

2026 ഫെബ്രുവരി 22 മുതൽ 27 വരെ ലിയോ പാപ്പയുടെ നോമ്പുകാല ധ്യാനം നടക്കുകയാണ്. ട്രാപ്പിസ്റ്റ് സന്യാസിയും ട്രോൺഡൈം രൂപതയുടെ ബിഷപ്പുമായ എറിക്ക് വാർഡൻ ആണ് അതു നയിക്കുന്നത്. Healing Wounds എന്ന പേരിൽ മനോഹരമായ ഒരു നോമ്പുകാല വിചിന്തനം അദ്ദേഹം എഴുതിയിട്ടുണ്ട്. മുറിവുകൾ നമ്മുടെ ജീവിതങ്ങൾക്ക് നൽകുന്ന പുതിയ ചിറകുകളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത്.
വേദന നിന്നെ ജ്ഞാനിയാക്കും. മുറിവ് നിന്നെ രൂപാന്തരപ്പെടുത്തും, ആഴമുള്ളവനാക്കും.
മുറിവുകൾ എന്ന് കേൾക്കുമ്പോഴേ നമുക്ക് വേദനിച്ചു തുടങ്ങും, അതിനെ പരാജയവും വീഴ്ചയുമായി കാണും, ഒഴിവാക്കാൻ വഴികൾ തേടും, സൗഖ്യപ്പെടുത്താൻ ഏതറ്റം വരെയും പോകും. കാരണം ഒരു കുറവുകളും ഇല്ലാത്ത, ശരീരവും ജീവിതവും ആണ് എല്ലാവരുടെയും സ്വപ്നം. ‘ശരീരത്തിന്റെ സ്വാസ്ഥ്യം,’ എന്ന ഭൂമിയിലെ സ്വർഗ്ഗം തേടിയാണ് ആധുനിക മനുഷ്യന്റെ യാത്രകളൊക്കെയും.
ഉത്ഥിനായ ഈശോ പ്രത്യക്ഷപ്പെടുന്നത് മുറിവുകളുമായിട്ടാണ്. വിജയിച്ച ആ ശരീരത്തിൽ എന്തിനായിരുന്നു പരാജയത്തിന്റെ/ സഹനത്തിന്റെ പാടുകൾ ഈശോ കൊണ്ടുനടന്നത്? വന്നുപോയ മുറിവുകൾ എല്ലാം മായ്ച്ച് കളഞ്ഞു പഴയ ശരീരത്തിലേക്ക് ഉത്ഥിതൻ തിരിച്ചു പോയില്ല. പകരം മുറിവുകൾ പഠിപ്പിച്ച പുതുവീക്ഷണങ്ങൾ ഉൾച്ചേർന്ന പുതിയ ശരീരം ഏറ്റെടുത്തു. അതൊരു പുതിയ അസ്തിത്വമാണ്. മനുഷ്യരെ സ്നേഹിക്കാൻ പഠിച്ചതിന്റെ ഓർമ്മ ആയിരുന്നു ക്രിസ്തുവിന് ആ മുറിവുകൾ. സ്നേഹം ബാക്കിവച്ച മുറിവുകൾ.
ആ മുറിവ് തൊട്ടും കണ്ടുമാണ് പുതുസാക്ഷികൾ ജനിച്ചത്. മുറിവുകൾ പരാജയമായി കാണാത്ത, അവ മറച്ചുവയ്ക്കാത്ത ക്രിസ്തു ഒരു വെളിപാടാണ്.
തകർന്ന മൺപാത്രങ്ങൾ സ്വർണമോ വെള്ളിയോ കലർന്ന പശ ഉപയോഗിച്ച് കൂട്ടിയോജിപ്പിക്കുന്ന ജാപ്പനീസ് കലയാണ് കിൻത്സുഗി. വൈദഗ്ദ്ധ്യം ആവശ്യമുള്ളതും വിലയേറിയതുമായ കലയാണത്. ഇതിൽ പൊട്ടിയ പാത്രത്തിന്റെ കേടുപാടുകൾ മറച്ചുവയ്ക്കുന്നില്ല പകരം ആ ചിന്നലുകൾ പാത്രത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി കണ്ട്, സ്വർണം കൊണ്ട് യോജിപ്പിച്ച് വിലപിടിപ്പുള്ളതാക്കുന്നു. പുതിയ പാത്രങ്ങളെക്കാൾ ഇവയ്ക്ക് മൂല്യം കൂടുതലാണ്. കാരണം അവ ചരിത്രവും അതിജീവനവും പേറുന്നു. മുറിവുകൾ ഒന്നും മറച്ചുവയ്ക്കാനോ മായിച്ചു കളയാനോ ഉള്ളതല്ല. അത് അതിജീവനത്തിന്റെ ഭാഗമാണെന്ന് ഉത്ഥിതൻ ഓർമ്മിപ്പിക്കുന്നു. ഇവിടെ സൗഖ്യം എന്നത് പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് അല്ല. പകരം മുറിവുകളുടെ അനുഭവങ്ങളുടെ വെട്ടത്തിൽ സഹാനുഭൂതിയുള്ള പുതിയ മനുഷ്യൻ ആവുകയാണ്.
