസ്സില്‍ പ്രധാനമന്ത്രിയായതിനു ശേഷം ഇതാദ്യമായല്ല ജസിന്‍ഡ വാര്‍ത്താ താരമാകുന്നതും. കുടുംബജീവിതത്തിലേക്ക് പൂര്‍ണ്ണമായും മടങ്ങിപ്പോകാനുള്ള ആഗ്രഹത്തെ പ്രധാനകാരണമായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ അപ്രതീക്ഷിത രാജിനീക്കം ലോക സമൂഹ ത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രാജ്യത്തെ മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള കരുത്ത് നഷ്ടപ്പെട്ടുവെന്ന ചിന്തയില്‍ അടുത്തൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലേക്ക് പിന്തിരിയുന്ന ജസീന്‍ഡയുടെ രാജി പ്രഖ്യാപനത്തെ നിരാശയോടെ സ്വീകരിച്ചവരുണ്ട്. ഒപ്പം അത് രാജ്യതാത്പര്യാധിഷ്ഠിത തീരുമാനമായി മനസ്സിലാക്കിയവരുമുണ്ട്. ഏതായാലും സ്ത്രീപക്ഷ രാഷ്ട്രീയത്തെ സാമൂഹ്യ പരിഷ്‌കരണത്തിന്റെ പുതിയ പോര്‍മുഖമായി കൊണ്ടു നടക്കുന്നവരുടെ തീരാസങ്കടമായി രാജി മാറിയെന്നത് വാസ്തവമാണ്.

'എപ്പോഴും ദയാപൂര്‍വം ഇടപഴകുന്നയാള്‍' എന്ന വിശേഷണത്തെ പ്രധാന പ്രവര്‍ത്തന സവിശേഷതയായി സ്വീകരിച്ച വ്യക്തിയാണ് ജസിന്‍ഡ. 2019 മാര്‍ച്ചില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളിലായി 51 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് മാറി നില്‍ക്കാതെ, മുറിവുണക്കാന്‍ നേരിട്ടെത്തി നിസ്‌കാരത്തില്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. കരുതലിന്റെ ഉത്തരവാദിത്വം ഭരണാധികാരിയുടെ പ്രധാനകടമയാണെന്ന് ലോകസമൂഹ ത്തെ അങ്ങനെ അവര്‍ ഓര്‍മ്മിപ്പിച്ചു.

42-ാം വയസ്സില്‍ രാഷ്ട്രീയ ജീവിതം മതിയാക്കി ജസിന്‍ഡ മടങ്ങുമ്പോള്‍, ഇവിടെ, 77-ാം വയസ്സിലും പൊതുജീവിതത്തില്‍ തനിക്കിനിയും മറ്റൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടില്‍ ഡല്‍ഹിക്ക് വണ്ടി കയറുന്ന നമ്മുടെ നാട്ടിലെ ചില പൊതുജീവിത പ്രഹസനങ്ങളെ അത് സത്യമായും പരീക്ഷിക്കുന്നുണ്ട്; പരിചിന്തനത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ ത്തനം പ്രധാന തൊഴിലിടമായി സ്വീകരിച്ച ഇന്ത്യന്‍ രാഷ്ട്രീയശൈലിയെ നന്നായി പരിഹസിക്കുന്ന ഇത്തരം പരിത്യാഗങ്ങളെ ശരിയായി മനസ്സിലാക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനപ്രതിനിധികള്‍ക്കു സാധിക്കുമോ എന്ന് സംശയമാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പിഴയൊടുക്കല്‍ വാര്‍ത്തയായിരുന്നു, ഈ ദിവസങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച മറ്റൊരു സംഭവം. വാഹ നത്തില്‍ സീറ്റ് ബല്‍റ്റിടാതെ അദ്ദേഹം നടത്തിയ വീഡിയോ സന്ദേശം മോ ട്ടോര്‍ വാഹന നിയമലംഘനമായതിനാല്‍ നിയമ നടപടിക്ക് വിധേയനാകേണ്ടി വന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ്, കോളീജിയം നല്കിയ ജഡ്ജിമാരുടെ പേരുകള്‍ വെട്ടാന്‍ വെമ്പല്‍ കൂട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളോട്, ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പിഴയൊടുക്കല്‍ പരിപാടി പച്ചയ്ക്ക് പറയുന്നത്, നിയമവാഴ്ച്ചയുടെ ഭരണഘടനാ ബാധ്യത മുഖം നോക്കാതെ നിറവേറ്റണമെന്നുതന്നെയാണ്.

