വ്യക്തിനിയമം വ്യക്തമാക്കുന്നതെന്ത്?

വ്യക്തിനിയമം വ്യക്തമാക്കുന്നതെന്ത്?

രാജ്യത്ത് ഏകവ്യക്തി നിയമം (ഏക സിവില്‍ കോഡ്) നടപ്പാക്കുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ചേക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് നിയമം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ നല്കുന്ന വിവരം.

ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ നടപ്പാക്കുന്ന ഏക വ്യക്തിനിയമം, രാജ്യമാകെ പ്രാബല്യത്തിലാക്കാനൊരുങ്ങുന്ന ഏകീകൃത സിവില്‍ നിയമത്തി ന്റെ മുന്നവതരണമാണെന്ന സൂചന അഭ്യന്തരമന്ത്രി അമിത്ഷാ തന്റെ പാര്‍ട്ടി വിശ്വസ്തര്‍ക്ക് നല്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, മുത്തലാഖ് നിരോധനം, പൗരത്വനിയമം, രാമക്ഷേത്ര നിര്‍മ്മാണം എന്നിവയ്‌ക്കൊപ്പം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകവ്യക്തി നിയമവും. അതാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. കരടുരൂപം അണിയറയില്‍ അതിവേഗം തയ്യാറാക്കുന്നുവെന്നാണ് വിവരം.

ഏകവ്യക്തി നിയമം നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്ക് ഇപ്പോഴുള്ളതുപോലെ മതാടിസ്ഥാനത്തിലുള്ള വിവിധ നിയമങ്ങള്‍ക്ക് പകരം ഏക നിയമമാകും. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് രാജ്യത്ത് ഏകക്രിമിനല്‍ കോഡാണ് നിലവിലുള്ളത്. ഈ ഐപിസി മാതൃകയില്‍ വിവിധ സിവില്‍ നിയമങ്ങളെ ഏകീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ആദ്യ ശ്രവണ മാത്രയില്‍ നന്നായി തോന്നാമെങ്കിലും അതിലുള്ളടങ്ങിയിരിക്കുന്ന അപകടങ്ങള്‍ അനവധിയാണ്. നാനാത്വത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ സാമൂഹ്യഘടന തന്നെയാണ് പ്രധാന വെല്ലുവിളി. വ്യത്യസ്ത മതസംസ്‌കാരങ്ങളുടെ ഉള്ളടക്കത്തെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ സിവില്‍ നിയമങ്ങളുടെ പരിഷ്‌ക്കരണങ്ങള്‍ പ്രായോഗികമാകില്ല. തെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, ഉത്തരവാദിത്വത്തോടെ നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാനുസൃതം നിയമമാകേണ്ടത്. എന്നാല്‍ പൗരത്വ നിയമത്തിലെന്നപോലെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, ചര്‍ച്ചയില്ലാതെ ഏകവ്യക്തി നിയമവും പാസ്സാക്കപ്പെടുമോ എന്ന ഭയമുണ്ട്. ലോക്‌സഭയിലെ ഭൂരിപക്ഷം കൂടാതെ രാജ്യസഭയിലെ ബി.ജെ.പിയുടെ മുന്‍തൂക്കം ആ ആശങ്കയ്ക്ക് മറ്റൊരടിസ്ഥാനമാണ്.

സ്വാതന്ത്ര്യത്തിന്റെ തലേന്ന്, 1947 ആഗസ്റ്റ് 14-ന് പുറത്തിറങ്ങിയ ആര്‍.എസ്.എസ്. ജിഹ്വയായ 'ഓര്‍ഗനൈസറി'ന്റെ എഡിറ്റോറിയലില്‍ ഹിന്ദുത്വ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ''രാജ്യം നിര്‍മ്മിക്കപ്പെടേണ്ടത് ഹിന്ദുക്കളാലും, ഹിന്ദു പാരമ്പര്യം, സംസ്‌കാരം, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയാലുമാണ്.''

1949 നവംബര്‍ 26-ന് ഭരണഘടനയുടെ കരടിന് ഭരണഘടനാ അസംബ്ലി അംഗീകാരം നില്കിയതിന് തൊട്ടുപിന്നാലെ ഓര്‍ഗനൈസറിന്റെ മറ്റൊരു പത്രാധിപക്കുറിപ്പില്‍ പറഞ്ഞതിങ്ങനെ, ''നമ്മുടെ ഭരണഘടനയെ സംബന്ധിച്ച ഏറ്റ വും മോശമായ കാര്യം അതില്‍ ഭാരതീയമായിട്ടൊന്നുമില്ല എന്നതാണ്. നമ്മുടെ ഭരണഘടനയില്‍ പൗരാണിക ഭാരതത്തിലെ അനുപമമായ യാതൊന്നും പ്രത്യേകിച്ച് മനുസ്മൃതിയെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല.''

