നൈതികമല്ലാത്ത നിയന്ത്രണങ്ങള്‍

നൈതികമല്ലാത്ത നിയന്ത്രണങ്ങള്‍

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പോലീസ് നിയമത്തിലെ 118 എ വകുപ്പ് ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശ്രമത്തില്‍ നിന്നും ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ജനകീയ പ്രതിരോധത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്‍മാറി.
സൈബര്‍ സുരക്ഷയൊരുക്കാന്‍ പോലീസിന് അമിതാധികാരം നല്കിക്കൊണ്ട് പുതുക്കി നിശ്ചയിച്ച വിവാദവകുപ്പനുസരിച്ച്, വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 5 വര്‍ഷം വരെ തടവോ, 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടുമൊരുമിച്ചോ, വിധിക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്ന പുതിയ നിയമം, യഥാര്‍ത്ഥത്തില്‍ മാധ്യമ നിയന്ത്രണമാണ് ഉറപ്പാക്കിയിരുന്നത് എന്ന വ്യാപക വിമര്‍ശനത്തിലൊടുവിലാണ് പിന്‍വലിക്കപ്പെട്ടത്. സമ്മര്‍ദ്ദത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും നൈതികമല്ലാത്തതും, ഭരണഘടനാ വിരുദ്ധവുമായ ഇത്തരം നിയന്ത്രണങ്ങളുയര്‍ത്തുന്ന എതിര്‍ സന്ദേശങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്.
'ഭീഷണിപ്പെടുത്തുന്നതോ, അധിക്ഷേപിക്കുന്നതോ, അപമാനകരമായതോ അപകീര്‍ത്തിപരമായതോ ആയ ഏതെങ്കിലും കാര്യം നിര്‍മ്മിക്കുകയോ, പ്രകടിപ്പിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശിക്ഷ'യായിരുന്നു, ഭേദഗതിയിലെ പ്രധാന സൂചന.
പൗരസ്വാതന്ത്ര്യത്തിന്റെ പ്രാമാണ്യത്തെ പരമമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ കാലത്ത്, മനുഷ്യാവകാശ നിഷേധത്തിനുള്ള നിരവധി സാധ്യതകളെ ഒളിച്ചു കടത്താനുപയുക്തമായ വിധത്തിലായിരുന്നു, നിയമ നിര്‍മ്മാണമെന്നത് പാര്‍ട്ടി അനുഭാവികളെപ്പോലും അമ്പരിപ്പിച്ചു.
പരാതിക്കാരന്റെ അഭാവത്തില്‍ പോലും പോലീസിന് കേസെടുക്കാമെന്നതായിരുന്നു പുതിയ നിയമത്തിലെ പ്രധാന ഭേദഗതി. പ്രസ്താവനയുടെ അപകീര്‍ത്തി സ്വഭാവം ഏകപക്ഷീയമായി തീരുമാനിക്കാനുള്ള അവകാശവും പോലീസില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. പുതിയ നയത്തിലെ ജനവിരുദ്ധ നിയന്ത്രണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി നിശ്ചയിക്കാതിരുന്നതിനാല്‍ എല്ലാ മാധ്യമ-വിനിമയ പരിപടികള്‍ക്കും ഇത് ബാധകമാക്കാനുള്ള സൗകര്യത്തെ ഉറപ്പാക്കികൊണ്ട്, എത്രമാത്രം ജനാധിപത്യ വിരുദ്ധമായി ഒരു 'ജനകീയ സര്‍ക്കാര്‍', നീങ്ങാനൊരുങ്ങിയെന്നത് ഏവരെയും അത്ഭുതപ്പെടുത്തി! കൂടാതെ തികച്ചും മനുഷ്യാവകാശ വിരുദ്ധമെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പു തന്ന് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ അതിനേക്കാള്‍ ജനവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തെ അപമാനിക്കുന്നതുമായ ഒട്ടേറെ അപകട വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഭേദഗതി, പാര്‍ട്ടിയില്‍ മേല്‍കൈ നേടി വരുന്ന അസഹിഷ്ണുതയുടെ ഫാസിസ്റ്റ് സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ക്കനുകൂലമായ ദിശയിലല്ല, ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്ന പ്രശ്‌നമുന്നയിച്ച് ചാനല്‍ ചര്‍ച്ചകളെയും ചിലപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും ബഹിഷ്‌ക്കരിക്കുന്ന പുതിയ പ്രവണതയിലൂടെ, അസഹിഷ്ണുതയുടെ ശരീരഭാഷ നേതാക്കളില്‍ നിന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ ശരീരത്തിന്റെ വിനിമയ ഭാഷയായി മാറുന്നത് ഇടതിന്റെ വലതു വ്യതിയാനമായി കാണുന്നവരുണ്ട്. അകത്തേയ്ക്ക് നീളേണ്ട ചൂണ്ടുവിരലുകള്‍ മടങ്ങിയൊതുങ്ങി മുദ്രാവാക്യമുഷ്ടിയായി മാത്രം മാറുമ്പോള്‍ 'കിഫ്ബി'പോലുള്ള അഭ്യന്തര കടബാധ്യത മാത്രമായ പദ്ധതികളെപ്പോലും വികസന മാതൃകയായി ന്യായീകരിക്കുവോളം അത് പൂര്‍ത്തിയാകുകയാണ്.