ഇതിനിടയില്‍ 2002-ലെ ഗോധ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇതേവരെ പ്രസിദ്ധീകരിക്കാത്ത അന്വേഷണ റിപ്പോര്‍ട്ട് ബി ബി സി പുറത്തു വിട്ടത് വന്‍വിവാദമായി. രണ്ട് ഭാഗങ്ങളുള്ള പരമ്പര ബി ബി സിയുടെ രണ്ടാം ചാനലിലാണ് സംപ്രേക്ഷണം ചെയ്തത്. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന പേരിലുള്ള പരമ്പര, പക്ഷപാതപരവും, വസ്തുനിഷ്ഠമല്ലാത്തതും, അപകീര്‍ത്തികരവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് നിഷേധിച്ചിട്ടുണ്ട്. മുന്‍ന്യായാധിപനും, മുന്‍ വിദേശ നയതന്ത്ര പ്രതിനിധികളുമടക്കം നിരവധി പേരുടെ വിയോജനക്കുറിപ്പും പുറത്തുവന്നു.

ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട 2002-ലെ ഗോധ്ര കലാപം ആസൂത്രി തവും സമ്പൂര്‍ണ്ണ വംശഹത്യയുടെ എല്ലാ സ്വഭാവവും ഉള്‍ക്കൊള്ളുന്നവയുമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ അവഗണിച്ചു.

നിര്‍മ്മിത പ്രതിച്ഛായയുടെ ആസൂത്രണബലത്തില്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും, വിലക്കിയും ബി ജെ പി സര്‍ക്കാര്‍ മന്നേറുന്നതിനിടയിലായിരുന്നു, ബി ബി സിയുടെ അപ്രതീക്ഷിത പ്രഹരം. കണ്ടെത്തലുകള്‍ വസ്തുതാപരമോ അല്ലയോ എന്നതിനപ്പുറം സംപ്രേക്ഷണാനുമതി തടഞ്ഞുകൊണ്ട് അത് ഇന്ത്യയില്‍ ആരും അറിയണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കു മ്പോള്‍, ജനങ്ങളുടെ അറിയാനുള്ള അവകാശവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവുമാണ് തടസ്സപ്പെടുത്തുന്നത്. ഇതിനിടയില്‍, സാമൂഹ്യ മാധ്യമങ്ങളില്‍, ഉള്ളടക്കത്തിന്റെ 'നിജസ്ഥിതി' പരിശോധിക്കാനും, ആവശ്യമെങ്കില്‍ നീക്കം ചെയ്യാനുമുള്ള നിര്‍ദേശം നല്കുന്നതിനുള്ള അധികാരം പ്രസ്സ് ഇന്‍ഫോര്‍ മേഷന്‍ ബ്യൂറോയ്ക്ക് നല്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തായുള്ള വാര്‍ത്തകള്‍ വന്നു. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിക്ക് മറ്റ് മാധ്യമങ്ങളിലെ വാര്‍ത്താനിയന്ത്രണാധികാരം എന്നതിനര്‍ത്ഥം, വാര്‍ത്തകളുടെ കുത്തകാവകാശം സര്‍ക്കാരിന് മാത്രമെന്നു തന്നെയാണ്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന നിര്‍ണ്ണയത്തെ അത്ര നിഷ്‌കളങ്കമായി കാണുക വയ്യ.

'തിരഞ്ഞെടുത്ത വാര്‍ത്തകളി'ലൂടെ തിരഞ്ഞെടുപ്പുകള്‍ക്കൊരുങ്ങുന്ന പുതിയ ജനാധിപത്യ രീതികള്‍ ഇന്ത്യയുടെ രാഷ്ട്രീയ-ശൈലിയാകുമ്പോള്‍, രാജ്യത്തെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ന്യൂസിലന്റ് മാതൃകയും, നിയമവാഴ്ചയുടെ സമത്വദര്‍ശനം പങ്കുവയ്ക്കുന്ന 'സുനക്കിന്‍' രീതിയും ഇന്ത്യയിലിനിയും സാധ്യമോ എന്ന ചോദ്യമുണ്ട്. പ്രധാനമന്ത്രി പ്രതിക്കൂട്ടിലാകു മ്പോള്‍ രാജ്യം പ്രതിരോധത്തിലാകുന്നതെങ്ങനയെന്നതാണ് പ്രധാന ചോദ്യം. രണ്ടും ഒന്നാകുന്ന ജനാധിപത്യത്തിന്റെ അപചയം ഏറെ അപകടകരമാണ്.

എങ്ങനെയും അധികാരം, അതില്‍ അവിരാമം എന്നത് പ്രധാന ലക്ഷ്യമാകുമ്പോള്‍, ജനാധിപത്യ മര്യാദകള്‍ മാനദണ്ഡമല്ലാതാകും. മറ്റൊരു റിപ്പബ്‌ളിക് ദിനാഘോഷത്തിലേക്ക് ഭാരതമൊരുങ്ങുമ്പോള്‍, മറന്നു പോകരുത്, ഭരണഘടനയും അതിന്റെ ആമുഖവും, അതിന്റെ അകംപൊരുളും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org