അനന്തരം അനശ്ചിതത്വം

അനന്തരം അനശ്ചിതത്വം
Published on

സീറോ മലബാര്‍ സഭയുടെ 31-ാം സിനഡിന്റെ ഒന്നാം സമ്മേളനാനന്തരം ഇറങ്ങിയ സര്‍ക്കുലര്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചു. ഏകീകൃത കുര്‍ബാനയും എറണാകുളം-അങ്കമാലി അതിരൂപതയും എന്ന വിഷയം തന്നെയായിരുന്നു സിനഡു ചര്‍ച്ചകളുടെ കേന്ദ്രബിന്ദു എന്നു വ്യക്തമാക്കുന്നതായിരുന്നു, സര്‍ക്കുലറിന്റെ ഉള്ളടക്കം.

സഭയിലും അതിരൂപതയിലും നാളുകളായിപ്പുകയുന്ന വിഷയത്തെ നടാടെ സംവാദാത്മകമായി സമീപിച്ചു എന്നതായിരുന്നു 31-ാം സിനഡ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. വേണ്ടത്ര ചര്‍ച്ചയില്ലാതെ അവതരിപ്പിച്ചതിനാല്‍ വലിയ തര്‍ക്കമായിത്തീര്‍ന്ന ഏകീകൃത കുര്‍ബാന വിഷ യത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ മെത്രാന്‍ സമിതിയെ നിശ്ചയിച്ച് സംവാദാന്തരീക്ഷത്തെ സംജാതമാക്കിയ സിനഡ് സമീപനം ഐക്യത്തിലേക്കുള്ള ആദ്യപടിയായി. 'ഇവിടെ ഒരു പ്രശ്‌നവു മില്ലെ'ന്ന് നിഷേധിച്ചവര്‍ക്കും, 'ഇനിയൊരു ചര്‍ച്ചയും വേണ്ട, അനുസരിച്ചാല്‍ മതി' എന്ന് ശഠിച്ചവര്‍ക്കും ചര്‍ച്ചയുടെ വഴി തന്നെയാണ് ചര്‍ച്ചിന്റേ തെന്ന് സമ്മതിക്കേണ്ടി വന്നു.

'ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പാക്കുന്നതില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലന പ്രശ്‌നങ്ങളെ സിനഡ് വസ്തുനിഷ്ഠമായി വിലയിരുത്തി.' സര്‍ക്കുലറിലെ ഈ ആദ്യവാചകം പ്രശ്‌നങ്ങളുടെ ആരംഭദശയില്‍ത്തന്നെ പരിഹാരമാര്‍ഗദര്‍ശനമായി സ്വീകരിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന കാര്യങ്ങളുടെ പട്ടികയില്‍ തെരുവു സംഘര്‍ഷങ്ങളും, വ്യക്തിഹത്യാക്ഷേപങ്ങളും, അക്രമ പരമ്പരകളും, ഒടുവില്‍ വിശുദ്ധ കുര്‍ബാനയവഹേളനവും വരെയുണ്ടെന്നോര്‍ക്കണം. സൂചികൊണ്ട് എടുക്കാമായിരുന്നത് തൂമ്പകൊണ്ടു പോലും സാധ്യമാകാതെ പോയതില്‍ സഭാ നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ വൈകിയതാണെന്ന തിരിച്ചറിവാകണം, ചര്‍ച്ചകള്‍ക്ക് സിനഡിന്റെ മനസ്സൊരുങ്ങിയതും ഒടുവില്‍ അതിന് അവസരമൊരുക്കിയതും. അഭിമാനത്തോടെ ജനാഭിമുഖം ബലിയര്‍പ്പിക്കാനുള്ള അവസരത്തെ അനുവദിക്കുകയാണ് വേണ്ടത്.

നടപ്പു സിനഡ് സമ്മേളനത്തിനിടയില്‍ രണ്ടുവട്ടം മെത്രാന്‍ സമിതിയംഗങ്ങള്‍ വൈദികരുമായും അല്മായരുമായും ചര്‍ച്ചകള്‍ നടത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും, കൂരിയാഅംഗങ്ങളും വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കാളികളായി. ചര്‍ച്ച തുടരാനും അതിലേക്ക് ഏതാനും അല്‍മായ പ്രമുഖരുടെ സഹായം തേടാനും സിനഡ് തീരുമാനിച്ചു. നാല്പതിലധികം വര്‍ഷമായി തുടരുന്ന പ്രശ്‌നത്തെ രണ്ട് റൗണ്ട് ചര്‍ച്ചകളിലൂടെ ഉടനടി പരിഹരിക്കാമെന്ന ചിന്ത യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. ചര്‍ച്ചകള്‍ തുടരണം. സംവാദാന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ ഇരുപക്ഷത്തുമുണ്ടാകണം.

