പ്രതിബദ്ധതയില്ലാത്ത പ്രീതികള്‍

പ്രതിബദ്ധതയില്ലാത്ത പ്രീതികള്‍

ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ പോര് 'പ്രീതി-അപ്രീതി' തലങ്ങളിലേക്കു വളര്‍ന്ന്, അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിടുമോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് കേരളത്തിലെ ആനുകാലിക സംഭവപരമ്പരകള്‍.

സംസ്ഥാന ധനമന്ത്രിയില്‍ തനിക്ക് പ്രീതി നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതാണ് സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ സംഘര്‍ഷ വിവാദത്തിലെ പുതിയ വഴിത്തിരിവ്. ഭരണഘടനയുടെ 164-ാം അനുഛേദമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും നിയമനത്തെ പ്രതിപാദിക്കുന്ന വകുപ്പ്. മന്ത്രിമാരില്‍ ഗവര്‍ണ്ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്നിടത്തോളം കാലം പദവിയില്‍ തുടരാവുന്ന താണെന്ന അനുഛേദം 164(1) വകുപ്പിന്റെ അവസാനഭാഗമാണ് ഗവര്‍ണ്ണറുടെ വിവാദക്കത്തിന്റെ നിയമസാധുത.

2022 ഒക്‌ടോബര്‍ 18-ന് കാര്യവട്ടം ക്യാമ്പസ്സില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍വച്ച് കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രസംഗം സംസ്ഥാനങ്ങള്‍ ക്കിടയില്‍ അനൈക്യം വളര്‍ത്തുന്നതാണെന്നും പ്രാദേശികവാദമുയര്‍ത്തി ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്നതാണെന്നുമാണ് ഗവര്‍ണ്ണറുടെ വാദം. 'യുപിപോലുള്ള സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളിലുള്ള ജനാധിപത്യസ്വഭാവം മനസ്സിലാകണമെന്നില്ല,' എന്ന മന്ത്രിയുടെ പ്രസ്താവന, കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന, യു പി സ്വദേശികൂടിയായ ഗവര്‍ണ്ണറെ ചൊടിപ്പിച്ചുവെന്നതാണ് വസ്തുത. മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രിയില്‍ തനിക്ക് 'പ്രീതി' നഷ്ടപ്പെട്ടിട്ടില്ല, അതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി മറുപടിയും നല്കി. തര്‍ക്കം തുടരുമ്പോള്‍ താറുമാറാകുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ഇപ്പോഴും ഇല്ലെന്നതാണ് വലിയദുരന്തം.

ഇതിനിടയില്‍ ഗവര്‍ണ്ണറുടെ 'പ്രീതി' എന്നത് വ്യക്തിപരമല്ല, നിയമപരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 'വ്യക്തി എന്ന നിലയില്‍ നല്കുന്നതല്ല, അത് ഔദ്യോഗികമാണ്.' ഗവര്‍ണറുടെ 'സന്തുഷ്ടി സിദ്ധാന്ത'ത്തിന്റെ നിയമാടിത്തറ നിയമസഭയുടെ വിശ്വാസമെന്ന നിലയിലാണ് നല്കപ്പെട്ടിരിക്കുന്നത് എന്ന ഭരണഘടനാ ശില്പിയായ ഡോ. അംബേദ്ക്കര്‍ തന്നെ വ്യക്തമാക്കിയിരിക്കെ, നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രിയുടെ നിയമ ലംഘനം മാത്രമാണ് 'പ്രീതി' പോകാനുള്ള ഗൗരവകാരണമെന്ന കോടതി നിരീക്ഷണം പ്രധാനപ്പെട്ടതാണ്.

അനൈക്യത്തിന് കാരണമാകുന്ന വിദ്വേഷപ്രസംഗത്തിലൂടെ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ഗവര്‍ണ്ണര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. വിദ്വേഷപ്രസംഗങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വസ്ഥത നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലും, ഡല്‍ഹിയിലും, റായ്പൂരിലും, ധര്‍മ്മസന്‍സദ് എന്ന പേരില്‍ നടന്ന ഉന്മൂലനാഹ്വാനങ്ങള്‍ അക്രമോത്സുകമാം വിധം പ്രകോപനപരമായിരുന്നു. രാജ്യത്തെ സാമൂഹിക ഐക്യം തകര്‍ക്കുന്ന ഇത്തരം വിദ്വേഷവിതരണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതാണ് സുപ്രീം കോടതി ഈയിടെ നല്കിയത്. വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് കോടതി ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.

ഇത്തരം വിദ്വേഷ വിഷവിതരണം നാടാകെ നടന്നപ്പോള്‍ പ്രതികരിക്കാതിരുന്ന ഗവര്‍ണ്ണര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന 'പ്രീതി' നാടകം ആരുടെ പ്രീതി നേടാനെന്ന ചോദ്യത്തെ രാഷ്ട്രീയ മറുപടിയായി മാത്രം കണ്ട് അവഗണിക്കാമോ? ഏറ്റവും ഒടുവില്‍ തന്നോട് വിയോജിക്കുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് പത്രസമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കുന്ന ഗവര്‍ണ്ണര്‍ നടപടി അസഹിഷ്ണുതയുടെ ഫാസിസാഭാസമല്ലാതെ മറ്റെന്താണ്? സര്‍ക്കാരിന്റെ മാധ്യമനിയന്ത്രണബില്‍ അണിയറയിലൊരുങ്ങുന്നുവെന്നതാണ് മറ്റൊരു കൗതുകം.