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആധുനികമൂല്യങ്ങളെ നിരാകരിക്കുന്ന മനുസ്മൃതി അവഗണിച്ചുവെന്നു മാത്രമല്ല, അത് കത്തിച്ചുകൊണ്ടാണ് അംബേദ്കര്‍ ഭരണഘടന തയ്യാറാക്കിയത്. 1927-ല്‍ മഹദ് സത്യാഗ്രഹത്തിനിടയില്‍ മനുസ്മൃതി ചുട്ടെരിക്കാന്‍ അംബേദ്ക്കര്‍ മുന്‍കൈ എടുത്തുവെന്നത് മറക്കരുത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവാക്യാരംഭം (preamble) ദൈവനാമത്തിലല്ലാതെ, ജനനാമത്തിലായത് (we the people of India) യാദൃശ്ചികമല്ലെന്നോര്‍ക്കണം. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമ്പൂര്‍ണ്ണമായ ഉടമാവകാശത്തിന്മേലാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, ജാതിയുടെ യോ, മൂല്യവ്യവസ്ഥയിന്‍മേലോ, സാംസ്‌ക്കാരികാധിപത്യത്തിന്‍മേലോ അല്ല രാഷ്ട്രം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന സന്ദേശം ശക്തമായി നല്കുന്നതാ ണ് ഭരണഘടനയുടെ ഈ പ്രാരംഭവാക്യം.

എന്നാല്‍ സര്‍വ്വശക്തമായ ദേശരാഷ്ട്രത്തിലേക്കുള്ള വഴിയിലാണ് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇന്ത്യ. ഏക മതാധിഷ്ഠിത ദേശീയതയിലൂന്നിയാണതിന്റെ പരിക്രമണം. അത് സ്വാഭാവികമായും അത്യാര്‍ത്തിയിലേക്കും, യുദ്ധങ്ങളിലേക്കും, ജനങ്ങളുമായുള്ള സംവേദന ലോപത്തിലേക്കും, ആഭ്യന്തര ഹിംസയിലേക്കും നയിക്കും. 'ഒരു തെരഞ്ഞെടുപ്പ്,' 'ഒരു ഭാഷ' തുടങ്ങിയ ഐകരൂപ്യങ്ങളെല്ലാം, അത്യന്തികമായി ദേശരാഷ്ട്രഭാവനയുടെ വിഷപ്രയോഗങ്ങള്‍ തന്നെയാണ്. ഏറ്റവും ഒടുവില്‍ ഏകീകൃത സിവില്‍ക്കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയെന്ന വൈവിധ്യാധിഷ്ഠിത സാംസ്‌ക്കാരിക പൈതൃകത്തിന്റെ അവസാന ശ്വാസവും നിശ്ചലമാകും. വ്യത്യസ്തതയെ വൈരുദ്ധ്യമായിക്കാണുന്ന ഫാസി സ്റ്റ് അച്ചടക്കത്തിലൂടെ 'ഐക്യം' അനിവാര്യമാക്കും.

മനുസ്മൃതിയെ മാനിക്കാത്ത ഭരണഘടനയ്ക്ക്, അയോഗ്യത കല്പിക്കുന്നവര്‍ ഏക വ്യക്തി നിയമത്തിലൂടെ ഹിന്ദുത്വ തത്വങ്ങളെത്തന്നെ ഒളിച്ചുകടത്തുമോ എന്നു ഭയപ്പെടുന്നവരുണ്ട്. ഭൂരിപക്ഷ മത ദേശീയത ജനങ്ങളുടെ തുല്യതയെന്ന ആശയത്തിനെതിരായതാണ് ഈ ഭയത്തിനടിസ്ഥാനം. ഗാന്ധിജിയുടെ സര്‍വ്വധര്‍മ്മ സഹഭാവ സങ്കല്പത്തെ അത് വെല്ലുവിളിക്കുകയുമാണ്.

ഇതര മതസ്ഥരെ ശത്രുവാക്കുന്ന അപരത്വ നിര്‍മ്മിതിയിലൂടെ വെറുപ്പിന്റെ വ്യവസായവത്കരണമല്ലാതെ മറ്റൊനും അവതരിപ്പിക്കപ്പെടാത്ത 'മെയ്ക്ക് ഇന്‍ ഇന്ത്യ'യില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വര്‍ഗ്ഗീയ ധ്രുവീകരണം പുതിയ വെല്ലുവിളിയാണ്. കേരളത്തില്‍ ഇത്തരം വിഭാഗീയത തീര്‍ത്ത വിടവ് വലിയ തോതില്‍ വര്‍ദ്ധിച്ചുവെങ്കില്‍ അതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പും വലിയ കാരണം തന്നെയാണ്. ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജ്ജിന്റെ വര്‍ഗ്ഗീയപ്രസ്താവനയുടെ വിളവെടുപ്പില്‍ കൂടുതല്‍ നേട്ടമാര്‍ക്ക് എന്ന തര്‍ക്കം പാര്‍ട്ടികള്‍ക്കിടയില്‍ തുടരുമ്പോള്‍ നഷ്ടപ്പെടുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണെന്ന തിരിച്ചറിവുണ്ടാകണം. ഏക മതാധിഷ്ഠിത നവരാഷ്ട്രവാദം സര്‍വ്വസജ്ജമാകുന്ന പുതിയകാലത്ത് ഒരുമിച്ച് നില്‍ക്കാനുള്ള കാരണങ്ങളെ പുതുതായി കണ്ടെത്താനുള്ള മനസാന്നിദ്ധ്യം ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ക്ക് ഒരുപോലെയുണ്ടാകണം. പരസ്പരം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ക്കാകണം ആദ്യപരിഗണന. പൊതുസമൂഹവും മാധ്യമങ്ങളും അതിനവരെ പിന്തുണയ്ക്കണം. താല്ക്കാലിക നേട്ടങ്ങള്‍ മറന്ന് സഭാനേതൃത്വം പൗരബോധത്തോടെ പെരുമാറുകയും വേണം. അപകടകരമായ മതരാഷ്ട്രീയത്തെ ദയവായി അനുകൂലിക്കരുത്.

Related Stories

No stories found.