'അടിച്ചമര്‍ത്തല്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദയ നിയമമെന്ന്' കുറ്റെപ്പടുത്തിയ മുതിര്‍ന്ന അഭിഭാഷകനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷനെപ്പോലുള്ളവരുടെ അടിയന്തിര പ്രതിഷേധം ഫലം കണ്ടതിന്റെ ശുഭ സൂചന കൂടിയാകാം സര്‍ക്കാരിന്റെ മനം മാറ്റത്തിന്റെ പുറകില്‍. ഒപ്പം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിലപാടും നിര്‍ണ്ണായകമായി.
സൈബറിടം അരാഷ്ട്രീയവല്‍ക്കരണത്തിന്റെ അരാജകവേദിയായി മാറിപ്പോകുന്നുണ്ടെന്നത് വാസ്തവമാണ്. വാര്‍ത്തയുടെ വഷളത്വം വക്രതയോടെ വിളമ്പാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ മുഖം മറച്ച് മുതിരുന്നവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് ആവശ്യവുമാണ്. വിയോജിപ്പുകളെ 'റോസ്റ്റ്' ചെയ്യുന്ന വിചാരിപ്പ് മുറിയായി അത് പലപ്പോഴും മാറിപ്പോകുന്നുമുണ്ട്. പക്ഷേ, അത്തരം മനുഷ്യത്വ വിരുദ്ധ പ്രവണതകളെ ജനാധിപത്യ വിരുദ്ധമായല്ല നേരിടേണ്ടത്. പോലീസിന്റെ അച്ചടക്ക ലാത്തിക്കൊണ്ട് മാത്രം സൈബര്‍ സുരക്ഷയൊരുക്കാമെന്ന ചിന്ത അപകടകരമാകുന്നത്, പോലീസ്‌രാജിന്റെ സര്‍വ്വാധിപത്യത്തെ അത് സര്‍വ്വ സാധാരണമാക്കുന്നതുകൊണ്ടു കൂടിയാണ്. അടിയന്തിരാവസ്ഥയുടെ അഭിപ്രായ നിഷേധങ്ങള്‍ തീര്‍ത്ത ദുരിതപര്‍വ്വങ്ങളെ അടുത്തറിഞ്ഞ ഒരാള്‍ മുഖ്യമന്ത്രിയായിരിക്കെ ഇത്തരം ഓര്‍ഡിനന്‍സ് ഉരുവം കൊണ്ടുവെന്നത് അതിശയകരമാണ്.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിയറവയ്ക്കുന്ന ഏതൊരു നയവും നിയമവും ജനവിരുദ്ധവും ജനാധിപത്യ നിഷേധവുമാണ്. 'സമാധാന പൂര്‍ണ്ണമായ അടിമത്തത്തെക്കാള്‍ അപകടകരമായ സ്വാതന്ത്ര്യത്തെ' തോമസ് ജഫേഴ്‌സനെപ്പോലുള്ളവര്‍ വിലമതിക്കുന്നത് അതുകൊണ്ടാണ്. 'ഏവരും സഹോദരര്‍' എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്നതുപോലെ "സ്വാര്‍ത്ഥപൂര്‍ണ്ണമായ നിസ്സംഗതയുടെയും, ഹിംസാത്മകമായ പ്രതിഷേധത്തിന്റെയും ഇടയില്‍ സംവാദത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍" നമുക്ക് കഴിയണം (FT 199). ജനപക്ഷ പക്വമായ നിയമനിര്‍മ്മാണത്തിലൂടെയും പരസ്പരാദരാധിഷ്ഠിതമായ മാധ്യമ സാക്ഷരതയിലൂടെയും, നമ്മുടെ സൈബറിടം സംവേദനത്തിന്റെ സുരക്ഷിതയിടമാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org