മനുഷ്യന്റെ ദുർബലതകളും മുറിവുകളും ആണ് അവന്റെ ഏറ്റവും വലിയ ആത്മീയ സമ്പത്ത്. അതില്ലാത്തവൻ ആത്മീയമായി ദരിദ്രനായിരിക്കും എന്നാണ് വാർഡന്റെ പക്ഷം. മുറിവിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട രഹസ്യം, മുറിവിന്റെ വിടവുകളിലൂടെയാണ് കൃപയുടെ വെട്ടം മൺമനുഷ്യനിൽ പ്രവേശിക്കുക എന്നതാണ്. ദൈവകൃപയ്ക്ക് പ്രവേശിക്കാനുള്ള വാതിലുകളാണ് മുറിവുകൾ.
ഒരുപാട് മുറിവുകളുടെ മരുഭൂമിയിലാണ് നാം ജീവിക്കുന്നത്. രോഗത്തിന്റെ മുറിവുകൾ, ഒറ്റപ്പെടലിന്റെ മുറിവുകൾ, മരണം നൽകുന്ന നിതാന്ത മുറിവുകൾ, ധ്രുവീകരണത്തിന്റെ മുറിവുകൾ, മാനവലോകം ഒന്നിച്ചനുഭവിക്കുന്ന ഇല്ലായ്മയുടെ മുറിവുകൾ...
ലോകത്തിന്റെ ശ്രദ്ധ വേദനകളെ ഇല്ലാതാക്കാനുള്ള അനസ്തേഷ്യകളിൽ ആണ്. സ്ക്രീൻ നോക്കി റിലാക്സ് ആകാൻ, വാങ്ങിക്കൂട്ടി തൃപ്തനാകാൻ, മനംമയക്കുന്ന ആത്മീയതയിൽ ആശ്വസിക്കാനുള്ള തിരക്കിലാണ്...
വാർഡൻ പറയുന്നു: മുറിവുകളെയും ദുർബലതകളെയും ഓർമ്മിക്കാൻ പഠിക്കുക. ഓർമ്മിക്കാൻ മടിക്കുന്ന മുറിവുകളൊന്നും സൗഖ്യപ്പെടുകയില്ല. മുറിവുകളെ കുറിച്ചുള്ള ഓർമ്മകൾ നമ്മെ ക്രിസ്തുവിന്റെ മുറിവുകൾ വരെ കൊണ്ട് എത്തിക്കുന്നു. അതാണ് സൗഖ്യത്തിലേക്ക് നയിക്കുന്നത്.
സൗഖ്യത്തെയും വാർഡൻ പുനഃനിർവചിക്കുന്നുണ്ട്. സൗഖ്യം എന്നത് ശാരീരിക /മാനസിക സുഖത്തേക്കാൾ ഉപരി; ദൈവത്തെ പുകഴ്ത്താൻ നമ്മെ പ്രേരിപ്പിക്കുന്ന അവസ്ഥയുടെ പേരാണ്. ദൈവത്തെ പുകഴ്ത്താൻ എനിക്ക് പറ്റുന്നുണ്ടോ ഞാൻ സൗഖ്യപ്പെട്ടു!
ക്രിസ്തു മുറിവിനെ മാറ്റിയില്ല. അതുമായി പ്രത്യക്ഷപ്പെട്ടു. അതൊരു ചരിത്രമാണ്. നമ്മുടെ വേദനകൾ ഒന്നും ഇല്ലാതാക്കപ്പെടുന്നില്ല. അതെല്ലാം രൂപാന്തരപ്പെടുന്നു.
മുറിവിന്റെ വേദനയ്ക്കും അതിന്റെ പ്രതിസന്ധികൾക്കും ഒടുവിൽ എത്തുന്ന ഒരു പ്രത്യാശയെക്കുറിച്ച് കൂടി വാർഡൻ പറയുന്നു. ആ പ്രത്യാശക്ക് ഇരുട്ടിനെ പേടിയില്ല. ഇരുട്ടിലൂടെ നടന്നാണ് അത് പ്രഭാതത്തെ സമീപിക്കുന്നത്.
വേദന നിന്നെ ജ്ഞാനിയാക്കും. മുറിവ് നിന്നെ രൂപാന്തരപ്പെടുത്തും, ആഴമുള്ളവനാക്കും.