ജനഹിതമാരായാതെയുള്ള (അ)വികസന നയങ്ങളില്‍ത്തട്ടി, വീടും കൂടുമില്ലാതെ വഴിയാധാരമാകുന്ന അനേകായിരങ്ങളുടെ നിലവിളികള്‍, വിഴിഞ്ഞത്തും, അതിവേഗ റെയില്‍പ്പാതയോരത്തും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ചങ്ങാത്ത മുതലാളിത്ത 'പ്രീതി'യില്‍പ്പെട്ടുപോകുന്ന ഇടതു സര്‍ക്കാരിനെ ജനപക്ഷത്തേക്ക് തിരികെയെത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധ 'പ്രകടന'ങ്ങള്‍ക്കുമാകുന്നില്ല. 'എല്ലാം ശരിയാക്കാം' എന്ന വാക്കിനെ വോട്ടാക്കി ഭരണമുറപ്പിച്ചവര്‍ 'ശരിയാക്കി'യത് പാവം ജനെത്തയാണെന്ന് അരിയുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം വിളിച്ചുപറയുന്നുണ്ട്. കുട്ടനാടന്‍ നെല്ല് കര്‍ഷകരിനിന്നും സംഭരിക്കാതെ വരമ്പത്ത് ഉപേക്ഷിച്ചിട്ടാണ് ആന്ധ്രയുടെ അരി കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം. ഏറ്റവും ഒടുവില്‍ പാര്‍ട്ടി നല്കുന്ന പട്ടികയില്‍നിന്നു മാത്രം താല്ക്കാലിക നിയമനം നല്കാന്‍ തീരുമാനിക്കുവോളം തദ്ദേശ ജനകീയ ഭരണം 'പാര്‍ട്ടിക്കൊപ്പം' മാത്രം മുന്നേറുമ്പോള്‍ 'പ്രീതി' ജനങ്ങളോടും, ജനാധിപത്യസംവിധാനങ്ങളോടുമല്ലെന്ന് വ്യക്തമാകുന്നുണ്ട്.

ഇതിനിടയില്‍ സാമൂഹ്യസുരക്ഷയ്ക്ക് ഒട്ടും 'പ്രീതി'കരമല്ലാത്ത സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നരബലിയും, പ്രണയപ്പകക്കൊലയും രാസലഹരിയുടെ വലിയ വ്യാപനവും അസാധാരണാം വിധം അരങ്ങു തകര്‍ക്കു മ്പോള്‍ സാധാരണക്കാരന്റെ നെഞ്ചിന്‍കൂട് തകര്‍ക്കുന്ന പോലീസ് രാജ് 'ഒറ്റപ്പെട്ട സംഭവ'മായിത്തുടരുകയുമാണ്.

'പ്രീതി'യും 'ഭീതി'യുമില്ലാതെയുള്ള ജനസേവനമെന്ന ഭരണഘടനാ ബാധ്യതയെ ഭരണകൂടം മറക്കുന്നിടത്ത്, സ്വജനപക്ഷ പരിപാടികളെ ഔദ്യോഗിക നിലപാടാക്കുക സ്വാഭാവികം. വിധേയപ്പെടുന്നവര്‍ക്ക് എല്ലാം നിയമവിധേയമാക്കി നല്കുകയും ചെയ്യും.

അധീനരുടെ അന്ധമായ അനുസരണം അധികാരികളെ 'പ്രീതി'പ്പെടുത്തുകയാല്‍ അനുയായികളെല്ലാം ആരാധകരാകുന്ന അത്ഭുതം സത്യാനന്തരകാലത്ത് ഔപചാരികമാകും. അങ്ങനെയാകാത്തവരെ വിമതചാപ്പ കുത്തി അവഗണിക്കും. കാരണം പ്രീതിയെന്ന പ്രീണനോപാധിയിലൂടെ അധികാരത്തെ അധിനിവേശത്തിനുള്ള ഉപായമാക്കുന്നവര്‍ അനുയായികള്‍ക്കുപകരം ആരാധകരെ സൃഷ്ടിച്ചുകൊണ്ടാണ് പാര്‍ട്ടിയിലും മതസമൂഹങ്ങളിലും ശക്തരാകുന്നത്. പ്രജയില്‍ നിന്നും പൗരനിലേക്കുള്ള പ്രജ്ഞാദൂരം പ്രതിബദ്ധതയുടെ പ്രതിജ്ഞാദൂരമാണ്.

പ്രീതി നഷ്ടത്തെ പ്രമേയമാക്കുന്നവര്‍ക്കും അതിനെ പ്രതിരോധിക്കുന്നവര്‍ക്കും പ്രചോദനമാകേണ്ടത് പ്രതിബദ്ധതയാകണം, പ്രതികാരമാകരുത്. മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org