ക്രിസ്തു അവരില്‍ രൂപപ്പെടുന്നതുവരെ

ക്രിസ്തു അവരില്‍ രൂപപ്പെടുന്നതുവരെ
മാത്യു എന്റെ ഒരു പരിചയക്കാരനാണ്. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നു. കുടുംബമായി അവിടെ താമസിക്കുന്നു. അവധിക്ക് എത്തി അദ്ദേഹത്തിന്റെ ജീവിതക്രമങ്ങള്‍ വിവരിച്ചപ്പോള്‍ ഞായറാഴ്ച ആചരണത്തെപ്പറ്റിയും പറഞ്ഞു. എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം ലഭിക്കുന്നതിനുവേണ്ടി 160 കിലോമീറ്റര്‍ യാത്ര ചെയ്ത് അദ്ദേഹം പള്ളിയില്‍ പോകുന്നത്രേ. ഞായറാഴ്ച രാവിലെ 7.00 മണിയോടെ ആരംഭിക്കുന്ന യാത്ര കാറ്റിക്കിസവും വിശുദ്ധ കുര്‍ബാന അര്‍പ്പണവും കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ വൈകിട്ട് 5.00 മണി. വിശ്വാസ പരിശീലനത്തിനുവേണ്ടി ഒരു ദിനം മുഴുവനും എടുക്കുന്ന വിശ്വാസികള്‍.

നമ്മുടെ നിറഞ്ഞു കവിയുന്ന ദേവാലയങ്ങളും, ഇരുവശങ്ങളിലുമായി നീണ്ട നിരകള്‍ രൂപംകൊള്ളുന്ന കുമ്പസാരവേദികളും ബന്ധങ്ങളെ ആശ്രയിക്കുന്ന കുടുംബശൈലികളും കൂട്ടായ്മകളെ ആഘോഷമാക്കുന്ന കുടുംബയൂണിറ്റു പ്രവര്‍ത്തനങ്ങളും എല്ലാം വിശ്വാസ പരിശീലനത്തിന്റെ പ്രതിഫലനങ്ങളും കൂടിയാണ് എന്ന് പറയാതെ വയ്യ.

നമ്മുടെ വിശ്വാസ പരിശീലന അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികളെ സ്‌നേഹത്തോടെ പറഞ്ഞയയ്ക്കുന്ന മാതാപിതാക്കള്‍, അവര്‍ക്ക് വിശ്വാസം പകര്‍ന്നു നല്‍കുന്ന വൈദികര്‍, സന്യസ്തര്‍, ആയിരക്കണക്കിന് മതാധ്യാപകര്‍, കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന വിവിധങ്ങളായ ഓഫീസുകള്‍, എല്ലാവര്‍ക്കും ആദരവ്.

നമ്മുടെ വിശ്വാസ പരിശീലന പ്രക്രിയകള്‍ ഓരോ വര്‍ഷവും പുനരാരംഭിക്കുമ്പോള്‍ അവ കുട്ടികളുടെ ഹൃദയത്തിലേക്ക് എത്തുന്നുണ്ടോ എന്ന് ഓരോ ചുവടിലും ആത്മശോധന ചെയ്യുന്നതു നല്ലതല്ലേ.

ദൈവകല്‍പ്പനകള്‍ പത്താണ്, തിരുസഭയുടെ കല്‍പ്പനകള്‍ അഞ്ചാണ് എന്നെല്ലാം എണ്ണി പഠിക്കുന്ന കുട്ടികള്‍ സുവിശേഷ മൂല്യങ്ങളായ സത്യസന്ധതയ്ക്കും നീതിബോധത്തിനും നിരക്കാത്തതൊന്നും ചെയ്യാനേ പാടില്ല എന്ന വലിയ അവബോധം നല്‍കാന്‍ വിശ്വാസ പരിശീലകരായ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കുന്നുണ്ടോ?

വിശ്വാസ പരിശീലന പ്രക്രിയകള്‍ ഓരോ വര്‍ഷവും പുനരാരംഭിക്കുമ്പോള്‍ അവ കുട്ടികളുടെ ഹൃദയത്തിലേക്ക് എത്തുന്നുണ്ടോ എന്ന് ഓരോ ചുവടിലും ആത്മശോധന ചെയ്യുന്നതു നല്ലതല്ലേ?

ഞാന്‍ ജയിക്കണം, എനിക്ക് റാങ്ക് കിട്ടണം, എങ്ങനെയും പണം ഉണ്ടാക്കണം തുടങ്ങിയ ഞാന്‍ എന്ന ചിന്തയില്‍ മുന്നോട്ടുപോകുന്ന ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയകള്‍ക്കും സ്‌കൂള്‍ അന്തരീക്ഷത്തിലും ഞാനെന്ന സങ്കല്പം വെടിഞ്ഞുകൊണ്ട് ഇടത്തും വലത്തും ഉള്ളവനില്‍ ഈശോയെ കാണുന്ന ദൈവസ്‌നേഹത്തിന്റെ പരസ്പര സ്‌നേഹത്തിന്റെ സുവിശേഷ മൂല്യം പകര്‍ന്നു കൊടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ.

ലാസറിനെ ഉയര്‍പ്പിച്ചവനെയും കൊടുങ്കാറ്റിനെ ശാന്തമാക്കിയവനെയും മാത്രമല്ല നീതിക്കുവേണ്ടി പീഡകളെ ഏല്‍ക്കുന്നവനെയും ഒരു തെറ്റും ചെയ്യാതിരിക്കുമ്പോഴും ക്രൂശിക്കപ്പെടുന്നവനെയും നന്മയ്ക്കുവേണ്ടി നില്‍ക്കുമ്പോള്‍ എല്ലാവരുടെയും പരിഹാസപാത്രമായി കാര്‍ക്കിച്ചു തുപ്പി കല്ലുവെച്ചെറിഞ്ഞു കുരിശിലേറ്റുന്നവനെയും ഈശോയില്‍ പരിചയപ്പെടുത്തി കൊടുക്കാന്‍ നാം മടിക്കുന്നുണ്ടോ.

ഈ വിശ്വാസ പരിശീലന പ്രക്രിയകള്‍ ഉപരിപ്ലവം ആകാതെ ആഴമായ അവബോധങ്ങള്‍ സൃഷ്ടിക്കുന്ന, ആകര്‍ഷകമായ വ്യക്തിത്വങ്ങള്‍ രൂപീകരിക്കുന്ന, സുവിശേഷ മൂല്യങ്ങളെ സവിശേഷമായി ആഗീരണം ചെയ്യുന്ന, സത്യസന്ധതയെയും നീതിബോധത്തെയും ദൈവസ്‌നേഹത്തെയും പരസ്‌നേഹത്തെയും ആശ്ലേഷിച്ചനുഭവിക്കുന്ന, സമഗ്ര വ്യക്തിത്വങ്ങളായി വളര്‍ത്തിയെടുക്കാന്‍ വിശ്വാസ പരിശീലനങ്ങള്‍ക്കാവണം. അപ്പോഴാണ് അവ ക്രിസ്തുകേന്ദ്രീകൃതം ആകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org