'മുറിവുണങ്ങി ഹൃദയൈക്യത്തിലേക്ക് നീങ്ങാന്‍ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെ' എന്ന സിനഡിന്റെ പ്രാര്‍ത്ഥന ആത്മാര്‍ ത്ഥമാണെങ്കില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമവിരുദ്ധമായി (illicit) പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന ചോദ്യമുണ്ട്. 'സഭാ സ്‌നേഹികളും പാരമ്പര്യവാദികളും എന്ന പേരില്‍ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ സ്വയം നിയന്ത്രിക്കണമെന്ന' നിലപാടെടുത്ത സിനഡ് തന്നെ ഈ 'നിയമവിരുദ്ധ' പ്രസ്താവന നല്കിയതോടെ പ്രകോപനപരമായ പ്രതികരണങ്ങള്‍ക്കും സൈബറധിക്ഷേപങ്ങള്‍ക്കും ഔദ്യോഗികമായി വീണ്ടും വഴിയൊരുക്കിയെന്ന് ചിന്തിക്കുന്നവരുണ്ട്.

'സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനങ്ങളും പൊതു നന്മയും ബലികഴിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് സിനഡിന് സാധിക്കില്ലെന്ന്' സര്‍ക്കുലറിലൂടെ വ്യക്തമാക്കുന്ന സിനഡ്, 50:50 ഫോര്‍മുല, പ്രശ്‌ന പരിഹാര നിര്‍ദേശമായി അവതരിപ്പിക്കപ്പെട്ട ഒത്തുതീര്‍പ്പ് ശ്രമമായിരുന്നുവെന്ന് ഇതേ സര്‍ക്കുലറില്‍തന്നെ സമ്മതിക്കുന്നുണ്ട്. സഭയില്‍ വിയോജിപ്പുകള്‍ അപായ സൂചനയൊന്നുമല്ല. 'നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്'' (1 കൊറി. 11:19). ഭയപ്പെടേണ്ടത്, തര്‍ക്കങ്ങളെയല്ല, അത് 'പരിഹരിക്കാന്‍' സ്വീകരിക്കുന്ന ഏകപക്ഷീയ ഫാസിസ്റ്റ് രീതികളെയാണ്. ഐകരൂപ്യത്തിനുവേണ്ടി ഐക്യ ത്തെ ബലികഴിച്ചു കൊണ്ട് സഭയില്‍ വിഭാഗീയത ഉറപ്പാക്കിയിടത്തോളം എതിര്‍സാക്ഷ്യം വേറെയുണ്ടോ?

സഭയോടുള്ള കൂട്ടായ്മയും സഭാധ്യക്ഷന്മാരോടുള്ള വിധേയത്വവും മറക്കുമ്പോള്‍ കൃപാരഹിതമാകുന്ന പൗരോഹിത്യത്തെക്കുറിച്ചുള്ള സിനഡിന്റെ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. ഉറകെട്ടുപോയ ഉപ്പുപോലെ ഫലരഹിതമാകുന്ന സഭാ ശുശ്രൂഷകളെക്കുറിച്ചുള്ള ആശങ്കകളും പ്രധാനപ്പെട്ടതുതന്നെ. അപ്പോഴും സഭാ നേതൃത്വനിരയിലേക്ക് സഭയെത്തന്നെ ചുരുക്കിക്കൊണ്ട് ക്രിസ്തുവിന്റെ മനസ്സറിയാനുള്ള വരത്തിന്റെ കുത്തകാവകാശം ചിലര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്ന രീതിയിലുള്ള പ്രബോധനം ക്രിസ്തുതന്നെ എതിര്‍ത്ത ഫരിസേയ മനോഭാവത്തിന്റെ ആവര്‍ത്തനമാണ്. സഭയെന്നാല്‍ ദൈവജനമാണെന്ന സഭാദര്‍ശനത്തിന്റെ മാറിയ കാഴ്ചപ്പാടിലേക്ക് ഇപ്പോഴും മാറാന്‍ മടിക്കുന്ന നേതൃത്വം സഭയ്ക്ക് ബാധ്യതയാണ്. എല്ലാവരിലും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെയാണ് നിത്യസഹായകനായി ക്രിസ്തു പരിചയപ്പെടുത്തിയത്. ബലപ്രയോഗത്തിലൂടെ കൂട്ടത്തെയൊരുക്കാനാകും, കൂട്ടായ്മയെയല്ല.

വി. കുര്‍ബാനയര്‍പ്പണ രീതിത്തര്‍ക്കം പരിഹരിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ആരംഭിച്ച സിനഡിന്റെ രണ്ടാം ദിവസംതന്നെ ഉത്തരവാദിത്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കു 'കൈമാറിയ'തോടെ അനിശ്ചിതത്വത്തിന്റെ നിഴല്‍ ചര്‍ച്ചകളിലേക്കും നീണ്ടുവെന്നു വേണം അനുമാനിക്കാന്‍. അപ്പോഴും സംഹാരമല്ല, സംഭാഷണം തന്നെയാണ് പ്രശ്‌നപരിഹാരത്തിന്റെ ക്രിസ്തീ യ മാര്‍ഗം എന്ന തിരിച്ചറിവില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടാണ് സിനഡ് സമാപിച്ചതെന്നത് ശുഭോദര്‍ക്കമാണ്. ആ വാതിലിലൂടെ ഇരുപക്ഷത്തിനും നിര്‍ഭയം കടക്കാനും, നീതിയുറപ്പിക്കാനും സാധിക്കട്ടെ. മുന്‍വിധിയോ മുന്‍ധാരണകളോ സംഭാഷണങ്ങളെ ഇനിയും സംഹരിക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org