നിയമപരമാകാത്ത നിര്‍ദേശം

നിയമപരമാകാത്ത നിര്‍ദേശം

സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന 2018 ലെ ചരിത്രവിധിയുടെ പശ്ചാത്തലത്തില്‍, സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി വലിയ ആശ്വാസത്തോടെയാണ് രാജ്യം കേട്ടത്.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാന്‍ രാജ്യത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്ന പശ്ചാത്തലത്തില്‍ അതേ അവകാശം സ്വവര്‍ഗാഭിമുഖ്യം പ്രകടിപ്പിക്കുന്നവര്‍ക്കും നല്‍കണമെന്ന ആവശ്യവുമായാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ദത്തെടുക്കല്‍ ഒഴികെ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ലെന്നതുള്‍പ്പെടെ ഒട്ടുമിക്ക വിഷയങ്ങളിലും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഒരേ നിലപാടായിരുന്നു.

''സ്വവര്‍ഗ ദമ്പതിമാര്‍ക്ക് മാനസ്സികമായോ ശാരീരികമായോ കൂടിച്ചേരാനുള്ള അവകാശത്തെയാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധികള്‍ ശരിവച്ചത്. എന്നാല്‍ ആ കൂടിച്ചേരലുകള്‍ക്ക് നിയമപദവി അവകാശപ്പെടാനാവില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ ചില വകുപ്പുകള്‍ ലിംഗ വേര്‍തിരിവില്ലാതാക്കി സ്വവര്‍ഗ വിവാഹത്തിന് അനുകൂലമാക്കണമെന്ന വാദം നിലനില്‍ക്കില്ല.''

അതേസമയം അവര്‍ സമൂഹത്തില്‍ യാതൊരുവിധ വിവേചനവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

''തുല്യതയും വിവേചനമില്ലായ്മയും അടിസ്ഥാന മൗലികാവകാശങ്ങളാണ്. അതിനാല്‍ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ടും മറ്റുമുള്ള ആനുകൂല്യങ്ങള്‍ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് നിഷേധിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇത് എത്രയും വേഗം ചെയ്തില്ലെങ്കില്‍ അവരോടുള്ള അനീതിയാകും. മറ്റുള്ളവര്‍ക്കുള്ളതുപോലെ പി എഫ്, ഗ്രാറ്റ്‌വിറ്റി, കുടുംബപെന്‍ഷന്‍, ഇ എസ് ഐ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇത് സംബന്ധിച്ച നയങ്ങളുടെ സാമൂഹികാഘാതം പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം.''

അതേസമയം സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സംബന്ധിച്ച് മാത്രമാണ് വിധിയില്‍ പ്രധാനമായ ഭിന്നത ഉണ്ടായത്. ദത്തെടുക്കാനുള്ള അവകാശം നല്‍കാനാവില്ലെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, വി എസ് നരസിംഹ എന്നിവരുടെ ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും എസ് കെ കൗളും എഴുതിയ ന്യൂനപക്ഷ വിധിയില്‍ മറിച്ചാണ് പറഞ്ഞത്.

''സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിക്കുന്ന 'സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സസ് അതോറിറ്റി'യുടെ നിബന്ധനകള്‍ റദ്ദാക്കാനാവില്ല. അതേസമയം ഒറ്റയ്ക്ക് കഴിയുന്ന വ്യക്തികള്‍ക്ക് ദത്തെടുക്കാനും പിന്നീട് വിവാഹേതര ബന്ധത്തിലൂടെ പങ്കാളിക്കൊപ്പം താമസിക്കാനും സാധിക്കുന്ന യാഥാര്‍ത്ഥ്യം അതോറിറ്റിയും സര്‍ക്കാറും കാണണം. മറ്റൊന്ന്, ചില സാഹചര്യങ്ങളില്‍ വിവാഹിത രായ ദമ്പതിമാര്‍ ദത്തെടുക്കുന്ന കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ പലതും ഇത്തരം കുട്ടികള്‍ക്ക് നിഷേധിക്കപ്പെടാം.''

നിയമ സാധുതയെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയെങ്കിലും ഈ വിഷയത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കുള്ള അവസരം അനുവദിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എല്‍ ജി ബി ടി ക്യു വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ യാതൊരുവിധ സാമൂഹിക അനീതിയും അയിത്തവും അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന വിധിന്യായത്തിലെ നിര്‍ദേശം ഉന്നതമായ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നതില്‍ സംശയമില്ല. ഒപ്പം സ്വവര്‍ഗബന്ധം വരേണ്യമോ നഗര കേന്ദ്രീകൃതമോ ആണെന്ന കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തെ വിധിയില്‍ പാടെ നിരാകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ രീതിയല്ലെന്ന വാദത്തെ ചീഫ് ജസ്റ്റിസ് ശക്തമായി ഖണ്ഡിച്ചു. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ ശരിയായി ഇനിയും നിര്‍വചിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ വിഭാഗം നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ വയ്ക്കണമെന്ന കാര്യത്തില്‍ ബെഞ്ചിലെ മുഴുവന്‍ അംഗങ്ങളും യോജിക്കുകയും ചെയ്തു.

എല്‍ ജി ബി ടി ക്യു വിഭാഗത്തില്‍പ്പെട്ടവരോട് അനുഭാവവും അനുകമ്പയും പുലര്‍ത്തുന്ന സുവിശേഷ സമീപനം തന്നെയാണ് സഭയുടെതും. ഫ്രാന്‍സിസ് പാപ്പ അത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ആവര്‍ത്തിച്ച് അറിയിച്ചിട്ടുമുണ്ട്. അപ്പോഴും സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ തമ്മിലുള്ള വിവാഹത്തെ നിയമപരമാക്കി നല്‍കാന്‍ സഭയ്ക്കാവില്ല. അത് സുവിശേഷ വിരുദ്ധവും പാരമ്പര്യ നിഷേധവുമാണ്. കാരണം, 'ആദിയില്‍ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.' അവര്‍ തമ്മിലാണ് വിവാഹം. അതു മാത്രമാണ് സാധുവായതും. അതേസമയം അവര്‍ സമൂഹത്തിലും സഭയിലും യാതൊരുവിധ വിവേചനവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഭാ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും സുവിശേഷാത്മകമായ കടമയുണ്ട്. ആ വഴിയിലെ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ശുഭകരമാണ്. സി എം സി എറണാകുളം പ്രൊവിന്‍സിലെ സഹോദരിമാര്‍ അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ അത് കുറെക്കൂടി സംഘടിതവും സര്‍ഗാത്മകവുമാക്കാനുള്ള ശ്രമങ്ങള്‍ കെ സി ബി സി തലത്തില്‍ വിപുലീകരിക്കേണ്ടതുണ്ട്. കാരണം അവരും ദൈവമക്കളാണ്, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org